അരുണാചൽ പ്രദേശിൽ ഒരു വോട്ടറെത്തേടി പോളിംഗ് ഉദ്യോഗസ്ഥർക്ക് കാൽനടയായി സഞ്ചരിക്കേണ്ടി വരിക ആറു കിലോമീറ്ററാണ്...
രാജ്യത്തെ ഏറ്റവും പ്രയാസകരമായ പാതകളിലൂടെ ഇരുപതോളം പോളിംഗ് ഉദ്യോഗസ്ഥർക്ക് നടന്നെത്തേണ്ടി വരും സൊകേല തയാംഗ് എന്ന വോട്ടർക്ക് വോട്ട് രേഖപ്പെടുത്താൻ. അരുണാചൽ പ്രദേശിലെ മാലോഗാം എന്ന കുഗ്രാമത്തിൽ രജിസ്റ്റർ ചെയ്ത ഏക വോട്ടറാണ് മുപ്പത്തൊമ്പതുകാരി. കാട്ടിലൂടെ പോളിംഗ് സാമഗ്രികൾ ചുമന്നു വേണം ചൈനീസ് അതിർത്തിയിലുള്ള മാലോഗാമിലെത്തിക്കാൻ. ഈ വോട്ടർക്ക് വോട്ടിംഗ് സൗകര്യമൊരുക്കാൻ പ്രയാസകരമായ കാട്ടുവഴികളിലൂടെ പതിനെട്ടോളം ഉദ്യോഗസ്ഥർ സാമഗ്രികളേന്തി കാൽനടയായി സഞ്ചരിക്കുമെന്ന് പ്രദേശത്തെ ഇലക്ഷൻ ഓഫീസർ ദാഗ്ബോം റീബ വെളിപ്പെടുത്തി.
അൻജാവ് ജില്ലയിലാണ് മാലോഗാം. തയാംഗിനു മാത്രമേ ഇവിടെ വോട്ട് രേഖപ്പെടുത്താനുള്ളൂ എങ്കിലും പോളിംഗ് ചട്ടമനുസരിച്ച് ദിവസം മുഴുവൻ പോളിംഗ് ബൂത്ത് തുറന്നിരിക്കണം. അവസാനത്തെ വോട്ടറുടെയും വോട്ട് രേഖപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതിനു മുന്നിൽ ഒരു വെല്ലുവിളിയും വലുതല്ലെന്നും റീബ പറഞ്ഞു.
മാലോഗാമിൽ 2014 ൽ രണ്ട് വോട്ടർമാരുണ്ടായിരുന്നു. തയാംഗിന്റെ ഭർത്താവായിരുന്നു രണ്ടാമത്തെ വോട്ടർ. എന്നാൽ ഇത്തവണ അദ്ദേഹം മറ്റൊരു പോളിംഗ് ബൂത്തിൽ വോട്ട് രജിസ്റ്റർ ചെയ്തു. ഏതാനും വോട്ടർമാർ മാത്രമുള്ള നിരവധി വിദൂര പോളിംഗ് ബൂത്തുകളുണ്ട് അരുണാചൽപ്രദേശിൽ. എട്ട് ബൂത്തുകളിൽ പത്തിൽ താഴെ വോട്ടർമാരേ ഉള്ളൂ. രാജസ്ഥാനിൽ ഒട്ടകപ്പുറത്താണ് പല ബൂത്തുകളിലും സാമഗ്രികളെത്തിക്കുന്നത്. ഹിമാലയത്തിൽ യാക്കുകളെയും കഴുതകളെയും വടക്കുകിഴക്ക് പല ഭാഗങ്ങളിലും ആനകളെയും ഉപയോഗിക്കും. ഒരു വോട്ടർക്കും വോട്ട് രേഖപ്പെടുത്താൻ രണ്ട് കിലോമീറ്ററിലേറെ നടക്കേണ്ട അവസ്ഥയുണ്ടാവരുത് എന്നാണ് ഇലക്ഷൻ ചട്ടം.
2012 ലെ ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമുദ്രനിരപ്പിൽ നിന്ന് 15,000 അടി ഉയരത്തിൽ ഹിക്കം ഗ്രാമത്തിൽ പോളിംഗ് ബൂത്ത് ഒരുക്കിയിരുന്നു. ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ഈ പോളിംഗ് ബൂത്തിൽ 333 വോട്ടർമാരുണ്ടായിരുന്നു. ഗുജറാത്തിലെ ഉന അസംബ്ലി മണ്ഡലത്തിലെ ഗിർ വനത്തിൽ ഒരു വോട്ടർക്കായി ബൂത്ത് ഒരുക്കി. ആ ബൂത്തില്ലായിരുന്നുവെങ്കിൽ വോട്ടർ 20 കി.മീ നടക്കേണ്ടി വരുമായിരുന്നു വോട്ട് ചെയ്യാൻ.






