കൊല്ലം-രാജസ്ഥാന്‍ പെണ്‍കുട്ടിയെ തട്ടിയെടുത്ത സംഭവത്തില്‍ വാദി മറുനാട്ടുകാരായതിനാല്‍ കേസ് ഒതുക്കാന്‍ ശ്രമമെന്ന ആക്ഷേപം ശക്തമാകുന്നു. പെണ്‍കുട്ടിയെ മുമ്പും പീഡിപ്പിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ ആണ്‍കുട്ടികളെ പോലെ വളര്‍ത്താനാണ് പോലീസ് ഉപദേശിച്ചതെന്നും പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. ഓച്ചിറ പോലീസിന്റെ ഇടപെടലില്‍ ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. കുട്ടിയെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇതിനിടെ പോക്‌സോ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തെങ്കിലും സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ മുഖ്യപ്രതിയായ കേസ് ഒതുക്കാനാണ് ശ്രമമെന്നും ആക്ഷേപമുണ്ട്. ഏതായാലും തെരഞ്ഞെടുപ്പു കാലത്ത് വിഷയം സര്‍ക്കാരിനും ഇടതുമുന്നണിക്കുമെതിരെ ശക്തമായി ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പൊള്ളുന്ന അനുഭവങ്ങളാണ് ഓച്ചിറയില്‍ എത്തിയതിന് ശേഷം തനിക്കും കുടുംബത്തിനും ഉണ്ടായിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം പിതാവിന്റെ വെളിപ്പെടുത്തല്‍. ഒരു വര്‍ഷം മുന്‍പ് തന്റെ പെണ്‍മക്കള്‍ക്ക് നേരെ പീഡന ശ്രമം നടന്നിരുന്നു. സ്കൂളിലേക്ക് പോകും വഴി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയുമായിരുന്നു. അന്ന് ഓച്ചിറ പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് പെണ്‍മക്കളെ ആണ്‍കുട്ടികളായി തോന്നുന്ന വിധത്തില്‍ വളര്‍ത്തിയാല്‍ മതിയെന്നായിരുന്നു.
അതിനായുള്ള മാര്‍ഗവും പോലീസ് പറഞ്ഞു കൊടുത്തു. മുടി പറ്റെ വെട്ടി, ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചാല്‍ മതി എന്നായിരുന്നു. ഇതിന്‍ പ്രകാരം കുട്ടികളുടെ മുടി വെട്ടി ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചായിരുന്നു പുറത്ത് വിട്ടിരുന്നത്. ഇയാള്‍ക്ക് ഏഴ് കുട്ടികളാണ്. അഞ്ച് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിഷയം വലിയ ചര്‍ച്ചയായിട്ടുണ്ട്. പെണ്‍കുട്ടിയുമായി തട്ടിക്കൊണ്ടുപോയ സംഘം ബംഗളൂരുവില്‍ ഉണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് ഇവരെ പിന്‍തുടരുകയാണ്. റോഷന്‍, റോഷന്റെ സുഹൃത്തുക്കളായ പ്യാരി, വിപിന്‍, അനന്തു എന്നിവരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഇവരില്‍ റോഷന്‍ ഒഴികെ മറ്റുള്ളവര്‍ റിമാന്റിലാണ്്. കഞ്ചാവ് മാഫിയയുടെ കണ്ണികളാണ് പ്രതികളെന്നാണ് സൂചനകള്‍.
പ്യാരിക്കെതിരെ കഴിഞ്ഞ ആഴ്ച സമാന സംഭവത്തില്‍ ഓച്ചിറ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. അയല്‍വാസിയായ പതിനേഴുകാരിയെ വീട്ടില്‍ കയറി കടന്നുപിടിച്ചെന്നായിരുന്നു കേസ്. ഈ കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചു വരികയായിരുന്നുവെന്നാണ് ആക്ഷേപം. ഇതിനിടെയാണ് ഇയാള്‍ കൂടി ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 18ന് രാത്രിയില്‍ പത്തോടെയായിരുന്നു സംഭവം. റോഷന്റെ നേതൃത്വത്തിലെത്തിയ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോകുകയുമായിരുന്നു. ഈ സമയം പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പിതാവിനെ റോഷന്‍ ആക്രമിക്കുകയും കൈ കടിച്ചു മുറിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ ബലമായി പിടിച്ചു വലിച്ച് സമീപത്തുള്ള പരബ്രഹ്മാ ആശുപത്രിയുടെ മുന്നിലെത്തിക്കുകയും അവിടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പെണ്‍കുട്ടിയുമായി സംഘം കടന്നു. രാത്രിയില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം വിശ്രമിക്കുമ്പോഴാണ് റോഷനും സംഘവും ഇവിടെയെത്തിയതെന്ന് പിതാവ് പറയുന്നു. എത്തിയ പാടെ മകളെ പിടിച്ചു വലിച്ചു കൊണ്ടുപോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച എന്നെയും ഭാര്യയെയും മറ്റു മക്കളെയും സംഘം മര്‍ദിച്ചു. ഈ സമയം പെണ്‍കുട്ടി "പപ്പാ എന്നെ രക്ഷിക്കണേയെന്ന്' നിലവിളിക്കുന്നുണ്ടായിരുന്നു. മര്‍ദനമേറ്റ് താഴെ വീണിടത്തു നിന്നും ഇവരുടെ പിറകെ ഓടിച്ചെന്നെങ്കിലും അവര്‍ കാറില്‍ കയറ്റി മകളെ കൊണ്ടുപോയെന്ന് അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു.
റോഷന്‍ ഒരു മാസം മുന്‍പും ഈ രീതിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. പോലീസ് ഇവരെ കണ്ടെത്തിയെങ്കിലും ഇയാളുടെ പിതാവ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയായതിനാല്‍ പ്രമുഖ നേതാവ് ഇടപെട്ട് കേസ് ഒതുക്കിത്തീര്‍ത്തുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ റോഷന്‍ ഇവരുടെ വീട്ടില്‍ കയറി 25,000 രൂപ മോഷ്ടിച്ചു എന്ന പരാതിയുമുണ്ട്.