Sorry, you need to enable JavaScript to visit this website.

ഇതേക്കാള്‍ മനോഹരമായി പറയാനാവില്ല; ന്യൂസിലാന്‍ഡില്‍ മുഴങ്ങിയ ഒരുമയുടെ വാക്കുകള്‍


കണ്ണീരും പ്രതീക്ഷകളുമായി അവര്‍ വീണ്ടും ഒത്ത് കൂടി. തങ്ങളുടെ പ്രിയപ്പെട്ടവര്‍ വെടിയേറ്റ് വീണ മണ്ണില്‍. അവരുടെ നാടിനും പ്രധാനമന്ത്രിക്കുമൊപ്പം. ന്യൂ സീലാന്‍ഡ് ഭീകരാക്രമണത്തിനു സാക്ഷിയാകേണ്ടി വന്ന ഇമാം ജമാല്‍ ഫൗദ പ്രധാനമന്ത്രി അടക്കമുള്ളവരുടെ സദസ്സില്‍ നടത്തിയ ഹൃദയ സ്പര്‍ശിയായ ജുമുഅ പ്രഭാഷണം.


മുസ്ലിം സഹോദരീ സഹോദരന്മാരെ, മാനവ സമൂഹത്തിലെ സഹോദരീ സഹോദരന്മാരെ ന്യൂസിലാന്‍ഡിലെ സഹോദരീ സഹോദരന്മാരെ, കഴിഞ്ഞ വെള്ളിയാഴ്ച ഇതേ പള്ളിയില്‍ നിന്നു കൊണ്ട് ഞാന്‍ ആ ഭീകരന്റെ കണ്ണുകളിലെ വിദ്വേഷവും വെറുപ്പും നോക്കി ക്കണ്ടു. അയാളാണ് 50 പേരെ കൊന്ന് രക്തസാക്ഷികളാക്കുകയും 42 പേരെ മുറിവേല്‍പ്പിക്കുകയും ലോകത്തുടനീളമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയം തകര്‍ത്തുകളയുകയും ചെയ്തത്. ഇന്ന് അതേ സ്ഥലത്ത് നിന്നു കൊണ്ട് ന്യൂസിലാന്‍ഡിലെയും ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള  ആയിരക്കണക്കിന് മനുഷ്യരുടെയും കണ്ണുകളില്‍ സ്‌നേഹവും ആര്‍ദ്രതയും ഞാന്‍ നോക്കി കാണുകയാണ്. ശരീരം കൊണ്ട് ഇവിടെ ഇല്ലെങ്കിലും മനസ്സുകൊണ്ട് നമ്മോടൊപ്പം ഉള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളും നിറഞ്ഞിരിക്കുന്നു.

 ലോകത്തെ കീറിമുറിച്ച ഒരു പൈശാചിക ആശയംകൊണ്ട് നമ്മുടെ രാജ്യത്തെയും കീറിമുറിക്കാം എന്നാണ് ആ ഭീകരന്‍ കരുതിയത്. പക്ഷേ ന്യൂസിലാന്‍ഡിനെ ഒരിക്കലും തകര്‍ക്കാനാവില്ലെന്ന് നാം കാണിച്ചു കൊടുത്തിരിക്കുന്നു.ലോകത്തിനു മുമ്പില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും  മാതൃകയായി നാം മാറിയിരിക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ തകര്‍ന്നിട്ടുണ്ട് . പക്ഷെ നാം ഒരിക്കലും തകര്‍ന്ന് പോയിട്ടില്ല. നാം ഇപ്പോഴും സജീവമായി തന്നെ ജീവിച്ചിരിക്കുന്നു. നമ്മള്‍ ഒറ്റക്കെട്ടാണ്.  നമ്മെ ഭിന്നിപ്പിക്കാന്‍ ആരെയും സമ്മതിക്കില്ല എന്ന് നാം തീരുമാനിച്ചിരിക്കുന്നു. നമ്മള്‍ ഓരോരുത്തരും പരസ്പരം സ്‌നേഹിക്കുവാനും പിന്തുണക്കാനും നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു.

വെള്ള മേധാവിത്വത്തിന്റെ  ഈ പൈശാചിക ആശയം നമുക്ക് ആഘാതം ഏല്‍പ്പിക്കുന്നത് ആദ്യമായല്ലെങ്കിലും ഇത്തവണത്തേത് കടുത്ത രീതിയില്‍ തന്നെയാണ്. കൊല്ലപ്പെട്ട ആളുകളുടെ എണ്ണം അത്ര അസാധാരണം അല്ലായിരിക്കാം. പക്ഷേ ന്യൂസിലാന്‍ഡ് കാണിച്ച ഐക്യദാര്‍ഢ്യം തികച്ചും അസാധാരണമാണ്. വിസ്മയകരമാണ്.

 മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളോട് ഞാന്‍ പറയട്ടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം വെറുതെയാവില്ല തന്നെ.  പ്രതീക്ഷയുടെ ഒരുപാട് വിത്തുകള്‍ അവര്‍ അവരുടെ ചോര കൊണ്ട് നനച്ചിരിക്കുന്നു.  ഐക്യത്തിന്റെയും  ഇസ്ലാമിന്റെയും മനോഹാരിത ലോകം അവരിലൂടെ ദര്‍ശിച്ചറിയും. ''ദൈവസരണിയില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരെന്ന് വിചാരിക്കരുത്. വാസ്തവത്തില്‍ അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരാകുന്നു;(ഖുര്‍ആന്‍)
 സ്ഥലങ്ങളില്‍ വെച്ച് ഏറ്റവും മികച്ച ഒരിടത്ത് വെച്ച്, നാളുകളില്‍ഏറ്റവും മികച്ച ഒരുനാളില്‍ തന്നെ നമ്മുടെ കൂട്ടത്തിലെ ഏറ്റവും നല്ലവരെ തന്നെയാണ് തിരിച്ചു വിളിക്കപ്പെട്ടിരിക്കുന്നത്. അതും കര്‍മ്മങ്ങളില്‍ ഏറ്റവും മനോഹരമായ ഒരു കര്‍മ്മം ചെയ്തു കൊണ്ടിരിക്കെ.  അവര്‍ ഇസ്ലാമിന്റെ രക്തസാക്ഷികള്‍ മാത്രമല്ല ന്യൂസിലാന്‍ഡിന്റെ രക്തസാക്ഷികള്‍ കൂടിയാണ്.

ഞങ്ങള്‍ക്ക് നിങ്ങളെ നഷ്ടപ്പെട്ടെങ്കിലും ന്യൂസിലാന്‍ഡിന്റെ അഖണ്ഡതക്കും ശക്തിക്കും നിങ്ങള്‍ ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. നിങ്ങളുടെ വേര്‍പാട് ഒരു ഉണര്‍ത്തുപാട്ടാണ്. നമ്മുടെ രാജ്യത്തിന് മാത്രമല്ല, മുഴുവന്‍ മനുഷ്യ സമൂഹത്തിനും.  
 നിങ്ങളുടെ രക്തസാക്ഷിത്വം ന്യൂസിലാന്‍ഡിന് നവജീവന്‍ പകര്‍ന്നു നല്‍കിയിരിക്കുന്നു .  ഒരുപാട് പേര്‍ക്ക് മുന്നോട്ട് വളരാനുള്ള അവസരമാണത് സൃഷ്ടിച്ചിരിക്കുന്നത്.

 എല്ലാ വൈവിധ്യങ്ങളെയും ആവാഹിച്ചിരിക്കുന്ന നമ്മുടെ ഈ മഹാ സംഗമം മാനുഷിക ഐക്യത്തിന്റെ സാക്ഷ്യപത്രമാണ്. നമ്മളെ വീണ്ടെടുക്കാന്‍ കരുത്തുള്ള സ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കുകയും വെറുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുക എന്ന  ലക്ഷ്യത്തിനു വേണ്ടിയാണ്  ആയിരക്കണക്കായ മനുഷ്യര്‍ ഇന്നിവിടെ ഒത്തു ചേര്‍ന്നിരിക്കുന്നത്.
 മറ്റു മനുഷ്യരോട് നന്ദി കാണിക്കാതെ ഒരിക്കലും നിങ്ങള്‍ക്ക് ദൈവം തമ്പുരാനോട് നന്ദി കാണിക്കാന്‍ ആവില്ലെന്ന് നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

 അതിനാല്‍ ന്യൂസിലാന്‍ഡിലെ ജനസമൂഹത്തോട് നമ്മള്‍ പറയുന്നു, നിങ്ങള്‍ക്ക് ഒരുപാട് നന്ദി.നിങ്ങള്‍ക്ക് നന്ദി. നിങ്ങളുടെ കണ്ണുനീരിനു നന്ദി. നിങ്ങളുടെ ഹാക്കക്ക് (സവിശേഷ ഐക്യദാര്‍ഡ്യ നൃത്തം) നന്ദി. നിങ്ങള്‍ നല്‍കിയ പൂച്ചെണ്ടുകള്‍ക്ക് നന്ദി. നിങ്ങളുടെ സ്‌നേഹത്തിനും സഹാനുഭൂതിയും നന്ദി.

