ലക്ഷദ്വീപിൽ വീണ്ടും ഹംദുല്ല സെയ്ദ് -മുഹമ്മദ് ഫൈസൽ പോരാട്ടം 

കൊച്ചി- പി.എം. സെയ്ദിന്റെ മകനും  മുൻ എം.പിയും പി.സി.സി പ്രസിഡന്റുമായ ഹംദുല്ല സെയ്ദും സിറ്റിംഗ് എം.പിയും എൻ.സി.പി നേതാവുമായ പി.പി മുഹമ്മദ് ഫൈസലും തമ്മിലാണ് ലക്ഷദ്വീപിൽ ഇക്കുറിയും ലോക്‌സഭയിലേക്കുള്ള പ്രധാന പോരാട്ടം. രണ്ടു പാർട്ടികളും കഴിഞ്ഞ ദിവസം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ദ്വീപുകളിൽ പ്രചാരണം ചൂടുപിടിച്ചു. 
എൻ.ഡി.എ സ്ഥാനാർഥിയായി ജനതാദൾ യുണൈറ്റഡിന്റെ ഡോ. കെ.പി മുഹമ്മദ് സാദിഖും സി.പി.എം സ്ഥാനാർഥിയായി ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറിയുമായ എം.പി ഷെരീഫ് ഖാനും സി.പി.ഐ സ്ഥാനാർഥിയായി കിൽത്താൻ ദ്വീപുകാരനും മത്സ്യത്തൊഴിലാളിയുമായ അലി അക്ബറും മത്സര രംഗത്തുണ്ട്. 
ലക്ഷദ്വീപിന്റെ രാഷ്ട്രീയ ചരിത്രം കോൺഗ്രസിന്റെ മുഖമായിരുന്ന പി.എം സെയ്ദ് എന്ന വ്യക്തിത്വത്തിനൊപ്പമാണ് നിലകൊണ്ടിരുന്നത്. ലക്ഷദ്വീപ് എം.പിയുടെ പര്യായം പി.എം സെയ്ദ് എന്നായിരുന്നു അക്കാലത്ത്. എന്നാൽ സമീപ കാലത്ത് കോൺഗ്രസിന് ദേശീയ തലത്തിൽ തിരിച്ചടി നേരിട്ടപ്പോൾ അതിന്റെ അനുരണനങ്ങൾ ലക്ഷദ്വീപിലുമുണ്ടായി. മണ്ഡലം കോൺഗ്രസിന് നഷ്ടമായി.
2009 ലെ തെരഞ്ഞെടുപ്പിൽ പി.എം സെയ്ദിന്റെ നിര്യാണത്തെ തുടർന്ന് മത്സരിച്ച ഹംദുള്ള സെയ്ദ് മികച്ച വിജയം നേടിയാണ് പാർലമെന്റിൽ എത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ എം.പി എന്ന നിലയിൽ ശ്രദ്ധേയനായ ഹംദുള്ളക്ക്  2014 ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താനായില്ല. എൻ.സി.പിയുടെ പി.പി മുഹമ്മദ് ഫൈസലിന് മുന്നിൽ 1535 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടു. 
1967 ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രപതി ലക്ഷദ്വീപ് എം.പിയെ നാമനിർദേശം ചെയ്യുകയായിരുന്നു പതിവ്. കോൺഗ്രസിന്റെ  കെ. നല്ലകോയ തങ്ങളാണ് 1957 മുതൽ 1967 വരെ ലോക്‌സഭയിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചത്. 1967 ൽ സ്വതന്ത്ര സ്ഥാനാർഥിയായ പി.എം സെയ്ദ് ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പാർലമെന്റിൽ എത്തി. പിന്നീട് 1971 ൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച പി.എം സെയ്ദ് തുടർച്ചയായി എട്ട് തവണ മണ്ഡലത്തിൽ വിജയിച്ചു. 
