Sorry, you need to enable JavaScript to visit this website.

മോഡി മാത്രമല്ല, പുലര്‍ച്ച നാല് മണിവരെ താനും ഉറങ്ങിയില്ലെന്ന് നിര്‍മലാ സീതാരാമന്‍

ന്യൂദല്‍ഹി- പാക്കിസ്ഥാനിലെ ബാലാക്കോട്ട് ജയ്‌ശെ മുഹമ്മദ് കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തി ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റുമാര്‍ തിരിച്ചത്തിയതായി പുലര്‍ച്ച ഫോണ്‍ സന്ദേശം ലഭിച്ചതോടെയാണ് ആശ്വസമായതെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. സോണിയാ സിംഗ് എഴുതിയ ഡിഫൈനിങ് ഇന്ത്യ ത്രൂ ദെയര്‍ ഐയ്‌സ് എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.
ബാലകോട്ട് ദൗത്യത്തിനു ശേഷം പുലര്‍ച്ചെ നാലുമണിക്ക് തനിക്കൊരു ഫോണ്‍കോള്‍ ലഭിച്ചു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തിലായിരുന്നു ഞാന്‍. ഭീകരവാദത്തിനെതിരെ കയ്യും കെട്ടിനോക്കി നില്‍ക്കാന്‍ കഴിയില്ലെന്ന് പാക്കിസ്ഥാനെ ബോധ്യപ്പെടുത്തണമായിരുന്നു. ഫെബ്രുവരി 26 ന്  നമ്മുടെ പോര്‍വിമാനങ്ങള്‍ കൃത്യതയോടെ ലക്ഷ്യം കൈവരിച്ച് തിരിച്ചെത്തി. പുലര്‍ച്ചെ നാലുമണിക്കാണ് എന്നെ തേടി ആ ഫോണ്‍ കോള്‍ എത്തിയത്.
നമ്മുടെ എല്ലാ വൈമാനികരും സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഭീകരാവാദത്തിനു ശക്തമായ തിരിച്ചടി നല്‍കിയെന്നും അറിഞ്ഞ നിമിഷം ഞാന്‍ അനുഭവിച്ച സന്തോഷത്തെ വര്‍ണിക്കാന്‍ വാക്കുകളില്ല-നിര്‍മല സീതാരാമന്‍ പറയുന്നു.
പ്രതിരോധമന്ത്രി അറിയാതെയാണ് ബാലാക്കോട്ട് ആക്രമണം ആസൂത്രണം ചെയ്തതെന്ന മാധ്യമവാര്‍ത്ത കളവാണ്. തുടക്കം മുതല്‍ പൂര്‍ണമായും ഞാന്‍ ചിത്രത്തിലുണ്ടായിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിവുണ്ടായിരുന്നു. ഉത്തരവാദപ്പെട്ട എല്ലാവരുമായും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും നിര്‍മല സീതാ രാമന്‍  പറഞ്ഞു.
വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക്ക് പിടിയിലായപ്പോഴും വിവരങ്ങള്‍ സസൂക്ഷമം നിരീക്ഷിച്ചു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറില്‍നിന്ന് കൃത്യമായി വിവരങ്ങള്‍ അറിഞ്ഞിരുന്നു. അഭിനന്ദന്‍ തിരിച്ചെത്തുന്ന ദിവസം ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ വാഗാ അതിര്‍ത്തി കടന്ന് അഭിനന്ദന്‍ എത്തിയപ്പോള്‍ വലിയ ആശ്വാസം തോന്നി. അടുത്ത ദിവസം അദ്ദേഹത്തെ കണ്ടപ്പോഴും ആ ആത്മവിശ്വാസം അടുത്തറിഞ്ഞപ്പോഴും അഭിമാനം തോന്നി- പ്രതിരോധ മന്ത്രി വ്യക്തമാക്കി.
2008 ലെ മുംൈബ ഭീകരാക്രമണത്തിനു ശേഷം യു.പി.എ സര്‍ക്കാര്‍ ശക്തമായ തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ പുല്‍വാമ ഭീകരാക്രമണം സംഭവിക്കില്ലായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പത്ത് ദിവസം ഇന്ത്യ കാത്തിരുന്നു. പിന്നീടാണ് തിരിച്ചടിക്കു തീരുമാനിച്ചത്. പാക്കിസ്ഥാനില്‍ ആക്രമണം അഴിച്ചു വിടാനോ ഒരു യുദ്ധത്തിനു തയാറെടുക്കാനോ ഇന്ത്യ മുതിര്‍ന്നില്ല. ബാലാക്കോട്ടെ തീവ്രവാദ ക്യാമ്പിനെ കുറിച്ച്  കൃത്യമായ ഇന്റലിജന്‍സ് വിവരം ലഭിച്ചതിനു ശേഷം മാത്രമാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
ആണവായുധ ശേഷി വര്‍ധിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇക്കാര്യം ഇന്ത്യക്ക് അറിയാമെന്നും നിര്‍മലാ സീതാരാമന്‍ വെളിപ്പെടുത്തി. ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ഘടകങ്ങള്‍ പാക്കിസ്ഥാന്‍ വികസിപ്പിക്കുന്നുവെന്നതു സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്.  തന്ത്രപ്രധാനമായ ആണവായുധങ്ങള്‍ പാക്കിസ്ഥാന്‍ ആധുനികവത്കരിക്കുന്നുണ്ടെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

 

Latest News