Sorry, you need to enable JavaScript to visit this website.

ന്യൂസിലാൻഡ് ആക്രമണത്തിൽ മരിച്ചവർക്കു വേണ്ടി ഹറമുകളിൽ മയ്യിത്ത് നമസ്‌കാരം

ന്യൂസിലാൻഡ് ക്രൈസ്റ്റ്ചർച്ചിലെ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുരിച്ചവർക്കു വേണ്ടി മക്കയിലെ വിശുദ്ധ ഹറമിൽ ഇന്നലെ നടന്ന മയ്യിത്ത് നമസ്‌കാരത്തിൽനിന്ന്.

മക്ക - കഴിഞ്ഞ വെള്ളിയാഴ്ച ന്യൂസിലാൻഡ് ക്രൈസ്റ്റ്ചർച്ചിലെ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവർക്കു വേണ്ടി മക്കയിലെ വിശുദ്ധ ഹറമിലും മദീനയിൽ മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്‌കാരങ്ങൾ നടന്നു. ജുമുഅ നമസ്‌കാരം പൂർത്തിയായ ഉടനെയാണ് മയ്യിത്ത് നമസ്‌കാരം നിർവഹിച്ചത്. വിശുദ്ധ ഹറമിൽ ശൈഖ് ഡോ. മാഹിർ അൽമുഅയ്ഖിലിയും മസ്ജിദുന്നബവിയിൽ ശൈഖ് അബ്ദുല്ല അൽബഈജാനും  നേതൃത്വം നൽകി. 
ഇരു ഹറമുകളിലും നടന്ന മയ്യിത്ത് നമസ്‌കാരങ്ങളിൽ ലോകത്തിന്റെ നാനാദിക്കുകളിൽ നിന്ന് എത്തിയ ലക്ഷക്കണക്കിന് തീർഥാടകരും സ്വദേശികളും വിദേശികളും പങ്കെടുത്തു. 
ന്യൂസിലാൻഡ് ആക്രമണത്തിൽ മരിച്ചവർക്കു വേണ്ടി ഇരു ഹറമുകളിലും മയ്യിത്ത് നമസ്‌കാരം നിർവഹിച്ചത് ലോക മുസ്‌ലിംകളുടെ പ്രശ്‌നങ്ങളിൽ സൗദി ഭരണാധികാരികൾക്കുള്ള പ്രത്യേക താൽപര്യവും ശ്രദ്ധയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. വിശുദ്ധ ഹറമിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഹറംകാര്യ വകുപ്പ് പുറത്തുവിട്ടു. 
ഏതെങ്കിലും വിഭാഗക്കാർക്കെതിരായ വിദ്വേഷ പ്രചാരണം നടത്തുന്നതും അക്രമം പ്രേരിപ്പിക്കുന്നതും ഭീകരതയും തീവ്രവാദവുമാണെന്ന് ഹറം ഇമാം ശൈഖ് ഡോ. മാഹിർ അൽമുഅയ്ഖിലി പറഞ്ഞു. വിശുദ്ധ ഹറമിൽ ജുമുഅ ഖുതുബ നിർവഹിക്കുകയായിരുന്നു ഇമാം. സമൂഹങ്ങളിൽ അരാജകത്വം വ്യാപിപ്പിക്കുകയും മാനം പിച്ചിച്ചീന്തുകയും ചെയ്യുന്ന ഭീകരതയും തീവ്രവാദവും ദൈവിക മതങ്ങളും വിവേകവും നിരാകരിക്കുന്നു. സമാധാനത്തിലൂടെ സ്‌നേഹവും പരസ്പര സഹകരണവും പ്രചരിപ്പിക്കാം. ഇതിലൂടെ ലോകത്ത് അഭിവൃദ്ധിയും വളർച്ചയുമുണ്ടാകും. സമാധാനത്തിലൂടെയല്ലാതെ ഒരു സമൂഹത്തിന്റെയും കാര്യങ്ങൾ നേരാകില്ല. 
ഒരാൾക്കെതിരെയും അക്രമവും അനീതിയും പാടില്ല. ആരുടെയും അവകാശങ്ങൾ ഹനിക്കാനും പാടില്ല. എല്ലാതരം അക്രമവും അനീതിയും ഇസ്‌ലാം വിലക്കുന്നു. ഇസ്‌ലാമിലെ നീതി സമ്പൂർണവും സമഗ്രവുമാണ്. 
ഇസ്‌ലാമിന്റെ മാർഗശാസ്ത്രം സമാധാനമാണെന്ന് പ്രവാചകചര്യ പഠിപ്പിക്കുന്നു.  അവിശ്വാസികളായ ബന്ധുക്കളോടും അയൽവാസികളോടും ബന്ധം പുലർത്തുന്നതിനും അവർക്ക് നന്മ ചെയ്യുന്നതിനും തന്റെ അനുചരന്മാരെ പ്രവാചകൻ പഠിപ്പിച്ചു. ഇസ്‌ലാം സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഐക്യത്തിന്റെയും മതമാണെന്നും ഹറം ഇമാം വിശ്വാസികളെ ഉണർത്തി. 
അരാജകത്വം കുഴപ്പങ്ങളിലേക്കും ദുരന്തങ്ങളിലേക്കും മാത്രമാണ് നയിക്കുകയെന്ന് മസ്ജിദുന്നബവി ഇമാം ഖുതുബയിൽ പറഞ്ഞു. മാനവ കുലത്തിന്റെ വികാസത്തിനും മനുഷ്യ ജീവിതത്തിനും ഏറ്റവും അത്യന്താപേക്ഷിതമായ ഘടകം സുരക്ഷയും സമാധാനവുമാണ്. സുരക്ഷാ ഭദ്രതയും സമാധാവുമില്ലാത്തതു മൂലമുള്ള ദുരിതങ്ങൾ അനുഭവിച്ചവർക്കു മാത്രമേ സുരക്ഷയുടെയും സമാധാനത്തിന്റെയും വില അറിയുകയുള്ളൂ. ഏറ്റവും വലിയ അനുഗ്രഹമാണ് സുരക്ഷയും സമാധാനവും. നിരവധി രാജ്യങ്ങളിൽ അരാജകത്വം സൃഷ്ടിച്ച ദുരിതങ്ങളും ദുരന്തങ്ങളും നാം കൺമുന്നിൽ കണ്ടതാണ്. 
ദേശീയൈക്യം തകർക്കുന്നതിനും സുരക്ഷാ ഭദ്രതക്ക് ഭീഷണി സൃഷ്ടിക്കുന്നതിനും ഭരണാധികാരികൾക്കെതിരെ കലാപത്തിന് ഇറങ്ങിത്തിരിക്കുന്നവർക്കും മുന്നിൽ എല്ലാവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കണം. മുസ്‌ലിംകൾ ഒറ്റ ശരീരവും ഒറ്റ കെട്ടിടവും പോലെയാണ്. മുസ്‌ലിംകളിൽ പെട്ട ഒരാളെ ആക്രമിക്കുന്നത് മുഴുവൻ മുസ്‌ലിംകൾക്കും എതിരായ ആക്രമണത്തിന് സമമാണ്. 
ന്യൂസിലാൻഡിൽ മസ്ജിദിൽ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുത്തവരെ ലക്ഷ്യമിട്ടുണ്ടായ ഭീകരാക്രമണം ഏറ്റവും വലിയ ദുരന്തമായിരുന്നു. ഇതിന് ദൈവത്തിന്റെ അടുക്കൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുന്നതായും മസ്ജിദുന്നബവി ഇമാം പറഞ്ഞു. 

 

 

Latest News