ലോകത്തിനു മാതൃകയായി ന്യൂസിലാന്‍ഡ്‌; വെറുപ്പിന്റെ ശക്തികളെ തോല്‍പിക്കാന്‍ ആയിരങ്ങള്‍

ക്രൈസ്റ്റ്ചര്‍ച്ച്- ന്യൂസിലാന്‍ഡ് ജനതയുടെ കണ്ണീരിനും പ്രാര്‍ഥനക്കും ഇന്ന് ജുമുഅ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയ ഇമാം ജമാല്‍ ഫൗദ നന്ദി പറഞ്ഞു. രണ്ട് പള്ളികളിലായി 50 പേരെ വെടിവെച്ചു കൊന്ന ഭീകരാക്രമണം ഒരാഴ്ച പൂര്‍ത്തിയാക്കിയ ഇന്ന് പ്രാര്‍ഥനക്കായുള്ള ബാങ്ക് വിളി ഔദ്യോഗികമായി പ്രക്ഷേപണം ചെയ്തും ചടങ്ങകളില്‍ രണ്ട് മിനിറ്റ് മൗനമാചരിച്ചും ന്യുസിലാന്‍ഡ് അനുസ്മരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ആക്രമണം നടന്ന പള്ളികളിലൊന്നായ അല്‍നൂര്‍ മസ്ജിനു സമീപം ഒത്തുചേര്‍ന്ന ആയിരങ്ങളില്‍ പ്രധാമന്ത്രി ജസീന്ത ആര്‍ഡെനുമുണ്ടായിരുന്നു.
ന്യൂസിലാന്‍ഡും നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. നമ്മള്‍ ഒന്നാണ്- മുസ്്‌ലിം സമുദായത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
ഓസ്ട്രിലയക്കാരനായ വംശീയ വെറിയന്‍ ബ്രെന്റണ്‍ ടാറന്റ് നടത്തിയ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതിനു പുറമെ, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇരകളുടെ ദുഃഖത്തില്‍ രാജ്യമൊന്നടങ്കം പങ്കാളികളായ ഇന്ന് ആയിരങ്ങളാണ് അല്‍ നൂര്‍ മസ്ജിദിനു സമീപം ഹാഗ് ലേ പാര്‍ക്കില്‍ ഒത്തുചേര്‍ന്നത്. ദേശീയ ടെലിവിഷനിലും റോഡിയോയിലും പ്രാദേശിക സമയം 1.30ന് (ജി.എം.ടി 00:30) ബാങ്ക് വിളി പ്രക്ഷേപണം ചെയ്യുകയും തുടര്‍ന്ന് രണ്ട് മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു.
വിശ്വാസികള്‍ ഒരു ശരീരം പോലെയാണെന്നും ഒരു ഭാഗം വേദനിച്ചാല്‍ ശരീരം മുഴുവന്‍ വേദനിക്കുമെന്നുമുള്ള പ്രവാചക വചനം പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ അനുസ്മരിച്ചു. വിവിധ മതക്കാരായ ധാരാളം വനിതകള്‍ ശിരോവസ്ത്രം ധരിച്ചുകൊണ്ടാണ് പാര്‍ക്കിലെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദശലക്ഷങ്ങളുടെ ഹൃദയമാണ് തോക്കുധാരി തകര്‍ത്തതെന്ന് ഇമാം ജമാല്‍ ഫൗദ പറഞ്ഞു. ഹൃദയം തകര്‍ന്നുവെങ്കിലും നമ്മള്‍ തകര്‍ന്നിട്ടില്ല. നമ്മള്‍ ജീവിക്കുന്നു, നമ്മളൊന്നാണ്, വിഭജിക്കാന്‍ ആരേയും അനുവിദിക്കില്ലെന്ന്് പ്രതിജ്ഞയെടുക്കാം- ഇമാം പറഞ്ഞു.
 

 

Latest News