വരുന്ന പൊതു തെരഞ്ഞെടുപ്പ് ഇന്ത്യൻ ചരിത്രത്തിലെ ദശാസന്ധിയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
ചോ: എങ്ങനെയാണ് വരുന്ന പൊതു തെരഞ്ഞെടുപ്പിനെ സി.പി.എം വീക്ഷിക്കുന്നത്?
ഉ: 2019 ലെ പൊതുതെരഞ്ഞെടുപ്പ് സാധാരണ തെരഞ്ഞെടുപ്പ് പോലെയല്ല. മതേതര ജനാധിപത്യ രാജ്യമെന്ന ഭരണഘടന വിഭാവനം ചെയ്ത ഇന്ത്യയുടെ ഭാവി തന്നെയാണ് ഇത്തവണ നിർണയിക്കപ്പെടുന്നത്.
ചോ: സർക്കാരിന്റെ വീഴ്ചകളാണോ സി.പി.എം ഉയർത്തിക്കാട്ടുക?
ഉ: ഒരു സർക്കാരിന്റെ നേട്ടകോട്ടങ്ങൾ മാത്രം വിലയിരുത്തപ്പെടേണ്ട തെരഞ്ഞെടുപ്പല്ല ഇത്. ഇന്ത്യയിലെ മതേതര ജനാധിപത്യത്തെ രക്ഷിക്കേണ്ട തെരഞ്ഞെടുപ്പാണ്. സർക്കാരിന്റെ വാഗ്ദാനങ്ങളും വീഴ്ചകളും മാത്രം വിഷയങ്ങളാവുന്ന സാധാരണ തെരഞ്ഞെടുപ്പായി ഇതിനെ കാണാനാവില്ല. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ വഴിത്തിരിവാവുന്ന പോരാട്ടമാണ് നടക്കുന്നത്.
ചോ: എന്തുകൊണ്ടാണ് ഈ പൊതുതെരഞ്ഞെടുപ്പ് ഇത്ര നിർണായകമാവുന്നത്?
ഉ: നരേന്ദ്ര മോഡി സർക്കാർ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കുമെതിരെ രാജ്യം ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത വിധം ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാനങ്ങളായ മതേതര ജനാധിപത്യവും സാമ്പത്തിക സ്വാശ്രയത്വവും സാമൂഹിക നീതിയും ഫെഡറലിസവുമൊക്കെ ദുർബലമാക്കാൻ കഴിഞ്ഞ അഞ്ചു വർഷം ആസൂത്രിതമായ ശ്രമങ്ങളാണ് അരങ്ങേറിയത്. ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പറഞ്ഞത് ഇത്തവണ മോഡി അധികാരത്തിലേറിയാൽ ഇനി തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നാണ്. ബി.ജെ.പിയോ പ്രധാനമന്ത്രിയോ ഈ വാദം ഖണ്ഡിച്ചിട്ടില്ല. സാക്ഷി മഹാരാജ് വീണ്ടും മത്സരിക്കുന്നുമുണ്ട്.
ചോ: പ്രതിപക്ഷം ഒറ്റക്കെട്ടായി ബി.ജെ.പിയെ നേരിടുമോ?
ഉ: ഈ സർക്കാരിന്റെ പരാജയമുറപ്പാക്കുകയാണ് ജനങ്ങളുടെ മുന്നിലുള്ള പ്രാഥമിക ദൗത്യം. പകരം നമ്മുടെ ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുന്ന മതേതര ജനാധിപത്യ സംവിധാനം നിലവിൽ വരണം. അതിന് വേണ്ടിയായിരിക്കണം എല്ലാ ശ്രമങ്ങളും.
ചോ: എന്തായിരിക്കും പ്രതിപക്ഷ സഖ്യത്തിൽ സി.പി.എമ്മിന്റെ പങ്ക്?
ഉ: മോഡി സർക്കാരിനെ താഴെയിറക്കാനും മതേതര ജനാധിപത്യ പ്രതിബദ്ധതയുള്ള ബദൽ കൊണ്ടുവരാനും സി.പി.എമ്മും ഇടതു പാർട്ടികളും പ്രതിജ്ഞാബദ്ധമാണ്. അതിന് പതിനേഴാം ലോക്‌സഭയിൽ സി.പി.എമ്മിനും ഇടതു പാർട്ടികൾക്കും കൂടുതൽ ശക്തമായ സാന്നിധ്യം ഉണ്ടായിരിക്കണം. ഇന്ത്യയെ രക്ഷിക്കാനും വിധ്വംസക ശക്തികളെ തോൽപിക്കാനുമുള്ള പോരാട്ടമാണ് നടക്കുന്നത്.