മസാജിന്റെ മറവില്‍ പീഡന ശ്രമം,  മലയാളിയ്ക്ക് യു.കെയില്‍ തടവ് 

ലണ്ടന്‍-ലൈംഗികാതിക്രമക്കേസില്‍ മലയാളിയായ മധ്യവയസ്‌കനെ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. പീറ്റര്‍ബറോയിലെ മലയാളിയായ ജോണ്‍ തോമസ് (54) നെയാണ് കേംബ്രിഡ്ജ് ക്രൗണ്‍ കോടതി ഇന്നലെ ശിക്ഷിച്ചത്. ഹണ്ടിങ്ടണിലെ കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നതിനിടെയുണ്ടായ സംഭവമാണ് കേസിലേക്കും ജയില്‍ ശിക്ഷയിലേക്കും നയിച്ചത്. കെയര്‍ ഹോമില്‍ കെയറായി ജോലി ചെയ്യുന്നതിനിടെ ഒരു യുവതിയെ അപമര്യാദയായി സ്പര്‍ശിച്ചതായി പരാതി ഉയര്‍ന്നതായി കോടതി വിധി ഉദ്ധരിച്ചുകൊണ്ട് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 2014 ലാണ് സംഭവം. അതിന് മുമ്പ് മറ്റൊരു സ്ത്രീയോടും അപമര്യാദയായി പെരുമാറിയിട്ടുള്ളതായി ആരോപണം ഉണ്ട്. രണ്ടാമത് ഉയര്‍ന്ന രണ്ട് ലൈംഗികാതിക്രമ സംഭവങ്ങളുടെ പേരിലാണ് ജയില്‍ ശിക്ഷ വിധിച്ചിട്ടുള്ളത്.
2017 ല്‍ ജോണ്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഒരു യുവതിയോട് രണ്ടു തവണ അപമര്യാദയായി പെരുമാറിയതായി ആരോപണം ഉയര്‍ന്നെങ്കിലും പ്രതി കുറ്റം നിഷേധിക്കുകയായിരുന്നു. യുവതിക്ക് ഹെഡ് മസാജ് നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് ജോണ്‍ തോമസ് അവകാശപ്പെട്ടത്. തുടര്‍ന്ന് കേംബ്രിഡ്ജ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇന്നലെയാണ് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ കോടതി വിധിച്ചത്. 
പരാതിക്കാരിക്ക് നഷ്ടപരിഹാരമായി ആയിരം പൗണ്ട് നല്‍കണമെന്നും പത്തുവര്‍ഷത്തേക്ക് കെയര്‍ ഹോമുകളില്‍ ജോണ്‍ തോമസ് ജോലി ചെയ്യുരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. 
ജോണ്‍ തോമസ് അതിരുകള്‍ ലംഘിച്ചതായി കേസ് അന്വേഷിച്ച കോണ്‍സ്റ്റബിള്‍ മാര്‍ക്ക് ആന്‍ഡ്രൂ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Latest News