രാഷ്ട്രീയ പാർട്ടികൾ വെറുക്കുന്ന 'ശേഷത്തരങ്ങൾ'

ടി.എൻ. ശേഷൻ പദവിയിലെത്തുന്നത് വരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ എന്നത് എല്ലാ സർക്കാർ സംവിധാനങ്ങളെയും പോലെ സാ.. മട്ടിൽ ഒന്നായിരുന്നുവെന്ന്  നവ തലമുറ  വേണ്ടത്ര ഓർക്കാൻ  സാധ്യതയില്ല. കാരണം അവർ കൺമുന്നിൽ കണ്ടത് ശേഷൻ പല്ലും നഖവും നൽകിയ സംവിധാനമാണ്. ഇന്ന് വേണമെന്നു വെച്ചാൽ ഇന്ത്യൻ രാഷ്ട്രീയത്തെ വരച്ച വരയിൽ നിർത്താൻ കെൽപുള്ളതാണ് തിരുനെല്ലായിൽ നാരായണ അയ്യർ ശേഷൻ എന്ന പാലക്കാട്ടുകാരൻ മാറ്റിയെടുത്ത ഇലക്ഷൻ കമ്മീഷൻ. തമിഴ്‌നാട് കേഡർ ഐ.എ.എസ്ഉദ്യോസ്ഥനായ ശേഷൻ വനം മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയായി  ജോലി ചെയ്യവേയാണ് 1987 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ സെക്യൂരിറ്റി ചുമതല കൂടി  എറ്റെടുക്കേണ്ടി വന്നത്. അന്ന് രാജീവിന് നേരെയുണ്ടായ വധശ്രമമായിരുന്നു നിയമന പശ്ചാത്തലം. അവിടെ നിന്നങ്ങോട്ട് ഒരുപാട് ഉന്നത പദവികൾ. 1990 ൽ ചീഫ് ഇലക്ഷൻ കമ്മീഷണർ. അതു മുതൽ ഇലക്ഷൻ കമ്മീഷനെ ശേഷൻ ഇളക്കി മറിക്കുകയായിരുന്നു. 'ഭാരം നിറഞ്ഞ ഹൃദയം' എന്ന തന്റെ ആത്മകഥാപരമായ പുസ്തകത്തിന്റെ പുറംചട്ടയിൽ അദ്ദേഹത്തിന്റെ ഒരു ഉദ്ധരണി എടുത്ത് ചേർത്തിട്ടുണ്ട്. അതിങ്ങനെയാണ് 'ഇന്ന് ഞാൻ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെല്ലാം  വെറുക്കുന്ന ഒരാളാണ്. ഇതെന്റെ ജീവിതത്തിലെ കൊടി പാറുന്ന വിജയത്തിലേക്കുള്ള യാത്രയാണ്.. ' വിജയിച്ച യാത്ര പൂർത്തീകരിച്ച ശേഷൻ ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. അൺഗൈഡഡ് മിസൈൽ എന്നാണ് ശേഷൻ സ്വയം വിശേഷിപ്പിക്കാറുണ്ടായിരുന്നത്. എപ്പോൾ എന്ത് പറയുന്നുവെന്നും എന്ത് ചെയ്യുന്നുവെന്നും ഒരു നിശ്ചയവുമില്ലാത്ത തന്റെ സ്ഥാനത്ത് 'വ്യക്തിഗത സ്വഭാവ വൈചിത്ര്യം എന്നേക്കാൾ അൽപം കുറഞ്ഞ ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിങ്ങൾക്കായി വരു'മെന്ന് നിരന്തരം തമാശ കലർത്തി കാര്യം പറയാറുള്ള ശേഷൻ അക്കാലത്ത് പറയാറുണ്ടായിരുന്നു.  കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഇന്ത്യ അത്തരം വരവും പോക്കും കണ്ടു.  തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന് ലോകത്തെ പഠിപ്പിക്കാൻ മാത്രം പ്രാവീണ്യം നേടിയ ഇലക്ഷൻ കമ്മീഷണർമാർ രാജ്യത്തിനുണ്ടായി.   