Sorry, you need to enable JavaScript to visit this website.

ഉംറ ഓൺലൈൻ പദ്ധതി അടുത്ത വർഷം മുതൽ

മക്ക- വിദേശങ്ങളിൽ നിന്ന് പുണ്യഭൂമിയിലെത്തുന്ന ഉംറ തീർഥാടകരുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും ഓൺലൈൻ വഴി പൂർത്തിയാക്കുന്ന ഉംറ ഓൺലൈൻ പദ്ധതി അടുത്ത വർഷത്തെ ഉംറ സീസൺ മുതൽ ആരംഭിക്കുമെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബിൻ ബാദി വെളിപ്പെടുത്തി.
 വിദേശങ്ങളിലെ ഉംറ സർവീസ് ഏജൻസികളും സൗദിയിലെ ഉംറ സർവീസ് കമ്പനികളും തമ്മിൽ കരാർ ഒപ്പുവെക്കൽ, ഹോട്ടൽ ബുക്കിംഗ്, സൗദിയിലെ യാത്രകൾക്ക് ബസുകൾ ബുക്ക് ചെയ്യൽ, താമസം, പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്ക് നൽകുന്ന വ്യത്യസ്ത സേവനങ്ങൾ, ഉംറ വിസ അനുവദിക്കൽ തുടങ്ങി ഉംറ സേവന മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും ഓൺലൈൻവൽക്കരിക്കും. 
ഇതോടെ ഉംറ വിസകൾ അനുവദിക്കുന്നതിൽ വിദേശങ്ങളിലെ സൗദി എംബസികൾക്കും കോൺസുലേറ്റുകൾക്കുമുള്ള പങ്ക് ഇല്ലാതാകും. ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ മുഴുവൻ നിരക്കുകളും ചെലവുകളും നിർണയിക്കുന്ന വെബ്‌സൈറ്റിൽ ഹോട്ടൽ, ബസ് കമ്പനികൾ, മറ്റു സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ എന്നിവയുടെ ഓഫറുകളും പരസ്യപ്പെടുത്തും. സൗദി ഉംറ കമ്പനികൾ ഉംറ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തുന്ന പാക്കേജുകൾ വിദേശ ഏജൻസികൾക്ക് പൂർണ തോതിൽ വാങ്ങുന്നതിനും, തീർഥാടകരുടെ താമസത്തിനും യാത്രക്കും മറ്റു സേവനങ്ങൾക്കും വ്യത്യസ്ത ബുക്കിംഗുകൾ പ്രയോജനപ്പെടുത്തി ഫുൾപാക്കേജ് രൂപീകരിക്കുന്നതിനും സാധിക്കും. ഇതിനു ശേഷം വിദേശ ഏജൻസികൾ തീർഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങൾ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത് പുണ്യസ്ഥലങ്ങളിലെ താമസ കാലത്തിനും സേവന നിലവാരത്തിനും അനുസൃതമായി യാത്രയുടെ പൂർണ തുക അടക്കുകയാണ് വേണ്ടത്. ഈ നടപടികളെല്ലാം പൂർത്തിയാക്കി കഴിഞ്ഞാൽ വിദേശ ഏജൻസികൾക്ക് ഓൺലൈൻ വഴി ഉംറ വിസയുടെ പ്രിന്റൗട്ട് എടുക്കുന്നതിന് സാധിക്കും. ഈ വിസയിൽ തീർഥാടകർക്ക് എളുപ്പത്തിൽ സൗദിയിൽ പ്രവേശിക്കുന്നതിന് സാധിക്കും. നിലവിലെ പോലെ ഉംറ വിസകൾക്ക് വിദേശങ്ങളിലെ സൗദി എംബസികളെയും കോൺസുലേറ്റുകളെയും സമീപിക്കേണ്ടിവരില്ല. 
ഉംറ പാക്കേജ് നിരക്ക് ഗഡുക്കളായി അടക്കാനും കഴിഞ്ഞേക്കും. എന്നാൽ വിസ ഇഷ്യു ചെയ്യുന്നതിനു മുമ്പായി പണം പൂർണമായും ട്രാൻസ്ഫർ ചെയ്യേണ്ടിവരും. ഉംറ സേവന മേഖലയിലെ ഡിജിറ്റൽ പരിവർത്തന പദ്ധതിയുമായി ഒത്തുപോകുന്നതിന് സാധിക്കുന്നതിന് ഉംറ സർവീസ് കമ്പനികൾ സ്വയം പുരോഗതിയും വികാസവും കൈവരിക്കണം. അല്ലാത്ത പക്ഷം മറ്റു സ്ഥാപനങ്ങളുമായി മത്സരിക്കുന്നതിന് സർവീസ് കമ്പനികൾക്ക് സാധിക്കില്ലെന്നും മുഹമ്മദ് ബിൻ ബാദി പറഞ്ഞു. 

 

Latest News