Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ തെരഞ്ഞെടുപ്പ്:  പ്രവാസികളുടെ പ്രസക്തി

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സ്ഥാനാർഥി നിർണയം ഏതാണ്ട് പൂർത്തിയായതോടെ പ്രവാസ ലോകം ആവേശത്തിലാണ്. മുമ്പെന്നത്തേക്കാളും ഇത്തവണ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാവാൻ കഴിയുമെന്നതാണ് കാരണം. പ്രവാസി വോട്ടുകളുടെ എണ്ണത്തിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ചിരിട്ടി വർധനയുണ്ടായിട്ടുണ്ടെന്നതു മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് രംഗത്തു സൃഷ്ടിക്കാൻ കഴിയുന്ന സ്വാധീനവും ആവേശത്തിമിർപ്പിനു കാരണമാണ്. അതുകൊണ്ട് നാട്ടിലേതു പോലുള്ള തെരഞ്ഞെടുപ്പ് ചൂട് പ്രവാസ ലോകത്തും സംജാതമായിക്കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകൾ പ്രവാസ ലോകത്തും നാട്ടിലും ഒരുപോലെ പ്രചാരണം സംഘടിപ്പിക്കാനുള്ള ആസൂത്രണങ്ങൾ നടത്തിവരികയാണ്. തെരഞ്ഞെടുപ്പു ദിനത്തിൽ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും ആവിഷ്‌കരിച്ചു കഴിഞ്ഞു. എന്തു തന്നെയായാലും നാട്ടിലെ പൊടിപാറുന്ന മത്സരത്തിന്റെ ആവേശത്തിൽ ഒട്ടും തന്നെ കുറവ് പ്രവാസ ലോകത്തും ഉണ്ടാവാൻ പോകുന്നില്ല. 
മുൻകാലങ്ങളിലേതു പോലെ വാഗ്ദാനങ്ങളുടെ പെരുമഴ തീർത്ത് പ്രവാസികളെ പാട്ടിലാക്കാൻ ഇനി ഒരു സ്ഥാനാർഥിക്കുമാവില്ല. വോട്ടവകാശം പൂർണ തോതിലായിട്ടില്ലെങ്കിലും ഭാഗികമായി കൈവന്നിട്ടുള്ള അവകാശം പല മണ്ഡലങ്ങളിലെയും വിധി നിർണയത്തെ വരെ സ്വാധീനിക്കാൻ പോന്നതാണ്. അതു ശരിയാംവണ്ണം വിനിയോഗിക്കുകയെന്നതാണ് പ്രവാസികളായ നാം ഇനി ചെയ്യേണ്ടത്. 
തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2019 ജനുവരി 30 വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് പ്രവാസി വോട്ടർമാരായി 71,735 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 62,847 പുരുഷന്മാരും 3729 സ്ത്രീകളുമടക്കം 66,576 പേരും കേരളത്തിൽനിന്നുമാണ്. രാജ്യത്താകെ 1.3 കോടി പ്രവാസികളുണ്ടെന്നാണ് കണക്ക്.  
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ചിരട്ടി വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2014 ൽ രാജ്യത്താകെ 13,039 പേരാണ് രിജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 12,585 പേർ കേരളത്തിൽനിന്നുമായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പായപ്പോൾ കേരളത്തിൽനിന്ന് വോട്ടിനായി രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം 22,933 ആയി. അതാണിക്കുറി 66,576 ആയി ഉയർന്നിട്ടുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കലിന്റെ പത്തു ദിവസം മുൻപു വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാമെന്നതിനാൽ എണ്ണം ഇനിയും കൂടാനാണ് സാധ്യത. 2018 ഓഗസ്റ്റിലെ സുപ്രീം കോടതി വിധിക്കു ശേഷം ഒക്‌ടോബർ മുതൽ 2019 ജനുവരി 19 വരെ പ്രവാസി സംഘടനകൾ വിദേശ രാജ്യങ്ങളിൽ നടത്തിയ കാമ്പയിന്റെ ഫലമായാണ് ഇത്രയേറെ വർധന ഉണ്ടായത്. ഈ കാലയളവിൽ 40,000 ഓളം പേർ രജിസ്റ്റർ ചെയ്തു.
സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് പകരക്കാരെ ഉപയോഗിച്ച് പ്രോക്‌സി വോട്ടു ചെയ്യാൻ അനുവദിക്കുന്ന ബിൽ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയിൽ കൊണ്ടുവരാനോ, ഓർഡിനൻസ് ഇറക്കുവാനോ കേന്ദ്ര സർക്കാർ തയാറാകാതിരുന്നതിനാൽ വോട്ടു ചെയ്യണമെങ്കിൽ പ്രവാസികൾ നാട്ടിലെത്തിയേ മതിയാകൂ. പ്രവാസികൾക്ക് വോട്ടവകാശം അനുവദിച്ചുകൊണ്ട്  2010 ൽ ആണ് യു.പി.എ സർക്കാർ ജനപ്രാതിനിധ്യ നിയമ ഭേദഗതി പാസാക്കിയത്. അത് വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവകാശം മാത്രമായിരുന്നു. വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് ദിവസം നാട്ടിലുണ്ടാകണം എന്ന വ്യവസ്ഥ നിലനിന്നു. തുടർന്നാണ്  ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ വോട്ട് ചെയ്യാനുള്ള അവകാശത്തിനായി അബുദാബിയിലെ വ്യവസായി ഡോ. ഷംസീർ വയലിൽ സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ഇതേത്തുടർന്നാണ് കോടതിയുടെ ഇടപെടലും ലോക്‌സഭയിൽ ബിൽ അവതരണവുമുണ്ടായത്. പക്ഷേ അതു പൂർണതയിലെത്തിക്കുന്നതിന് സർക്കാരിനായില്ല. ഇതു പ്രവാസികൾക്ക് നിരാശ സമ്മാനിക്കുന്നതായിരുന്നു.  അതുകൊണ്ടു തന്നെ ഇക്കുറി വോട്ടർ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളവർ തങ്ങളുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നവർ ആരാണോ അവരെ അധികാരത്തിലെത്തിക്കാൻ അതു ശരിയാംവണ്ണം വിനിയോഗിക്കണം. രാജ്യത്തിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്ന സർക്കാരായിരിക്കണം കേന്ദ്രത്തിൽ വരേണ്ടത്. അതിനാൽ വോട്ടുകൾ പാഴായി പോകാതിരിക്കാനുള്ള ശ്രമം ഉണ്ടാവേണ്ടതുണ്ട്. 
ലോകത്തിലെ ഏതു ചലനങ്ങളും അപ്പപ്പോൾ മനസ്സിലാക്കുന്നതിലും പ്രതികരിക്കുന്നതിലും പ്രവാസികൾ മുന്നിലാണ്. ലോകം വിരൽത്തുമ്പിലെന്ന പ്രയോഗം ശരിക്കും അന്വർഥമാക്കുന്നതും അവരാണ്. സാമൂഹ്യ മാധ്യമങ്ങളെ ഇത്രയേറെ ഉപയോഗിക്കുന്ന മറ്റൊരു വിഭാഗമില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ മാധ്യമം സാമൂഹ്യ മാധ്യമങ്ങളായിരിക്കും. അതിന്റെ സ്വാധീനത്തിന്റെ തോത് എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനകം തന്നെ മനസ്സിലാക്കിയിട്ടുണ്ട്. ഇതേ സംവിധാനത്തിലൂടെ പ്രതികരിക്കാനുള്ള ശേഷി വോട്ടർമാർക്കും കൈവന്നിരിക്കുകയാണ്. സ്ഥാനാർഥികളെ ശരിയാംവണ്ണം വിശകലനം ചെയ്യുന്നതിനും അവരുടെ കഴിവുകളും പോരായ്മകളും ചൂണ്ടിക്കാണിച്ച് പ്രോത്സാഹിപ്പിക്കുന്നതിനും വിമർശിക്കുന്നതിനുമുള്ള അവസരമാണ് ഇതുവഴി ലഭിച്ചിരിക്കുന്നത്. ഇവിടെയാണ് പ്രവാസികളുടെ പ്രസക്തി. നാട്ടിലെ തെരുവിലിറങ്ങി തങ്ങളുടെ ഇഷ്ട സ്ഥാനാർഥിക്ക് വോട്ട് പിടിക്കുന്നതിനേക്കാളും ഫലവത്തായി ഇങ്ങകലെയിരുന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവാസികൾക്ക് വോട്ടു പിടിക്കാനാവും. പക്ഷേ, ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തണം. നാട് സമാധാനത്തിൽ കഴിഞ്ഞാൽ മാത്രമേ ഓരോ പ്രവാസിക്കും സമാധാനത്തോടെ വിദേശത്ത് ജോലി ചെയ്യാനാവൂ. അതുപോലെ രാജ്യം ലോകത്തിലെ മാറ്റങ്ങൾക്കനുസൃതമായി വികസിക്കുകയും വേണം. എങ്കിൽ  മാത്രമേ പ്രവാസത്തിനു വിരാമമിടാൻ കഴിയൂ. അതിനേക്കാളുമെല്ലാമുപരി മതസൗഹാർദവും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ടുതുമുണ്ട്. അതിനു സഹായകമായ നിലപാടുകളുള്ള രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണ നൽകുകയും അവരുടെ സ്ഥാനാർഥികളുടെ വിജയത്തിനായുമാണ് പ്രവർത്തിക്കേണ്ടത്. സമാധാന ഭംഗം ഉണ്ടാക്കുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ സന്ദേശങ്ങളും പ്രചാരണങ്ങളും അപകടം ക്ഷണിച്ചു വരുത്തുമെന്നതിനാൽ ഇക്കാര്യത്തിൽ ഏറെ സൂക്ഷ്മത പുലർത്തുകയും വേണം. ആവേശത്തിന്റെ പുറത്ത് എന്തും എഴുതിയും ചിത്രീകരിച്ചും വിട്ടാൽ അതു രാജ്യത്തിനു ഗുണം ചെയ്യില്ലെന്നു മാത്രമല്ല, സ്വന്തം ജീവിതം തന്നെ അവതാളത്തിലാക്കാൻ ഇടയാകുമെന്നതിനാൽ ഇക്കാര്യത്തിൽ വളരെ കരുതലുണ്ടാകണം. അങ്ങനെ എല്ലാ അർഥത്തിലും കൈവന്നിട്ടുള്ള സൗഭാഗ്യം രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമായി മാറ്റാാനുള്ള ശ്രമമായിരിക്കണം പ്രവാസികളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്.
 

Latest News