Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് അയച്ച മൃതദേഹം മാറിപ്പോയ സംഭവം:  റഫീഖിന്റെ മൃതദേഹം ശ്രീലങ്കയിൽ

റിയാദ്- അബഹയിൽ മരിച്ച പത്തനംതിട്ട കോന്നി സ്വദേശിയുടെ മൃതദേഹം ശ്രീലങ്കയിലുണ്ടെന്ന് വിവരം. കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിമൂട്ടിൽ അബ്ദുൽ റസാഖിന്റെ മകൻ  റഫീഖി(27)ന്റെ മൃതദേഹമാണ് ശ്രീലങ്കയിൽ എത്തിയതായി വിവരം ലഭിച്ചത്. റഫീഖിന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കൻ യുവതിയുടെ മൃതദേഹം ഇന്നലെ കോന്നിയിൽ എത്തിച്ചിരുന്നു. മൃതദേഹം അടക്കം ചെയ്ത പെട്ടി ഇന്ന് രാവിലെ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം മാറിയതായി വ്യക്തമായത്. ശ്രീലങ്കൻ യുവതി ബന്ദാര മനേകി ബാലേജിയുടെ മൃതദേഹമായിരുന്നു ഇത്. തുടർന്ന് ബന്ദേരയുടെ കുടുംബവുമായി ബന്ധപ്പെട്ടപ്പോഴാണ് റഫീഖിന്റെ മൃതദേഹം ശ്രീലങ്കയിലുണ്ടെന്ന് വിവരം ലഭിച്ചത്. ഇത് ഉടൻ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. 
അബഹയിൽ െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്ന റഫീഖ് കഴിഞ്ഞ മാസം 27നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിഇന്നലെ വൈകുന്നേരത്തോടെ സൗദി എയർലൈൻസ് വിമാനത്തിൽ മൃതദേഹം നെടുമ്പാശേരി വിമാനതാവളത്തിൽ എത്തിച്ചു. ഇവിടെനിന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുകയും വൈകിട്ട് വീട്ടിലെത്തിക്കുകയും ചെയ്തു.  സംസ്‌കാരചടങ്ങുകൾക്കായി മൃതദേഹം അടക്കം ചെയ്ത പെട്ട് ഇന്ന് രാവിലെ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം മാറിയ വിവരം ബന്ധുകൾക്ക് മനസിലാവുന്നത്. ഇതോടെ വിവരം പോലീസിനെ അറിയിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചു. 
ആശുപത്രിയിൽ വച്ച് മൃതദേഹം എംബാം ചെയ്യുന്നതിനിടെ മാറിപോയതാണെന്നാണ് നിഗമനം. നമ്പറുകൾ പരസ്പരം മാറിയതാണ് മൃതദേഹം രണ്ടു രാജ്യങ്ങളിൽ എത്താൻ ഇടയാക്കിയത്.

കഴിഞ്ഞ മാസം 27ന് രാത്രി അബഹയിലെ താമസ മുറിയിലായിരുന്നു മരണം. രാവിലെ ജോലിയ്ക്ക് എത്താത്തിനെ തുടർന്ന് സ്‌പോൺസർ മുറിയിലെത്തി നോക്കിയപ്പോൾ മരിച്ച നിലയിൽ കാണുകയായിരുന്നു.
മാതാവ്: ഫാത്തിമ ബീവി. ഭാര്യ: സുറുമിമോൾ, ഗർഭിണിയാണ്. മകൻ: റയ്ഹാൻ (നാല് വയസ്സ്). നൗഫൽ, റസീന എന്നിവർ സഹോദങ്ങൾ. അസീർ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന മൃതദേഹം ഇന്നലെയാണ് നാട്ടിലേക്ക് അയച്ചത്. 

Latest News