നമ്മു പ്രധാനമന്ത്രിയോട് പറയട്ടെ. താങ്കള്‍ക്ക് നന്ദി. താങ്കളുടെ നേതൃത്വത്തിന് നന്ദി. ലോകത്തിലെ എല്ലാ  നേതാക്കള്‍ക്കും മുഴുവന്‍ അതൊരു മികച്ച മാതൃകയായിത്തീര്‍ന്നിരിക്കുന്നു.
 ഞങ്ങളുടെ കുടുംബങ്ങളെ ചേര്‍ത്തു പിടിച്ചതിന്,  ഒരു കൊച്ചു സ്‌കാഫ് കൊണ്ട് ഞങ്ങളെ ആദരിച്ചതിന് ഒരുപാട് നന്ദി.  ആര്‍ദ്രമായ താങ്കളുടെ വാക്കുകള്‍ക്കും കണ്ണുനീര്‍ത്തുള്ളികള്‍ക്കും  ഒരുപാട് നന്ദി.
 ഞങ്ങളില്‍ ഒരാളായി മാറിയതിന് താങ്കള്‍ക്ക് നന്ദി.
 ന്യൂസിലാന്‍ഡ് ഗവണ്‍മെന്റിനും ഒപ്പം ഞങ്ങള്‍ വിസ്മരിക്കപ്പെട്ടവരല്ലെന്നും ഞങ്ങള്‍ക്ക് വിലയുണ്ടെന്നും ബോധ്യപ്പെടുത്തിയ എല്ലാ അല്‍ഭുത മനുഷ്യര്‍ക്കും നന്ദി.  പോലീസ് സേനയ്ക്കും സന്നദ്ധസേവകര്‍ ക്കും നന്ദിപറയുന്നു.  എന്നും ഞങ്ങളുടെ ജീവനായിരുന്നല്ലോ  നിങ്ങളുടെ ജീവനേക്കാള്‍ നിങ്ങള്‍ വില കല്‍പ്പിച്ചത്.
 കൊലയാളിയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കാനായി വീടിന്റെ വാതില്‍ തുറന്നു വെച്ച എല്ലാ അയല്‍വാസികള്‍ക്കും ഒരുപാട് നന്ദി.  ഞങ്ങളെ സഹായിക്കാന്‍ കാറുമായി ഓടിയെത്തിയവര്‍ക്ക് നന്ദി.  ഞങ്ങള്‍ പൊറുതിമുട്ടിയപ്പോള്‍ ഭക്ഷണം തന്ന് സഹായിച്ചവര്‍ക്ക് നന്ദി.  ന്യൂസിലാന്‍ഡേ നിങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ക്ക് നന്ദി. സ്‌നേഹവും കരുതലും എന്താണെന്ന് ലോകത്തെ പഠിപ്പിച്ചതിനു നിങ്ങള്‍ക്ക് നന്ദി.

 ഇന്നിവിടെ നമസ്‌കാരത്തിനായി ഒത്തുചേര്‍ന്ന സഹോദരീസഹോദരന്മാരെ ഒരിക്കല്‍ കൂടി ഒന്നിച്ചു ചേര്‍ന്നതിന് നിങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു.  നമുക്ക് സംഭവിച്ച ആഘാതത്തിന് ശേഷം വലിയ നഷ്ടം നമ്മള്‍ അനുഭവിക്കുന്നുണ്ട്. പക്ഷേ അല്ലാഹു നമുക്ക് നല്‍കിയ വാഗ്ദത്തം യാഥാര്‍ത്ഥ്യമാകുന്നു.
 ' ഈ സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കയും ഏതാപത്തു ബാധിക്കുമ്പോഴും 'ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ, അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും' എന്ന് പറയുകയും ചെയ്യുന്നവരെ സുവാര്‍ത്തയറിയിച്ചു കൊള്ളുക. അവര്‍ക്ക് തങ്ങളുടെ നാഥനില്‍ നിന്ന് വലുതായ അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. അവന്റെ കാരുണ്യം അവര്‍ക്ക് തണലേകുകയും ചെയ്യും'. (ഖുര്‍ആന്‍ 2: 157)

  നിങ്ങളുടെ പ്രകടിപ്പിച്ച കരുത്തിനും വിട്ട് വീഴ്ച്ചക്കും നിങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തിയ ദേഷ്യത്തിനും കവിഞ്ഞൊഴുകിയ നിങ്ങളുടെ ദയാവായ്പിനും നന്ദി. നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും മറ്റുള്ളവര്‍ വീഴുമായിരുന്ന സന്ദര്‍ഭത്തില്‍ ഉയര്‍ന്ന് നിന്നതിനും നന്ദി.

 ഇസ്ലാമോഫോബിയ നമ്മളെ കൊല്ലും. മുസ്ലിംകള്‍ മുമ്പും അതിന്റെ വേദന അനുഭവിച്ചവരാണ്.  കാനഡയില്‍ അത് ആളുകളെ കൊന്നിട്ടുണ്ട്. നോര്‍വേയില്‍ നമുക്ക് എതിരെയും യുകെയിലും യുഎസിലും നിരപരാധികളായ മനുഷ്യക്കെതിരെയും അത് ഉപയോഗിച്ചിട്ടുണ്ട്. ലോകത്ത് പലയിടത്തും അങ്ങനെതന്നെ.