ടി.എൻ.ശേഷൻ തനിക്ക് പ്രചോദനമായിട്ടുണ്ടെന്നാണ് ഇക്കഴിഞ്ഞ ദിവസം കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞത്. അതേ സമയം മറ്റൊരു ടി.എൻ.ശേഷനാ കാൻ താനില്ലെന്നും മീണ വിശദീകരിച്ചിട്ടുണ്ട്. മറ്റൊരു ശേഷനായാലും ഇല്ലെങ്കിലും എല്ലാ മീണമാരുടെയും  ഊർജം ശേഷന്റെ കാലം പകർന്നു നൽകിയതാണെന്നു മാത്രം.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചപ്പോൾ 'ഞാനാണിവിടെ ബോസെന്ന്'
ഇന്ത്യയും കേരളവും ഭരിക്കുന്ന കക്ഷികളുടെ നേതാക്കളോട്  പറയുന്നത് കേട്ടപ്പോൾ മുതൽ  കേരളം മീണയിൽ ഒരു കൊച്ചു ശേഷനെ കണ്ടിരുന്നു. കേരള സർക്കാരിന്റെ 1000 ദിവസം തികഞ്ഞതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിലെല്ലാം ഒട്ടിച്ചു വെച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ പതിച്ച പരസ്യം നീക്കാനുള്ള നടപടി ലക്ഷണമൊത്ത ശേഷത്തരമല്ലാതെ മറ്റൊന്നുമല്ല. ഓർഡിനറി ബസിന്  2000 രൂപയും ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ദീർഘദൂര ബസുകൾക്ക്  2700 രൂപയും വീതം നൽകിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിരിക്കുന്ന മുഖമുള്ള   പരസ്യങ്ങൾ പതിച്ചത്. പരസ്യങ്ങൾ നീക്കാതെ വഴിയില്ലെന്ന് മീണ വടിയെടുത്തപ്പോൾ അനുസരിക്കുകയല്ലാതെ ആർക്കും മറ്റു വഴിയുണ്ടായിരുന്നില്ല. ഇതു പോലെ എല്ലാ സൂക്ഷ്മ ഇടങ്ങളിലും മീണ ചെന്നെത്തുന്നു. ജോലി ചെയ്യുന്നത് മീണയാണെങ്കിലും വഴിയിലെവിടെയൊക്കെയോ മുൻഗാമി ശേഷന്റെ ശേഷിപ്പുകൾ. 'ഞാൻ തൃശൂർ കലക്ടറായിരിക്കേ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ.ശേഷനുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം പ്രചോദനമാവുകയും ചെയ്തിട്ടുണ്ട്. 'മീണ ഇക്കഴിഞ്ഞ ദിവസം എറണാകുളത്ത് പത്രക്കാരോട്  വിശദീകരിച്ചതങ്ങനെയാണ്. ഏതായാലും ശേഷനാകില്ലെന്ന് അടുത്ത വാചകമായി  പറഞ്ഞതിനും അർഥമുണ്ട്. ശേഷൻ സ്വയം പരിചയപ്പെടുത്തിയ വരികൾ വായിച്ചാൽ അത് ബോധ്യമാകും. അതിങ്ങനെ 'ഞാനൊരു ശേഷനാണ്. അൽസേഷ്യൻ പോലെ മറ്റൊരു ശേഷൻ. ഞാൻ കുരയ്ക്കും. ഞാൻ കടിയ്ക്കും. അതെന്റെ രീതിയാണ്.'     ഇങ്ങനെയാകാൻ  എല്ലാവർക്കും കഴിഞ്ഞു കൊള്ളണമെന്നില്ല. ഇനിയതിന്റെ ആവശ്യവുമില്ല. കാരണം ഇലക്ഷൻ കമ്മീഷൻ ഓഫീസുകൾ ഇപ്പോൾ കുരക്കാനും കടിക്കാനുമൊക്കെ കരുത്തുള്ള  സംവിധാനമാണ്.

Latest News