Sorry, you need to enable JavaScript to visit this website.

സ്വയം മായ്ച്ചുകളയുന്നതെന്തിന്?

അക്രമികളേയും സമൂഹത്തെ വിഭജിക്കുന്ന അവരുടെ ചിന്തകളേയുമാണ് ഒറ്റപ്പെടുത്തേണ്ടത്, അയാൾ പ്രതിനിധീകരിക്കുന്ന സമുദായത്തെയല്ല. നിസ്‌കാരത്തൊപ്പിയും താടിയുമുള്ള ഒരു പാവം വൃദ്ധനേയും ടി.വി സ്‌ക്രീനിൽ കാണുന്ന താടിക്കാരനായ ചാവേറിനേയും വിവേചിച്ചറിയാൻ വംശീയതയുടെ നിർവചനം നമ്മെ അനുവദിക്കുന്നില്ല. അവിടെയാണ് ന്യൂസിലാന്റിന്റെ മാതൃക.


നിങ്ങൾ ഒരു മുസ്‌ലിമാണോ? വംശീയ വെറിയുടേയും വർഗീയതയുടേയും തീവ്രദേശീയതയുടേയും ഭീകരവാദത്തിന്റേയും കാലത്ത് ഈ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി അസാധ്യമായിരിക്കുന്നുവെന്ന് ബ്രൗൺ ബോയ്: എ സ്റ്റോറി ഓഫ് റേയ്‌സ്, റിലിജ്യൻ ആന്റ് ഇൻഹെറിറ്റൻസ് എന്ന പുസ്തകത്തിന്റെ രചയിതാവ് ഉമർ അസീസ് പറയുന്നു. 'ഇങ്ങനെയൊരു ചോദ്യം ഉയരുമ്പോൾ, ഒഴിഞ്ഞുമാറുന്ന മറുപടിയാണ് ഞാൻ നൽകാറ്... ഞാൻ മുസ്‌ലിമായാണ് ജനിച്ചത്, അല്ലെങ്കിൽ എന്റെ മാതാപിതാക്കൾ മുസ്‌ലിംകളാണ്.. എന്നൊക്കെ. 9/11 ന് ശേഷം ജനിച്ചവർക്കും അതിന്റെ സാംസ്‌കാരിക ആഘാതങ്ങളിൽനിന്ന് മുക്തരാകാത്തവർക്കും മുസ്‌ലിമായിരിക്കുന്നതിന്റെ അപകടം മണക്കുന്നതുകൊണ്ടാണ് അദൃശ്യതയിലേക്ക് മറയാനുള്ള ഈ ഔത്സുക്യം. ഇങ്ങനെ ഒഴിഞ്ഞുമാറുന്നതിലൂടെ ഹൃദയത്തിന്റെ ഉള്ളിൽ താൻ ചെയ്യുന്നത് വെള്ളക്കാർക്ക് മുമ്പിൽ സുരക്ഷിതനായിരിക്കുക, നല്ലവനാണെന്ന് തോന്നിപ്പിക്കുക, ജീവിച്ചിരിക്കാൻ അർഹതയുള്ളവനാണെന്ന് ചിന്തിപ്പിക്കുക എന്നത് മാത്രമാണെന്നും ഉമർ അസീസ് നിരീക്ഷിക്കുന്നു. ഉള്ളിൽ നടക്കുന്ന മനഃശാസ്ത്രപരമായൊരു പരിണാമമാണത്.
ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിന്റെ ആഘാതത്തിൽനിന്ന് കരകയറാനും സ്വന്തം ജനതയെ ചേർത്തുപിടിക്കാനും ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ജസീന്ത ആർഡൻ കാണിക്കുന്ന താൽപര്യം സങ്കുചിത രാഷ്ട്രീയത്തിന്റേയും ദേശീയതാവാദത്തിന്റേയും വക്താക്കൾക്ക് പെട്ടെന്ന് മനസ്സിലാകുന്നതല്ല. ഉമർ അസീസ് പറഞ്ഞപോലെ പേടിച്ചരണ്ടു നിൽക്കുന്ന ഒരു ജനവിഭാഗത്തിന് ധൈര്യം പകരാൻ അവരുമായി എല്ലാ അർഥത്തിലും താദാത്മ്യം പ്രാപിക്കുകയാണ് വേണ്ടത്. അതിന് സാംസ്‌കാരികമായ അർഥതലങ്ങളുണ്ട്. അക്രമിയുടെ വെടിയേറ്റ് മരിച്ച മുസ്‌ലിം കുടുംബങ്ങളിലേക്ക് പർദയണിഞ്ഞെത്തി അവരെ, തോളോടുചേർത്ത് സമാശ്വസിപ്പിക്കാനും ഈ ഭീകരവൃത്തിയെ അപലപിക്കുന്ന പാർലമെന്റ് പ്രസംഗം 'അസ്സലാമു അലൈക്കും' എന്ന ഇസ്‌ലാമികാഭിവാദ്യത്തിൽ തുടങ്ങാനും അപ്രകാരം നീയും ഞാനും ഒന്നു തന്നെ എന്ന മഹത്തായ ഏകതാ സന്ദേശം പകരാനുമാണ് അവർ ശ്രമിച്ചത്. രാജ്യത്തിന്റെ കളങ്കമായി മാറിയ ഭീകരന്റെ പേര് പോലും ഉച്ചരിക്കില്ലെന്ന് പറഞ്ഞും, ആക്രമണത്തെ നീതീകരിച്ചവരെ ഒറ്റപ്പെടുത്തിയുമാണ് ന്യൂസിലാന്റ് ഈ സംഭവത്തോട് പ്രതികരിച്ചത്. ലോകത്ത് നിലനിൽക്കുന്ന ഇസ്‌ലാം ഭീതിയുടെ ആഴവും പരപ്പും മനസ്സിലാക്കുന്നവർക്ക് ന്യൂസിലാന്റിന്റെ ഈ നടപടികൾ നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല.
ആഗോള ഭീകരവാദത്തിനെതിരെ അതിശക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയമായ ഇന്ത്യ, പക്ഷേ ന്യൂസിലാന്റിലെ ആക്രമണത്തെ നിസ്സംഗമായാണ് വീക്ഷിച്ചത്. ഭീകര പ്രവർത്തനത്തെ ശക്തമായി അപലപിക്കാൻ പോലും നാം തയാറായില്ല. ഭീകരവാദത്തിന് നാം നൽകുന്ന നിർവചനത്തിന്റെ സവിശേഷത ഇതിലൂടെ വ്യക്തമാകുന്നുണ്ട്. ഒരു ഭീകരാക്രമണത്തിലെ ഇരകളും വേട്ടക്കാരും ആരായിരിക്കണമെന്നതു സംബന്ധിച്ച് നമുക്ക് വ്യക്തമായ മുൻധാരണയും കാഴ്ചപ്പാടുമുണ്ട്. ഒരു സംഭവത്തെ ഭീകരാക്രമണമെന്ന് വിളിക്കണമെങ്കിൽ പോലും അത് ചില പ്രത്യേക മതവിശ്വാസികൾ ചെയ്തതായിരിക്കണം. ഒരു അഭിമുഖത്തിൽ, പ്രശസ്ത മാധ്യമ പ്രവർത്തകനായ ടി.ജെ.എസ്. ജോർജ് പറഞ്ഞു, തന്റെ പേര് ജോർജ് എന്നല്ല, ജയചന്ദ്രൻ എന്നോ മുരളി എന്നോ ആകുന്നതായിരുന്നു നല്ലതെന്ന്. രാജ്യത്തെ സാമുദായിക സാഹചര്യങ്ങൾ അത്രത്തോളം അപകടകരമാണെന്ന് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഉമർ അസീസ് പറഞ്ഞതിന്റെ ഇന്ത്യൻ ഭാഷ്യം. വർഷങ്ങൾക്ക് മുമ്പ് ടി.ജെ.എസ് നടത്തിയ ഈ നിരീക്ഷണം കൂടുതൽ ശക്തിയാർജിക്കുകയല്ലാതെ ദുർബലമാകുന്നില്ല. ചേർത്തുപിടിക്കാൻ നമുക്കൊരു നേതാവില്ല. 
