Sorry, you need to enable JavaScript to visit this website.

ന്യൂസിലാൻഡ് മസ്ജിദ് നിർമാണത്തിൽ  ഫഹദ് രാജാവിനും പങ്ക് 

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനൊപ്പം മുഹമ്മദ് അൽഅബൂദി ആദരിക്കൽ ചടങ്ങിൽ.  

റിയാദ്- ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ജുമുഅ നമസ്‌കാരത്തിനിടെ ഓസ്‌ട്രേലിയൻ ഭീകരൻ വിശ്വാസികളെ കൂട്ടക്കുരുതി നടത്തിയ അൽനൂർ മസ്ജിദ് നിർമാണത്തിന് മുൻ സൗദി ഭരണാധികാരി ഫഹദ് രാജാവ് ഭീമമായ തുക സംഭാവന നൽകിയതായി വെളിപ്പെടുത്തൽ. ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമായ സൗദി പൗരൻ മുഹമ്മദ് നാസിർ അൽഅബൂദി ആണ് അൽനൂർ മസ്ജിദ് നിർമാണത്തിൽ ഫഹദ് രാജാവിനുള്ള സംഭാവന വെളിപ്പെടുത്തിയത്. 
വികസിപ്പിച്ച അൽനൂർ മസ്ജിദ് ഹിജ്‌റ 1406 ൽ മുഹമ്മദ് നാസിർ അൽഅബൂദി ആണ് ഉദ്ഘാടനം ചെയ്തത്. ജോലിയുടെ ഭാഗമായാണ് താൻ ന്യൂസിലാന്റിലേക്ക് പോയതെന്ന് മുഹമ്മദ് അൽഅബൂദി പറഞ്ഞു. ജോലിയുടെ ഭാഗമായി ന്യൂസിലാന്റിലെ ഇസ്‌ലാമിക് അസോസിയേഷൻ താൻ സന്ദർശിച്ചു. അക്കാലത്ത് ന്യൂസിലാന്റിൽ ആകെ ഒരു മസ്ജിദ് മാത്രമാണുണ്ടായിരുന്നത്. ക്രൈസ്റ്റ്ചർച്ചിലെ അൽനൂർ മസ്ജിദ് ആയിരുന്നു ഇത്. ഈ മസ്ജിദിൽ എത്തി താൻ നമസ്‌കാരം നിർവഹിച്ചു. ഒരു തുറസ്സായ കോംപൗണ്ട് ആയിരുന്നു അന്ന് മസ്ജിദ്. രണ്ടു വരികളായി നിൽക്കുന്ന വിശ്വാസികൾക്കു മാത്രം തണലേകുന്ന ചെറിയ മേൽക്കൂരയാണ് മസ്ജിദിനുണ്ടായിരുന്നത്. 
വിശാലമായ സ്ഥലം മസ്ജിദിനു സ്വന്തമായിട്ടുണ്ടായിരുന്നെങ്കിലും കെട്ടിടം തീരെ ചെറുതായിരുന്നു. കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളുന്ന നിലക്ക് മസ്ജിദ് പുനർനിർമിക്കുന്നതിന് ന്യൂസിലാന്റിലെ മുസ്‌ലിംകൾക്ക് ആഗ്രഹവുമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് താൻ ഫഹദ് രാജാവിന് കത്തയച്ചു. ഉടൻ തന്നെ ഫഹദ് രാജാവ് അൽനൂർ മസ്ജിദ് പുനർനിർമാണത്തിന് ഭീമമായ തുക സംഭാവന നൽകി. ക്രൈസ്റ്റ്ചർച്ചിലെ ജനങ്ങൾ പൊതുവിൽ എല്ലാവരോടും നന്നായി പെരുമാറുന്നവരാണ്. ന്യൂസിലാന്റിൽ വംശീയവെറി തീരെയില്ല. യേശുക്രിസ്തുവിന്റെ പള്ളി എന്ന പേരിൽ അറിയപ്പെടുന്ന ക്രൈസ്റ്റ്ചർച്ച് നഗരത്തിലെ മസ്ജിദ് അംഗീകരിക്കാൻ കഴിയാത്ത വിധം വംശീയവെറി ഓസ്‌ട്രേലിയൻ ഭീകരനെ മാറ്റിയിരുന്നെന്നും മുഹമ്മദ് അൽഅബൂദി പറഞ്ഞു. 

 

 

Latest News