മക്ക - സൗദി അറേബ്യയും ബഹ്റൈനും യു.എ.ഇയും ഈജിപ്തും ഭീകര പട്ടികയിൽപെടുത്തിയ യൂസുഫ് അൽഖറദാവിയുടെ മുസ്ലിം വേൾഡ് ലീഗിനു (റാബിത്വ) കീഴിലെ ഇസ്ലാമിക് ഫിഖ്ഹ് അക്കാഡമി അംഗത്വം റാബിത്വ റദ്ദാക്കി. നാലു രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിറക്കിയ ഭീകര പട്ടികക്ക് റാബിത്വ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഭീകര വിരുദ്ധ പോരാട്ടത്തിനും ഭീകരതക്ക് പണം ലഭിക്കുന്ന ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള സൗദി അറേബ്യയുടെയും മറ്റു രാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് യൂസുഫ് അൽഖറദാവി അടക്കമുള്ളവരെ ഭീകര പട്ടികയിൽപെടുത്തിയ നടപടി വ്യക്തമാക്കുന്നത്.
ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾക്കും ഭീകരർക്ക് അഭയവും സഹായവും നൽകുന്നതിനും എതിരെ അന്താരാഷ്ട്ര സമൂഹം ശ്രമം ഊർജിതമാക്കണം. സൗദി അറേബ്യയും മറ്റു രാജ്യങ്ങളും ഭീകര പട്ടികയിൽപെടുത്തിയ സംഘടനകളുമായി എന്തെങ്കിലും ബന്ധമുള്ളവർ അവയിൽനിന്ന് എത്രയും വേഗം പിൻവാങ്ങണമെന്നും റാബിത്വ ആവശ്യപ്പെട്ടു.