സ്വന്തം വ്യക്തിത്വം സ്വയം മായ്ച്ചുകളയുന്ന ദുര്യോഗം ഒരു മതവിഭാഗത്തെ പിടികൂടിയത് പെട്ടെന്നൊന്നുമല്ല. സ്വാതന്ത്ര്യത്തിന്റെയും ലിബറൽ ജനാധിപത്യത്തിന്റെയും പറുദീസയായി വാഴ്ത്തപ്പെടുന്ന അമേരിക്ക പോലും ഇത്തരം ദുരന്ത മുഖങ്ങളിൽ വംശീയതയുടെ ദംഷ്ട്രകൾ പുറത്തേക്കെടുത്ത കാഴ്ചയാണ് നാം കണ്ടത്. കമൽ ഹാസൻ, കമാൽ ഹസനാണെന്ന ധാരണയിൽ അവിടെ സൂക്ഷ്മ പരിശോധനക്ക് ഇരയാക്കപ്പെട്ടു. എ.പി.ജെ. അബ്ദുൽ കലാം എന്ന ഇന്ത്യൻ രാഷ്ട്രപതിക്ക് പോലും പേരിലടങ്ങിയ ദുര്യോഗത്തിൽനിന്ന് രക്ഷ നേടാനായില്ല. ഈ സവിശേഷ അന്തരീക്ഷത്തിലാണ് ന്യൂസിലാന്റ് മാതൃകയാകുന്നത്. ഭീകരന്റെ വെടിയുണ്ടകളേറ്റ് വീണ മുസ്‌ലിംകളെ അനുസ്മരിക്കാൻ ചേർന്ന പാർലമെന്റ് സമ്മേളനം ആരംഭിച്ചത് മുസ്‌ലിം പണ്ഡിതന്റെ ഖുർആൻ പാരായണത്തോടെയാണ്. ഈ പ്രത്യേക സമ്മേളനത്തിൽ ക്ഷണിതാക്കളായി ക്രിസ്ത്യൻ പുരോഹിതനും ഹിന്ദു സന്ന്യാസിയും പങ്കെടുത്തു. മുസ്‌ലിം സ്വത്വം മറച്ചുവെയ്ക്കാൻ നിർബന്ധിക്കപ്പെടുന്നതുവരെ ഇസ്‌ലാം ഭീതി പടർന്നു പന്തലിച്ച കാലത്താണിതെന്നോർക്കണം. മതാന്ധതയുടെ പേരിൽ വ്യാപിച്ച ഭീകരവാദമാണ് ഇതിന് കാരണമെന്നും അതിനാൽ മുസ്‌ലിംകൾക്ക് ഈ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും വാദിക്കുന്നവരിൽ ന്യൂസിലാന്റിലെ എം.പി ഫ്രേസർ മുതൽ, കേരളത്തിലെ നവോത്ഥാന നായകൻ സി.പി. സുഗതൻ വരെയുണ്ട്. ആ വാദം നിരർഥകമാണെന്നും ഏതാനും ചില  ആത്യന്തികവാദികളുടെ നടപടികൾക്ക് ഉത്തരം പറയാൻ ഒരു സമുദായം ബാധ്യസ്ഥമല്ലെന്നുമുള്ള മറുപടി ന്യൂസിലാന്റ് എന്ന രാജ്യം തന്നെ നൽകുമ്പോൾ അതിലടങ്ങിയ സന്ദേശം വളരെ വലുതാണ്.
