റിയാദ്- സ്വയം അപകടത്തിലേക്ക് എടുത്തു ചാടി പണം തട്ടുന്നതിനുള്ള വിദേശിയുടെ ശ്രമം കാർ ഡ്രൈവറുടെ അവസരോചിതമായ നീക്കത്തിലൂടെ പരാജയപ്പെട്ടു. റോഡ് മുറിച്ചുകടക്കുന്നതുപോലെ ഭാവിച്ച വിദേശി കാൽതെന്നി വീഴുന്നതുപോലെ അഭിനയിച്ച് വിലകൂടിയ കാറിനു മുന്നിൽ പെട്ടെന്ന് വീഴുകയായിരുന്നു. റോഡുവക്കിൽ അൽപനേരം കാത്തുനിന്നാണ് വിദേശി അനുയോജ്യമായ കാർ കണ്ടെത്തി അപകടമുണ്ടാക്കുന്നതിന് ശ്രമിച്ചത്. നെഞ്ചിനും ശിരസ്സിനും പരിക്കുകൾ ഒഴിവാക്കുന്നതിനും നിസാര പരിക്കുകളോടെ രക്ഷപ്പെടുന്നതിനും പ്രത്യേകം ശ്രദ്ധിച്ചാണ് കാറിനു മുന്നിൽ വിദേശി കരുതിക്കൂട്ടി വീണത്. എന്നാൽ ഇത് കണ്ട് പെട്ടെന്ന് കാർ വെട്ടിച്ചതിനാൽ വിദേശിയെ ഇടിക്കാതെ രക്ഷപ്പെടുന്നതിന് ഡ്രൈവർക്ക് സാധിച്ചു.
ഇതിന്റെ ദൃശ്യങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനത്തിൽ സ്ഥാപിച്ച സി.സി.ടി.വി റെക്കോർഡ് ചെയ്തു. ഈ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ മാസം പതിനാറിന് രാവിലെ 11.15ന് ആണ് സംഭവമെന്ന് ക്ലിപ്പിംഗ് വ്യക്തമാക്കുന്നു. കരുതിക്കൂട്ടി അപകടമുണ്ടാക്കിച്ച് കേസുകൾ ഒഴിവാക്കുന്നതിന് ഡ്രൈവർമാരോട് പണം ആവശ്യപ്പെടുന്നതിനാണ് വിദേശി ശ്രമിച്ചത്. ഇത്തരത്തിൽപെട്ട ചില തട്ടിപ്പുകൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു.






