പാലക്കാട്-സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡനത്തിന് ഇരയായി എന്ന് പരാതിയുന്നയിച്ച യുവതിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവതി ഇന്നലെ ഉച്ചയോടെയാണ് പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയത്. ആരോപണ വിധേയനായ യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല.
വിവാദം ഉയര്‍ന്നതോടെ പ്രതിരോധത്തിലായ സി.പി.എം ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. പരാതിക്കാരിയും കുടുംബവും പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെന്നും മറ്റെല്ലാം വ്യാജമായ പ്രചാരണമാണെന്നും ആണ് സി.പി.എം ഏരിയ - ജില്ലാ നേതൃത്വങ്ങളുടെ ആരോപണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ അപമാനിക്കുന്നത് ഗൗരവമായാണ് കാണുന്നതെന്നും അതിനെതിരേ നിയമ നടപടി ആരംഭിക്കുമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. വിവാദത്തെ അപലപിച്ച് പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി.രാജേഷും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്‍.ഡി.എഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണ വിധേയനായ യുവാവിന് സംഘടനയുമായി ബന്ധമുണ്ടെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രേംനാഥും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കേസ് തേച്ചുമാച്ചു കളയാന്‍ സി.പി.എം ഉന്നതതല സമ്മര്‍ദം ചെലുത്തുകയാണെന്നാണ് യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും ആരോപണം. മൊഴി മാറ്റാന്‍ യുവതിക്കും കുടുംബത്തിനും മേല്‍ സമ്മര്‍ദം ശക്തമാണെന്നും കുഞ്ഞിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംരക്ഷണം വാഗ്ദാനം ചെയ്താണ് വിലപേശല്‍ നടക്കുന്നത് എന്നും കോണ്‍ഗ്രസും മുസ്‌ലിം ലീഗും ആരോപിക്കുന്നു. ലോക്കല്‍ പോലീസിനെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
വിവാദം സംസ്ഥാന തലത്തില്‍ സി.പി.എമ്മിന് ഉണ്ടാക്കിയിരിക്കുന്ന തലവേദന ചെറുതല്ല. മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പി.കെ.ശശി എം.എല്‍.എ ഉള്‍പ്പെട്ട പീഡന വിവാദവുമായി ബന്ധപ്പെട്ടാണ് കേസ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനെ പുതിയ വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ ജില്ലയിലെ സി.പി.എം വിഭാഗീയതക്കും പങ്കുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.