കേന്ദ്ര മന്ത്രിയും ലോക്‌സഭാ സ്പീക്കറുമായി ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങിയ ദ്വീപിന്റെ പ്രതിനിധി പി.എം സെയ്ദിന് കാലിടറിയത്  2004 ലെ തെരഞ്ഞെടുപ്പിലാണ്. ജനതാദൾ യുണെറ്റഡിലെ പി. പൂക്കുഞ്ഞികോയക്ക് മുന്നിൽ 71 വോട്ടിനാണ് പി.എം. സെയ്ദിന് ആദ്യത്തേതും അവസാനത്തേതുമായ പരാജയം നേരിടേണ്ടിവന്നത്. പിന്നീട് 2009 ൽ പി.എം സെയ്ദിന്റെ മകൻ ഹംദുള്ള സെയ്ദിലൂടെ കോൺഗ്രസ് ലക്ഷദ്വീപ് തിരിച്ചുപിടിച്ചു. എന്നാൽ 2014 ലെ തെരഞ്ഞെടുപ്പിൽ ഹംദുള്ള സെയ്ദിനെ പരാജയപ്പെടുത്തി എൻ.സി.പി യിലെ പി.പി മുഹമ്മദ് ഫൈസൽ ലക്ഷദ്വീപ് എം.പിയായി. ഇക്കുറി ശക്തമായ തിരിച്ചുവരവിന് കോൺഗ്രസ് ശ്രമിക്കുമ്പോൾ എൻ.സി.പി മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിലാണ്. 
തെരഞ്ഞടുപ്പ് പ്രഖ്യാപിക്കും മുമ്പേ സ്ഥാനാർഥി ചിത്രം വ്യക്തമാകുകയും പ്രചാരണം ആരംഭിക്കുകയും ചെയ്ത മണ്ഡലം കൂടിയാണ് ലക്ഷദ്വീപ്. കോൺഗ്രസിന് നഷ്ടമായ ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ കഴിഞ്ഞതും ഭൂരിപക്ഷം വില്ലേജ് ദ്വീപ് പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞതും കോൺഗ്രസിന് ശക്തി പകരുകയാണ്.  
കഴിഞ്ഞ ജനുവരിയിൽ ജില്ലാ പഞ്ചായത്ത് കവരത്തി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും കോൺഗ്രസിന് കുടൂതൽ ഊർജം നൽകി. കോൺഗ്രസിലെ അബ്ദുൽ റസാഖ് 155 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സീറ്റ് നിലനിർത്തിയത്. ഇതോടെ ജില്ലാ പഞ്ചായത്ത് കൗൺസിലിൽ കോൺഗ്രസിന്റെ അംഗബലം 22 ആയി വർധിച്ചു. പത്ത് വില്ലേജ് ദ്വീപുകളിൽ ഏഴെണ്ണത്തിലും ഭരണം കോൺഗ്രസിനാണ്. നഷ്ടപ്പെട്ട ഭരണം വീണ്ടെടുക്കാൻ കഴിഞ്ഞത് കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണ്. 
കേരളത്തിന് പുറത്ത് മലയാളം സംസാരിക്കുന്ന ഒരു ഭൂപ്രദേശമെന്ന നിലയിൽ കേരളവുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന ലക്ഷദ്വീപ് പക്ഷേ കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യമല്ല പിന്തുടരുന്നത്. കേന്ദ്ര ഭരണപ്രദേശം എന്ന നിലയിൽ ദേശീയ രാഷ്ട്രീയ കക്ഷികളുടെ ഭാഗമാകുന്നതിലാണ് ഇവിടെയുള്ളവർക്ക് താൽപര്യം. സി.പി.എമ്മും ബി.ജെ.പിയുമടക്കമുള്ള പാർട്ടികൾക്ക് നാമമാത്രമായ സ്വീകാര്യതയേ ദ്വീപ് സമൂഹത്തിനിടയിലുള്ളൂ. ജനസംഖ്യയിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള  ലക്ഷദ്വീപ് ഭൂമിശാസ്ത്രപരമായി വ്യത്യസ്തത നിലനിർത്തുന്ന ഭൂപ്രദേശമാണ്. കുറഞ്ഞ വോട്ടർമാർ ജനവിധി എഴുതുന്ന രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലമായ ലക്ഷദ്വീപ് ഏറ്റവും നേരത്തെ ഫലം പ്രഖ്യാപിക്കപ്പെടുന്ന മണ്ഡലമാണ്. 


 

Latest News