കോട്ടയം - ബി.ജെ.പി കെ. സുരേന്ദ്രനെ പത്തനംതിട്ട സ്ഥാനാർഥിയായി ഏറെക്കുറെ ഉറപ്പിച്ചതോടെ പിന്നാലെ പി.സി. ജോർജ് പിന്മാറുന്നു. പത്തനംതിട്ട സീറ്റിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം കേരള ജനപക്ഷം നേതൃയോഗം ചേർന്നാണ് തീരുമാനിച്ചത്. കൂടാതെ മറ്റു ചില മണ്ഡലങ്ങളിലും കേരള ജനപക്ഷം മത്സരിക്കുമെന്നും അറിയിച്ചിരുന്നു. പക്ഷേ ഇന്നലെ കേരള ജനപക്ഷം നിലപാട് മാറ്റി. പി.സി ജോർജോ കേരള ജനപക്ഷത്തിന്റെ സ്ഥാനാർഥികളോ മത്സരിക്കുന്നില്ലെന്ന് കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റി അറിയിച്ചു. മതവിശ്വാസത്തെയും ആചാരത്തെയും അധിക്ഷേപിക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയത്തിനായി കേരള ജനപക്ഷം പ്രയത്‌നിക്കുമെന്നാണ് അറിയിപ്പ്. ഫലത്തിൽ ഈ തീരുമാനം ബി.ജെ.പിയെ ഒരു പരിധിവരെ സഹായിക്കും. കോൺഗ്രസിനും നിലപാട് അനുകൂലമാണ്.
പത്തനംതിട്ടയിൽ താൻ മത്സരിക്കുമെന്നും 1.75 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമാണ് ജോർജ് തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടത്. എന്നാൽ വിശ്വാസത്തെയും വിശ്വാസികളെയും സംരക്ഷിക്കുന്ന നിലപാടുളള മറ്റു സ്ഥാനാർഥികൾ വന്നാൽ പിന്മാറുമെന്ന് സൂചന നൽകിയിരുന്നു. പത്തനംതിട്ട അയ്യപ്പന്റെ നാടാണെന്നും അവിടെ വിശ്വാസം സംരക്ഷിക്കുന്നവർ മത്സരം രംഗത്ത് വരണമെന്നുമായിരുന്നു ജോർജിന്റെ ആവശ്യം. പത്തനംതിട്ടയിൽ 'വീണ' ജോർജ് വേണ്ടെന്നും 'വീഴാത്ത' ജോർജ് വാഴുമെന്നുമായിരുന്നു പി.സിയുടെ പ്രയോഗം.പത്തനംതിട്ടയിലെ ബി.ജെ.പി-കോൺഗ്രസ് സ്ഥാനാർഥികളെക്കുറിച്ച് തീർത്തും അനിശ്ചിതമായ സാഹചര്യത്തിലായിരുന്നു പി.സി ജോർജ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. അതിനു ശേഷമാണ് ആന്റോ ആന്റണി തന്നെയായിരിക്കും സ്ഥാനാർഥിയെന്ന് കോൺഗ്രസ് തീരുമാനിച്ചത്. ആന്റോയും ജോർജും വിരുദ്ധ ചേരിയിലായിരുന്നുവെങ്കിലും സമീപകാലത്ത് അതിൽ മാറ്റം വന്നിരുന്നു. ഇന്നലെ ബി.ജെ.പി കെ. സുരേന്ദ്രന്റെ പേര് ഏറെക്കുറെ ഉറപ്പിച്ചതോടെ ജോർജ് പിന്മാറുകയായിരുന്നു. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പാർലമെന്റ് തെരഞ്ഞെടുപ്പിലേക്കുളള നീക്കമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ പെടുന്ന പൂഞ്ഞാർ നിയമസഭാ മണ്ഡലത്തെ ഏഴു തവണയായി പ്രതിനിധീകരിക്കുന്ന ജോർജിന് സമീപത്തുളള മണ്ഡലങ്ങളിലുമുളള സ്വാധീനം പ്രയോജനപ്പെടുത്തി വിജയിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ഭീമമായ പ്രചാരണ ചെലവും മറ്റും പാർട്ടിക്ക് ബുദ്ധിമുട്ടാകുമെന്ന് കോട്ടയത്ത് ചേർന്ന യോഗം വിലയിരുത്തിയിരുന്നു.