 ഇസ്ലാമോഫോബിയ ഒരു യാഥാര്‍ത്ഥ്യമാണ്. മുസ്ലിംകളെ അപമാനവീകരിക്കാനും യുക്തിരഹിതമായി ഭയപ്പെടാനും ജനങ്ങളെ പ്രേരിപ്പിക്കലാണവരുടെ ലക്ഷ്യം.  നാം ധരിക്കുന്ന വസ്ത്രത്തെ പേടിക്കാന്‍, നമ്മള്‍ ഇഷ്ടപ്പെടുകയും തിന്നുകയും ചെയ്യുന്ന ഭക്ഷണത്തെ പേടിക്കാന്‍, നമ്മുടെ പ്രാര്‍ത്ഥനാ രീതിയെ പേടിക്കാന്‍, നമ്മുടെ വിശ്വാസത്തെയും ആചാരങ്ങളെയും പേടിക്കാന്‍. അതാണവര്‍ പറയുന്നത്.

 വിദ്വേഷ പ്രഭാഷണങ്ങളും പേടിയുടെ രാഷ്ട്രീയവും അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്ന് ന്യൂസിലാന്‍ഡിനോടും അയല്‍രാജ്യങ്ങളോടും ലോക ഭരണകൂടങ്ങളോടും നമ്മള്‍ അഭ്യര്‍ഥിക്കുകയാണ്.

 50 പേര്‍ രക്ത സാക്ഷികള്‍ ആകേണ്ടി വന്നതും 42 പേര്‍ക്ക് മുറിവേറ്റതും ഒരുനാള്‍ കൊണ്ടുണ്ടായ യാദൃശ്ചികതയല്ല. ചില രാഷ്ട്രീയനേതാക്കളും മീഡിയകളും ഒക്കെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാംവിരുദ്ധ മുസ്ലിംവിരുദ്ധ മുദ്രാവാക്യങ്ങളുടെ അനന്തരഫലമാണത്.  ഭീകരതക്ക് വര്‍ണ്ണമോ വംശമോ മതമോ ഇല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ സംഭവങ്ങളാണ് കഴിഞ്ഞയാഴ്ച നടന്നത്.

 വ്യാപകമായിക്കൊണ്ടിരിക്കുന്ന വെള്ള വംശീയതയും വലതുപക്ഷ തീവ്രവാദവും ആഗോള സമൂഹത്തിന് വമ്പിച്ച ഒരു ഭീഷണിയായി തീര്‍ന്നിരിക്കുന്നു .ഇത് അവസാനിപ്പിച്ചേ മതിയാവൂ. ഇന്നിവിടെ ഒത്തുകൂടിയ മുസ്ലിംകളും അല്ലാത്തവരുമായ എന്റെ എല്ലാ സഹോദരീ സഹോദരന്മാരോടും ഈ വിഷമഘട്ടത്തില്‍ നമ്മെ സഹായിക്കാനും പിന്തുണക്കാനും ആയി ഇവിടെ എത്തിയ  എല്ലാ അന്താരാഷ്ട്ര അതിഥികളോടും ഞാന്‍ നന്ദി പറയുന്നു. അല്ലാഹുവേ ഞങ്ങളോട് നീ കാരുണ്യം കാണിക്കേണമേ.  അല്ലാഹുവേ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടവരോട് നീ കാരുണ്യം കാണിക്കേണമേ. അവര്‍ക്ക് നീ സ്വര്‍ഗ്ഗത്തില്‍ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കേണമേ.  അല്ലാഹുവേ പരിക്കേറ്റവര്‍ക്ക് സമാശ്വാസവും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമയും നല്‍കേണമേ. അല്ലാഹുവേ ഞങ്ങളുടെ നാടും രാജ്യവുമായ ന്യൂസിലന്‍ഡിന് സമാധാനവും സുരക്ഷയും നല്‍കുകയും അതിനെയും അവിടുത്തെ ജനങ്ങളെയും എല്ലാ പൈശാചികത കളില്‍ നിന്നും കാത്തുരക്ഷിക്കുകയും ചെയ്യേണമേ. അല്ലാഹുവേ ലോകത്തിനു മുഴുവന്‍ ശാന്തിയും സുരക്ഷയും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കണമേ. ന്യൂസിലാന്‍ഡിന് സുരക്ഷ നല്‍കേണമേ. അല്ലാഹുവേ ന്യൂസിലാന്‍ഡിലെ മനുഷ്യര്‍ക്കും ലോകത്തിനും നീ രക്ഷ നല്‍കേണമേ.
ഭാഷാ മാറ്റം: കെ.മുഹമ്മദ് നജീബ്. (കടപ്പാട്: The Guardian)

 

Latest News