Sorry, you need to enable JavaScript to visit this website.

ഇസ്‌ലാമോഫോബിയ ചെറുത്തില്ലെങ്കിൽ അരാജകത്വം വ്യാപിക്കും -ഒ.ഐ.സി

റിയാദ് - ഇസ്‌ലാമോഫോബിയയും വിദ്വേഷ പ്രചാരണവും ചെറുത്തില്ലെങ്കിൽ ലോകത്ത് അരാജകത്വം വ്യാപിക്കുകയാകും ഫലമെന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ സെക്രട്ടറി ജനറൽ യൂസുഫ് അൽഉസൈമിൻ മുന്നറിയിപ്പ് നൽകി. ന്യൂസിലാൻഡിൽ മസ്ജിദുകളിലുണ്ടായ കൂട്ടക്കുരുതിയുടെ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുന്നതിന് തുർക്കിയിലെ ഇസ്താംബൂളിൽ ചേർന്ന ഒ.ഐ.സി വിദേശ മന്ത്രിമാരുടെ അടിയന്തര യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂസുഫ് അൽഉസൈമിൻ. 
ഇസ്‌ലാമോഫോബിയയും വിദ്വേഷ പ്രചാരണവും അനുദിനം വർധിച്ചുവരികയാണ്. വ്യത്യസ്ത ആശയ, ചിന്താധാരകൾ വെച്ചുപുലർത്തുന്ന തീവ്ര വലതുപക്ഷ കക്ഷികളെയും സർക്കാർ വിരുദ്ധ തീവ്രവലതുപക്ഷ കക്ഷികളെയും ഒന്നിപ്പിക്കുന്ന ഘടകം ഇസ്‌ലാമോഫോബിയ ആണ്. ഇത്തരം കക്ഷികളുടെ എണ്ണം മുമ്പില്ലാത്തവിധം വർധിച്ചുവരികയാണ്. വിദ്വേഷ പ്രചാരണത്തിന് അടിയന്തരമായി  തടയിട്ടില്ലെങ്കിൽ ലോകത്ത് സുരക്ഷാ ഭദ്രതയും സ്ഥിരതയും സമാധാനവുമുള്ള രാജ്യങ്ങളിലും അരാജകത്വം പ്രത്യക്ഷപ്പെടും. വിദ്വേഷ പ്രചാരണവും ഇസ്‌ലാമോഫോബിയയും വിലക്കിയില്ലെങ്കിൽ ന്യൂസിലാൻഡിലെ മസ്ജിദുകളിൽ ഉണ്ടായതിന് സമാനമായ കൂടുതൽ ആക്രമണങ്ങൾ നാം കാണേണ്ടിവരും. ലോകത്ത് സമാധാനത്തോടെ കഴിയുന്ന ജനസമൂഹങ്ങൾക്ക് ഭീഷണിയായി വിദ്വേഷ പ്രചാരണം മാറിയിട്ടുണ്ട്. 
തീവ്ര വലതുപക്ഷ ആശയ സംഹിതയുടെ അടിസ്ഥാനത്തിലുള്ള വിദ്വേഷ പ്രചാരണം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ച്, പാശ്ചാത്യ ലിബറൽ, ജനാധിപത്യ രാജ്യങ്ങളെയും അത് ലക്ഷ്യമിടുന്നു. വംശീയ വെറി ബാധിച്ച, ഏതു മതവിശ്വാസികളുമായ വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന അക്രമം പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കു നേരെ കണ്ണടക്കുന്നതിന് കഴിയില്ല. ഒ.ഐ.സിയിൽ അംഗങ്ങളായ രാജ്യങ്ങൾ തമ്മിലെ ക്രിയാത്മകമായ സഹകരണത്തിലൂടെ തീവ്രവാദവും ഭീകരവാദവും ഇല്ലാതാക്കുന്നതിന് കഴിയും. 
ഭീകരതക്ക് മതവും വംശവുമില്ല എന്ന കാര്യം ലോക നേതാക്കളോട് നാം വ്യക്തമാക്കണം. ന്യൂസിലാൻഡ് മസ്ജിദുകളിലുണ്ടായത് പൈശാചികവും നീചവുമായ കുറ്റകൃത്യമാണ്. ഇതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ലോകത്തെ ബാധിക്കും. മസ്ജിദുകളിലുണ്ടായ ഭീകരാക്രമണം ലോക മുസ്‌ലിംകളുടെയും മുഴുവൻ മനുഷ്യരുടെയും വികാരങ്ങളെ വ്രണപ്പെടുത്തി. പ്രേരകം എന്തു തന്നെയായാലും ഈ കൂട്ടക്കുരുതി നടത്തിയ ഭീകരൻ ഏറ്റവും കടുത്ത ശിക്ഷ അർഹിക്കുന്നതായി യൂസുഫ് അൽഉസൈമിൻ പറഞ്ഞു. ഭീകരാക്രമണത്തിനു ശേഷം ന്യൂസിലാൻഡ് ഗവൺമെന്റ് സ്വീകരിച്ച നടപടികളെ ഒ.ഐ.സി സെക്രട്ടറി ജനറൽ പ്രശംസിച്ചു. സംഭവത്തിൽ ഉടനടി അന്വേഷണം ആരംഭിച്ചും രാജ്യത്ത് കഴിയുന്ന മുസ്‌ലിംകൾക്ക് എല്ലാവിധ പിന്തുണകളും നൽകിയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച ന്യൂസിലാൻഡ് ഗവൺമെന്റിനെ പ്രശംസിക്കുകയാണ്.
സാമൂഹിക മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും തീവ്രവാദ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിന് ശക്തമായ നിയമങ്ങൾ നിർമിക്കേണ്ടത് ആവശ്യമാണെന്നും യൂസുഫ് അൽഉസൈമിൻ പറഞ്ഞു. 

Latest News