Sorry, you need to enable JavaScript to visit this website.

ബിജെപി കേന്ദ്ര നേതാക്കള്‍ക്ക് യെഡിയൂരപ്പ 1800 കോടി കോഴ നല്‍കി; വെട്ടിലാക്കി ഡയറിക്കുറിപ്പ്

ന്യൂദല്‍ഹി- മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബി.എസ് യെഡിയൂരപ്പ ബിജെപി കേന്ദ്ര നേതാക്കള്‍ക്ക് 1800 കോടിയിലേറെ രൂപ കോഴയായി നല്‍കിയ രേഖകള്‍ ദി കാരവന്‍ മാസിക പുറത്തു വിട്ടു. ബിജെപി നേതാക്കള്‍ക്ക് ഓരോരുത്തര്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കിയ തുക വ്യക്തമായി യെഡിയൂരപ്പയുടെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറിക്കുറിപ്പുകളാണ് പുറത്തായത്. ഈ രേഖകള്‍ 2017 മുതല്‍ ആദായ നികുതി വകുപ്പിന്റെ കൈവശമുണ്ടെന്നും എന്നാല്‍ ഇതുവരെ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ അന്വേഷണം നടത്തിയില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദേശീയ നേതാക്കള്‍ക്കും കേന്ദ്ര കമ്മിറ്റിക്കുമാണ് യെഡിയൂരപ്പ കോടികളുടെ കോഴ നല്‍കിയിരിക്കുന്നത്.

ബിജെപി കേന്ദ്ര കമ്മിറ്റിക്ക് 1000 കോടി നല്‍കിയായി യെഡിയൂരപ്പ എഴുതി ഒപ്പിട്ട ഡയറിക്കുറിപ്പിന്റെ പകര്‍പ്പാണ് ആദായ നികുതി വകുപ്പിന്റെ പക്കലുള്ളത്. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങിനും നിതിന്‍ ഗഡ്കരിക്കും 150 കോടി രൂപ വീതമാണ് നല്‍കിയിട്ടുള്ളത്. തലമുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും. ഗഡ്കിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നല്‍കിയതായും ഡെയിയൂരപ്പ ഡയറിയില്‍ എഴുതിയിട്ടുണ്ട്. ഇതു കൂടാതെ ജഡ്ജിമാര്‍ക്ക് 250 കോടി രൂപയും കേസ് ഫീസ് ഇനത്തില്‍ അഭിഭാഷകര്‍ക്ക് 50 കോടി നല്‍കിയതായും അദ്ദേഹം എഴുതിവച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടില്ല.

ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും പണം നല്‍കിയ കണക്ക് 2009 ജനുവരി 17 എന്ന തീയതിക്കു താഴെയാണ് എഴുതിയിരിക്കുന്നത്. ബിജെപി കേന്ദ്ര കമ്മിറ്റിക്ക് പണം നല്‍കിയത് 2009 ജനുവരി 18 എന്ന വരിക്കു താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ തീയതികളില്‍ തന്നെയാണോ പണം നല്‍കിയതെന്നും പിന്നീട് എഴുതിയതാണോ എന്നും വ്യക്തമല്ല. 2008 മേയ് മുതല്‍ 2011 ജൂലൈ വരെയാണ് യെഡിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നത്. ഡയറിയുടെ ഓരോ പേജിലും യെഡിയൂരപ്പയുടെ ഒപ്പും ഉണ്ട്.

ഇതു സംബന്ധിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല. അതേസമയം ഈ കണക്കുകള്‍ക്ക് ബിജെപി മറുപടി പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ഈ റിപോര്‍ട്ട് ശരിയാണെന്നും തെറ്റാണെങ്കിലും ബിഎസ് ഡെഡിയൂരപ്പയുടെ ഒപ്പുള്ള ഡയറി 2017 മുതല്‍ ആദായ നികുതി വകുപ്പിന്റെ കൈവശമുണ്ട്. എന്നിരിക്കെ മോഡിജിയും ബിജെപിയും എന്തു കൊണ്ട് ഇതു അന്വേഷിച്ചില്ല?- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ചോദിച്ചു. യെഡിയൂരപ്പ നല്‍കിയ കോടികളുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്ന് വെളിച്ചത്തു വരേണ്ടതുണ്ടെന്നും പുതുതായി രൂപീകരിച്ച ലോക്പാല്‍ അന്വേഷിക്കുന്ന ആദ്യ കേസാകാന്‍ ഇതു യോഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News