അന്യവൽക്കരിച്ചും കുറ്റപ്പെടുത്തിയും ഒരു സമുദായത്തെ ഭീകരവാദത്തിന്റെ കെടുതികളിൽനിന്ന് മുക്തമാക്കാൻ നമുക്ക് സാധിക്കില്ല. സ്വന്തം പേരുകൾ പോലും മറച്ചുവെക്കാൻ അവരെ പ്രേരിപ്പിക്കുന്ന ഇസ്‌ലാമോഫോബിയയുടെ വൈതാളികരുടെ കൈയിലല്ല, ഭീകരവാദത്തിന്റെ പരിഹാരമുള്ളത്. മറിച്ച്, ന്യൂസിലാന്റ് ചെയ്തതുപോലെ ഹൃദയത്തോട് ചേർത്തുപിടിച്ചുകൊണ്ടു മാത്രമേ സാധ്യമാകൂ. 
നിറതോക്കുമായി പള്ളിയിലേക്ക് കടന്നുവന്ന വെള്ളക്കാരനെ ഹലോ ബ്രദർ എന്ന് പറഞ്ഞാണ് വിശ്വാസികൾ സ്വാഗതം ചെയ്തത്. എന്നാൽ നിമിഷങ്ങൾക്കകം അവർ രക്തത്തിൽ കുളിച്ച് പിടഞ്ഞുവീണു. അപരിഷ്‌കൃതരും യുദ്ധമോഹികളും അക്രമകാരികളുമായ വിഭാഗമായാണ് ഇസ്‌ലാമോഫോബിയയുടെ വക്താക്കൾ മുസ്‌ലിംകളെ ദീർഘകാലമായി ചിത്രീകരിക്കുന്നത്. യാഥാർഥ്യം നേരെ വിപരീതമാണ് എന്നതാണ് വസ്തുത. ഉൾക്കൊള്ളാനും നല്ല അയൽക്കാരായിരിക്കാനും പള്ളിയിലേക്ക് പ്രവേശിക്കുന്ന വെള്ളക്കാരനെ സഹോദരാ എന്ന് സ്വാഗതം ചെയ്യാനുമാണ് അവരാഗ്രഹിക്കുന്നതെന്ന് ഉമർ അസീസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ അവരുടെ കൊലയാളിയായി അയാൾ മാറുമ്പോൾ, കൊല ചെയ്യപ്പെടുന്നത് ഒരു സംസ്‌കാരം തന്നെയാണ്.
ന്യൂസിലാന്റിലെ രണ്ട് മുസ്‌ലിം പള്ളികളിൽ വിശ്വാസികൾക്ക് വെടിയേറ്റത് വെറുപ്പു നിറഞ്ഞ ഹൃദയമുള്ള ഒരാളിൽനിന്നല്ല, അയാളിൽ വിഷം നിറച്ച ആശയങ്ങളിൽനിന്നാണ്. വംശീയ മഹിമയുടെ ഹിംസാത്മകമായ ആശയങ്ങളാണ് അയാളെ സ്വാധീനിച്ചത്. 2017 ൽ ക്യൂബെക്കിൽ മുസ്‌ലിംകൾ വെടിയേറ്റ് മരിച്ചതും 2018 ൽ പിറ്റ്‌സ്ബർഗിൽ മുസ്‌ലിം കുടിയേറ്റക്കാരെ സഹായിച്ച ജൂതന്മാരെ സിനഗോഗിൽ കൂട്ടക്കൊല ചെയ്തതും ഇതേ ആശയധാരയുടെ വക്താക്കളാണ്. നോർവേയിൽ ഒരു വംശീയ ഭ്രാന്തൻ 77 പേരെ കൂട്ടക്കുരുതിക്കിരയാക്കിപ്പോഴും വിജയിച്ചത് വിഭജനത്തിന്റെ ആശയങ്ങളാണ്. ചാൾസ്ടണിൽ, പള്ളിയിലേക്ക് പോകുകയായിരുന്ന കറുത്ത വർഗക്കാരെ ഒരു വെള്ളക്കാരൻ അരിഞ്ഞുവീഴ്ത്തിയതും വംശീയതയുടെയും വർണത്തിന്റെയും മേധാവിത്വത്തിലുള്ള വിശ്വാസം കൊണ്ടായിരുന്നു. വെറുപ്പിന്റെ രോഗലക്ഷണങ്ങളാണ് എവിടെയും കാണാൻ കഴിയുന്നത്.
