ലാഹോര്‍- പാക്കിസ്ഥാനിലെ ബഹവല്‍പൂരില്‍ ഒരു സര്‍ക്കാര്‍ കോളെജില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് പാര്‍ട്ടി സംഘടിപ്പിച്ച പ്രൊഫസറെ വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തി. ലിംഗവ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെ ഒരുമിച്ചു കൂട്ടുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നു പറഞ്ഞാണ് ഖതീബ് ഹുസൈന്‍ എന്ന വിദ്യാര്‍ത്ഥി ഗവ. സാദിഖ് എഗര്‍ടണ്‍ കോളെജിലെ ഇംഗ്ലീഷ് പ്രൊഫസര്‍ ഖാലിദ് ഹമീദിനെ കുത്തിക്കൊന്നത്. പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വെല്‍ക്കം പാര്‍ട്ടിക്കുള്ള മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കൊലപാതകം. പ്രൊഫസറുടെ ഓഫീസിലെത്തിയ പ്രതി വാക്കേറ്റമുണ്ടാക്കുകയും അധ്യാപകനെ കുത്തുകയുമായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്രതി ഖതീബ് ഹുസൈനെ തടഞ്ഞ് കീഴ്‌പ്പെടുത്തുകയായിരുന്നു. അഞ്ചാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥിയായ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് പാര്‍ട്ടി സംഘടിപ്പിക്കരുതെന്ന് പ്രൊഫസര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ആക്രമിക്ക് ഏതെങ്കിലും മത സംഘടനയുമായി ബന്ധമില്ലെന്നും കൊലപാതകത്തിനു കാരണം കണ്ടെത്തുന്നതിന് മാനസിക നില പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട പ്രൊഫസര്‍ ഖാലിദ് ഹമീദ് നാലു മാസത്തിനു ശേഷം വിരമിക്കാനാരിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഭൂരിപക്ഷമുള്ള പാക്കിസ്ഥാനിലെ അപൂര്‍വം കോളെജുകളില്‍ ഒന്നാണ് എഗര്‍ട്ടന്‍ കോളെജ്. ഇവിടെ നാലായിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്നു. ആണ്‍കുട്ടികള്‍ രണ്ടായിരമെ ഉള്ളൂവെന്നും പ്രിന്‍സിപ്പാള്‍ വാലി മുഹമ്മദ് പറഞ്ഞു.






