ദളിത് വോട്ടുകൾ ആരെ തുണക്കും?

അത്താവാലെയെയും പ്രകാശ് അംബേദ്കറെയും പ്രധാന മുന്നണികൾ അവഗണിച്ചു

മഹാരാഷ്ട്രയിലെ ദളിത് വോട്ടുകൾ ഇത്തവണ ആരെ തുണക്കുമെന്ന ആശങ്കയിലാണ് പ്രധാന മുന്നണികൾ. എൻ.ഡി.എ സർക്കാറിൽ മന്ത്രിയാണെങ്കിലും രാംദാസ് അത്താവാലെയുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യക്ക് ഇത്തവണ എൻ.ഡി.എ ഒരു സീറ്റും നീക്കിവെച്ചില്ല. 48 ലോക്‌സഭാ സീറ്റുകൾ ബി.ജെ.പിയും ശിവസേനയും വീതം വെച്ചെടുത്തതോടെ ചെറുപാർട്ടികൾ പെരുവഴിയിലായി. തങ്ങളെ പൂർണമായി അവഗണിച്ചതിൽ രോഷാകുലനാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർ.പി.ഐ) നേതാവ് രാംദാസ് അത്താവാലെ. മുംബൈ നോർത്ത് ഈസ്റ്റിലോ മുംബൈ നോർത്ത് സെൻട്രലിലോ മത്സരിക്കാൻ കുപ്പായമിട്ടിരിക്കുകയായിരുന്നു എൻ.ഡി.എയിലെ ദളിത് നേതാവ്. 
അതേസമയം പുതുതായി പാർട്ടി രൂപീകരിച്ച പ്രകാശ് അംബേദ്കർക്ക് കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന്റെ ഭാഗമാവാനായിരുന്നു താൽപര്യം. എന്നാൽ 22 സീറ്റാണ് അവർ ആവശ്യപ്പെട്ടത്. ഈ ആവശ്യം സാധിച്ചു കൊടുക്കുക അസാധ്യമായിരുന്നു. 
പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡി (വി.ബി.എ) അതോടെ സഖ്യത്തിന്റെ ഭാഗമാവേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. 
കോൺഗ്രസ്-എൻ.സി.പി വോട്ടാണ് വി.ബി.എ സ്വന്തമാക്കുകയെന്നാണ് പൊതുവായ വിലയിരുത്തൽ. വി.ബി.എയെ ബി.ജെ.പിയുടെ ബി ടീം എന്ന് പലരും വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ പോരാട്ടം ബി.ജെ.പിക്കെതിരാണെന്നും എൻ.സി.പിയാണ് യഥാർഥത്തിൽ ബി.ജെ.പിയുടെ എ ടീമെന്നും പ്രകാശ് അംബേദ്കർ തിരിച്ചടിക്കുന്നു. ദളിത് സമുദായങ്ങളെല്ലാം ബി.ജെ.പിക്കെതിരാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എത്ര സീറ്റ് നേടിയാലും എൻ.ഡി.എക്കൊപ്പം പോവില്ലെന്നും ബി.ആർ. അംബേദ്കറുടെ പൗത്രൻ പറയുന്നു. അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്്‌ലിമൂനുമായാണ് ഇപ്പോൾ വി.ബി.എക്ക് സഖ്യം. ഇത്തിഹാദുൽ മുസ്്‌ലിമൂനും കോൺഗ്രസ് വോട്ടാണ് കവരുക എന്നാണ് നിഗമനം.
1998 ൽ മഹാരാഷ്ട്രയിലെ അകോലയിൽ നിന്ന് പ്രകാശ് അംബേദ്കർ ജയിച്ചിരുന്നു. ആ സീറ്റ് കൊടുക്കാൻ കോൺഗ്രസ്-എൻ.സി.പി സഖ്യം തയാറായിരുന്നു. അത്തവണ ദളിത് നേതാക്കളായ പ്രകാശ് അംബേദ്കറെയും ജോഗേന്ദ്ര കവാഡെയെയും ആർ.എസ് ഗവായിയെയും പൊതു മണ്ഡലത്തിൽ നിർത്തി ശരത് പവാർ ജയിപ്പിച്ചിരുന്നു. ദളിത് സ്ഥാനാർഥികൾക്ക് ഉന്നത ജാതിക്കാർ വോട്ട് ചെയ്ത അപൂർവ സന്ദർഭമായിരുന്നു അത്. പിന്നീട് അകോലയിൽ പലതവണ മത്സരിച്ചിട്ടും പ്രകാശ് അംബേദ്കർ തോറ്റു. 
കോൺഗ്രസുമായും ബി.ജെ.പിയുമായും മാറി മാറി ഭാഗ്യം പരീക്ഷിച്ച നേതാവാണ് പ്രകാശ് അംബേദ്കറേക്കാൾ തീപ്പൊരിയായ രാംദാസ് അത്താവാലെ. എന്നാൽ സമീപകാലത്ത് കോൺഗ്രസുമായും എൻ.സി.പിയുമായുമുള്ള ബന്ധം അദ്ദേഹം പാടെ മുറിച്ചു. കോൺഗ്രസ്-എൻ.സി.പി സഖ്യം മുമ്പ് തന്നെ വഞ്ചിച്ചുവെന്നും സീറ്റ് തന്നില്ലെങ്കിലും എൻ.ഡി.എ വിടില്ലെന്നുമാണ് അത്താവാലെയുടെ നിലപാട്. 2009 ൽ ശിർദിയിൽ തന്നെ തോൽപിച്ചത് കോൺഗ്രസും എൻ.സി.പിയുമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ദളിത് വോട്ട് കിട്ടുമെന്ന പ്രതീക്ഷയിലാണ് അത്താവാലെയെ എൻ.ഡി.എയിലെടുത്തതും കേന്ദ്ര മന്ത്രിയാക്കിയതും. എന്നാൽ സ്വന്തമായി ഒരു സീറ്റ് പോലും ജയിക്കാനാവാത്ത പാർട്ടികളെ പേറി നടക്കേണ്ടതില്ലെന്ന നിലപാടാണ് ഇപ്പോൾ എൻ.ഡി.എക്ക്.  കോൺഗ്രസും എൻ.സി.പിയുമായുള്ള ബന്ധം വിഛേദിച്ച അത്താവാലെക്ക് മുഖം നഷ്ടപ്പെടാതെ തിരിച്ചുപോകാനാവില്ലെന്ന അവസ്ഥയാണ്. 
ദളിതുകൾക്കിടയിൽ എൻ.ഡി.എക്കെതിരെ പ്രതിഷേധം പുകയുന്നുണ്ട്. ഗുജറാത്തിലെ ഉനാ സംഭവം മുതൽ മഹാരാഷ്ട്രയിലെ ഭീമ കോറെഗാവ് വരെ സംഭവങ്ങളിൽ ബി.ജെ.പി മുന്നോക്ക ജാതിക്കാരെയാണ് സംരക്ഷിച്ചത്. 

Latest News