ഇസ്‌ലാമോഫോബിയ ഒരു അരിക് പ്രതിഭാസമല്ല, അത് പാശ്ചാത്യ സമൂഹത്തിൽ ആഴത്തിൽ വേരോടിയതാണ്. രണ്ട് ദശാബ്ദക്കാലമായി, മുസ്‌ലിം സമൂഹം ലോകത്തെവിടെയും നടക്കുന്ന ഭീകരാക്രമണത്തിന്റെയോ അക്രമത്തിന്റേയോ ദുർവഹഭാരം പേറാൻ നിർബന്ധിതരായിരിക്കുന്നു. എന്നാൽ ഈ മാനദണ്ഡം വെള്ളക്കാരായ ക്രിസ്ത്യാനികളോ മറ്റു മതസ്ഥരോ നടത്തുന്ന ആക്രമണങ്ങൾക്ക് ബാധകമല്ല, ആകാനും പാടില്ല. അതുകൊണ്ടാണ് ന്യൂസിലാന്റിലെ പള്ളിയിൽ നിരവധി പേരെ വെടിവെച്ചുകൊന്ന ക്രിസ്ത്യൻ വംശീയവാദിയുടെ പ്രവൃത്തി ലോക ക്രിസ്തീയ സമൂഹത്തിന് ഭാരമായി മാറാത്തത്. അക്രമികളേയും സമൂഹത്തെ വിഭജിക്കുന്ന അവരുടെ ചിന്തകളേയുമാണ് ഒറ്റപ്പെടുത്തേണ്ടത്, അയാൾ പ്രതിനിധീകരിക്കുന്ന സമുദായത്തെയല്ല. ന്യൂസിലാന്റ് എന്ന രാജ്യം മുന്നോട്ടുവെച്ച ഈ കാഴ്ചപ്പാടാണ് ശരി. നിസ്‌കാരത്തൊപ്പിയും താടിയുമുള്ള ഒരു പാവം വൃദ്ധനേയും ടി.വി സ്‌ക്രീനിൽ കാണുന്ന താടിക്കാരനായ ചാവേറിനേയും വിവേചിച്ചറിയാൻ വംശീയതയുടെ നിർവചനം പക്ഷേ നമ്മെ അനുവദിക്കുന്നില്ല. ആശയങ്ങളുമായാണ് അത് തുടങ്ങുന്നത്, പക്ഷേ അതിന്റെ അവസാനം അക്രമമാണ്. 
വംശീയത സൃഷ്ടിക്കുന്ന സംശയ ദൃഷ്ടികൾക്ക് മുമ്പിൽ നിങ്ങൾ പതറണോ? ഹന്ന ആരെന്റ് എഴുതി: ജൂതനായതിന്റെ പേരിൽ ആരെങ്കിലും ആക്രമിക്കപ്പെടുന്നുവെങ്കിൽ ജൂതനായിത്തന്നെ നിങ്ങൾ പ്രതിരോധിക്കുക. മുസ്‌ലിമായതിന്റെ പേരിൽ ആക്രമിക്കപ്പെടുകയാണെങ്കിൽ മുസ്‌ലിമായിതന്നെ പ്രതികരിക്കുക. അതുകൊണ്ട്, ഐ.എസും അൽ ഖാഇദയും ലഷ്‌കറെയും അതുപോലുള്ള അനേകം ഭീകര രൂപങ്ങളും ഇസ്‌ലാമല്ലെന്ന് വിളിച്ചുപറയുകയും അവരുടെ പ്രവൃത്തികളുടെ ഇരകൾ ഞങ്ങൾ തന്നെയെന്ന് ചൂണ്ടിക്കാട്ടുകയുമാണ് മുസ്‌ലിംകളുടെ കർത്തവ്യം. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡൻ പകരുന്ന ഈ സന്ദേശമുൾക്കൊള്ളാൻ ആഗോള മുസ്‌ലിം സമൂഹത്തിന് കഴിയണം. 

Latest News