Sorry, you need to enable JavaScript to visit this website.

പാകിസ്ഥാന്‍ ദേശീയ ദിനത്തിന് മോഡിയുടെ ആശംസ; ട്വീറ്റ് ചെയ്ത് ഇംറാന്‍ ഖാന്‍

ന്യൂദല്‍ഹി- പാക്കിസ്ഥാന്റെ ദേശീയ ദിനത്തില്‍ പാക് ജനതയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി അയച്ച സന്ദേശം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. മേഖലയില്‍ സമാധാനവും ജനാധിപത്യവും പുരോഗതിയും സംഘര്‍ഷ മുക്തമായ അന്തരീക്ഷവും ഉറപ്പാക്കാന്‍ ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നായിരുന്നു മോഡിയുടെ സന്ദേശം. പ്രധാനമന്ത്രി മോഡിയില്‍ നിന്നും ഈ സന്ദേശം ലഭിച്ചു എന്നറിയിച്ചായിരുന്നു ഇംറാന്റെ ട്വീറ്റ്.

മോഡിയുടെ സന്ദേശം സ്വാഗതം ചെയ്തതായി അദ്ദേഹം അറിയിച്ചു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇന്ത്യയുമായി സമഗ്ര ചര്‍ച്ച ആരംഭിക്കാന്‍ സമയമായെന്നാണ് തന്റെ വിശ്വാസമെന്നും മറുപടി സന്ദേശത്തില്‍ ഇംറാന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും സമാധാനത്തിന്റേയും സമൃദ്ധിയുടേയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കു വേണ്ടി പുതിയൊരു ബന്ധം രൂപപ്പെടുത്തേണ്ടെത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 23-നാണ് പാക്കിസ്ഥാന്റെ ദേശീയ ദിനമായി 'യൗമെ പാക്കിസ്ഥാന്‍' ആചരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥയ്ക്കു പിന്നാലെയാണ് പാക് ദേശീയ ദിനത്തില്‍ പാക്കിസ്ഥാന് മോഡിയുടെ ആശംസ.

ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ വെള്ളിയാഴ്ച ദേശീയ ദിന പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങളിലേക്ക് ജമ്മു കശ്മരീലെ വിഘടനവാദി നേതാക്കളെ ക്ഷണിച്ചെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ബഹിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.

Latest News