Sorry, you need to enable JavaScript to visit this website.

ന്യൂസിലന്‍ഡ് മുസ്ലിം കൂട്ടക്കൊലയില്‍ സന്തോഷിച്ചതിന് യുഎഇ നാടുകടത്തിയത് ഇന്ത്യക്കാരനെ

ന്യൂദല്‍ഹി- ന്യൂസിലന്‍ഡില്‍ പള്ളികളില്‍ ജുമുഅ പ്രാര്‍ത്ഥനയ്‌ക്കെത്തിയ 50 മുസ്ലിംകളെ ഭീകരന്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന് കഴിഞ്ഞ ദിവസം യുഎഇ നാടുകടത്തിയ വിദേശ ഇന്ത്യക്കാരന്‍. യുഎഇയിലെ ട്രാന്‍സ്ഗാര്‍ഡ് സെക്യുരിറ്റി എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഉത്തരേന്ത്യന്‍ സ്വദേശിയായ യുവാവിനെ അന്വേഷണ വിധേയമായി കമ്പനി പുറത്താക്കിരുന്നു. നടപടി നേരിട്ടയാള്‍ റോണി സിങ് എന്ന യുവാവാണെന്ന് ഇയാളുടെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പോലീസില്‍ പരാതി നല്‍കിയവര്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനി നടത്തിയ അന്വേഷണത്തില്‍ റോണി സിങ് എന്നത് യഥാര്‍ത്ഥ പേരല്ലെന്നും അതു മറച്ചുവച്ചായിരുന്നു വിദ്വേഷ പ്രചാരണമെന്നും കണ്ടെത്തി.

ന്യൂസിലന്‍ഡില്‍ മൂസ്ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവം റോണി സിങ് ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചരാണത്തിന് ുപയോഗിക്കുകയായിരുന്നു. ക്രൈസ്രറ്ചര്‍ച്ച് കൂട്ടക്കൊല പുല്‍വാമയിലെ രക്തസാക്ഷികള്‍ക്ക് സമാധാനം നല്‍കിയിട്ടുണ്ടാകുമെന്നും ഇന്ത്യയിലും എല്ലാ വെള്ളിയാഴ്ചയും ഇതുപോലെ സംഭവിക്കണമെന്നായിരന്നു റോണി സിങിന്റെ പോസ്റ്റ്. ട്വിറ്ററില്‍ ഡിജിറ്റല്‍ ഫോറന്‍സിക് സ്‌പെഷ്യലിസ്റ്റ് എന്നു വിശേഷിപ്പിക്കുന്ന അഹ്മദ് അല്‍ ഷരിഫ് ആണ് റോണി സിങിനെതിരെ ദുബായ് പോലീസില്‍ പരാതി നല്‍കിയവരില്‍ ഒരാള്‍. 

ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരായ റോണിയുടെ വിദ്വേഷ കമന്റുകള്‍ക്കെതിരെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുകയും പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ട്രാന്‍സ്ഗാഡ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ജീവനക്കാരന്‍ മറ്റൊരു പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിടുന്നതായി കണ്ടെത്തിയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഈ ജിവനക്കാരന്റെ യഥാര്‍ത്ഥ പേരും വിവരങ്ങളും കണ്ടെത്തിയ കമ്പനി ഇയാളെ പിടികൂടി. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടശേഷം യുഎഇ സൈബര്‍ കുറ്റകൃത്യ നിയമ പ്രകാരം അധികൃതര്‍ക്കു കൈമാറുകയായിരുന്നു. സര്‍ക്കാര്‍ ഇയാളെ പിന്നീടു നാടുകടത്തി.

Latest News