ന്യൂദൽഹി- മുതിർന്ന നേതാവ് എൽ.കെ അദ്വാനിയിൽനിന്ന് സീറ്റ് എടുത്തുമാറ്റി പകരം അമിത് ഷാക്ക് നൽകുന്നതിലൂടെ ബി.ജെ.പിയിൽ സംഭവിച്ചത് സമ്പൂർണ തലമുറ മാറ്റം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തന്നെ അദ്വാനിയുടെ കാലം ഏറെക്കുറെ കഴിഞ്ഞിരുന്നുവെങ്കിലും ഇന്നലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അദ്വാനിയുടെ കാലം കഴിഞ്ഞു എന്നതിന്റെ കൂടി പ്രഖ്യാപനമായിരുന്നു. അദ്വാനി കാലങ്ങളായി മത്സരിച്ച് ജയിച്ചുവരുന്ന ഗുജറാത്തിലെ ഗാന്ധി നഗറിൽ മത്സരിക്കാനെത്തുന്നത് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായാണ്. പാർട്ടിയുടെ തലപ്പത്ത്‌നിന്ന് മത്സരിക്കാനായി അമിത് ഷാ അദ്വാനിയുടെ തട്ടകത്തിൽതന്നെ പറന്നിറങ്ങുന്നതോടെ ഒരുകാലത്ത് ബി.ജെ.പി രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ അദ്വാനിയുടെ കാലത്തിന് പൂർണവിരാമമായി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞടുപ്പുകാലത്ത് തന്നെ ഏറെ പടവെട്ടിയ ശേഷമാണ് അദ്വാനിക്ക് ഗാന്ധിനഗറിൽനിന്ന് സീറ്റ് ലഭിച്ചത്. മോഡിയുടെ ഗുഡ്ബുക്കിൽ ഇടംലഭിക്കാത്ത അദ്വാനിയെ തുടക്കത്തിൽ തന്നെ വെട്ടാനുള്ള നീക്കം മോഡി നടത്തിയിരുന്നു. എന്നാൽ മറ്റ് മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്ന് അവസാനം അദ്വാനിക്ക് ഗാന്ധിനഗറിൽനിന്ന് തന്നെ സീറ്റ് ലഭിച്ചു. മറ്റ് സീറ്റിലേക്ക് മാറ്റാനുള്ള നീക്കത്തെ പ്രതിരോധിക്കാൻ അദ്വാനിക്ക് കഴിഞ്ഞു. അതേസമയം, മന്ത്രിസഭയിൽ കാര്യമായ ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മോഡി തടഞ്ഞു. ഒരുകാലത്ത് ബി.ജെ.പി ഉരുക്കുമനുഷ്യൻ എന്ന് പ്രഖ്യാപിച്ച അദ്വാനി കഴിഞ്ഞ അഞ്ചുവർഷവും പൂർണമായും തഴയപ്പെട്ടു. മോഡിയുടെയോ ബി.ജെ.പിയുടെയോ നിഴലിൽ പോലും അദ്വാനിയെ കാണാൻ കഴിഞ്ഞില്ല. ഏറ്റവുമൊടുവിൽ ബി.ജെപിയുടെ ഏറ്റവും ശക്തനായ പ്രസിഡന്റ് എന്ന് അറിയപ്പെടുന്ന അമിത് ഷായെ രംഗത്തിറക്കി അദ്വാനിയെ എന്നെന്നേക്കുമായി അടിച്ചമർത്തുകയും ചെയ്തു.
രണ്ടാം വട്ടവും അമേത്തിയിൽ സീറ്റ് ലഭിച്ച സ്മൃതി ഇറാനി ഒരിക്കൽ കൂടി രാഹുലിനെ നേരിടാനെത്തുന്നതും മോഡിയുടെയും അമിത് ഷായുടെയും അനുഗ്രഹാശിസുകളോടെയാണ്. കഴിഞ്ഞ തവണ തോറ്റെങ്കിലും സ്മൃതി ഇറാനിക്ക് മന്ത്രിസഭയിൽ ഇടംനൽകാൻ മോഡി തയ്യാറായിരുന്നു. ആദ്യം പ്രമുഖ വകുപ്പുകൾ നൽകിയെങ്കിലും പിന്നീട് സ്മൃതി ഇറാനിയെ അപ്രധാന വകുപ്പുകളിലേക്ക് മാറ്റി. എങ്കിലും മോഡിയുടെ ഗുഡ്ബുക്കിൽ സ്മൃതി ഇറാനി എന്നുമുണ്ടായിരുന്നു.






