'ചൗകിദാറി'നെ ചൊല്ലി തര്‍ക്കം; ജയ് മോഡി വിളികളുമായി ആള്‍കൂട്ടം ദളിത് യുവാക്കളെ ആക്രമിച്ചു

ഫാറൂഖാബാദ്- ചൗകിദാര്‍ വിളിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ ഫാറൂഖാബാദില്‍ ബിജെപി അണികള്‍ ഹര്‍ ഹര്‍ മോഡി വിളികളുമായി രണ്ടു ദളിത് യുവാക്കളെ ക്രൂരമായി തെരുവിലിട്ട് മര്‍ദിച്ചു. വാല്‍മികി സമുദായത്തില്‍പ്പട്ട ഒരു യുവാവിന് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കലിയടങ്ങാതെ ആക്രമികള്‍ ആശുപത്രിയിലെത്തിയും അക്രമമഴിച്ചുവിട്ടു. പരിക്കേറ്റ യുവാവിനൊപ്പമെത്തിയ ദളിത് സമുദായത്തില്‍പ്പെട്ടവരുമായി അക്രമികള്‍ വാഗ്വാദമുണ്ടാക്കുകയും ഇത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. അടിപിടിയില്‍ ഇരുവിഭാഗത്തിന്റേയും നാലു പേര്‍ക്കു കുടി പരിക്കേറ്റു. ഫറൂഖാബാദിലെ കോത്‌വാലി സദര്‍ മേഖലയിലെ മസേനി നഗലായിലാണ് സംഭവം. യുവാക്കളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഹര്‍ ഹര്‍ മോഡി വിളികളുമായി ആക്രമികള്‍ യുവാക്കളെ മര്‍ദിക്കുന്നത് ദൃശ്യത്തിലുണ്ട്.

ഫറൂഖാബാദ് ജില്ലാ ആശുപത്രി പരിസരത്ത് അടിപിടി നടന്നതോടെ ആശുപത്രി അധികൃതര്‍ പോലീസിനു വിവരം നല്‍കി. സംഭവമറിഞ്ഞ് പോലീസെത്തി. മര്‍ദനത്തില്‍ പ്രതിഷേധിച്ച് വാല്‍മികി സമുദായംഗങ്ങള്‍ ആക്രമികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പോലീസിനെ തടഞ്ഞു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പു നല്‍കിയതോടെയാണ് രോഷാകുലരായ ആള്‍ക്കൂട്ടം പിരിഞ്ഞത്.
 

Latest News