കാസര്‍കോട്- പള്ളി ഇമാമിനെ ഇരുളിന്റെ മറവില്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാം സുള്ള്യ സ്വദേശി അബ്ദുല്‍ നാസര്‍ സഖാഫി (26)യെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ നെല്ലിക്കുന്ന് വലിയ പള്ളിക്ക് സമീപത്തെ കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ വഴിയില്‍ വെച്ചായിരുന്നു ആക്രമം. അബോധാവസ്ഥയില്‍ ഇടവഴിയില്‍ വീണ് കിടക്കുന്നത് കണ്ട ഇമാമിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് കരുതുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.