Sorry, you need to enable JavaScript to visit this website.

ന്യൂസിലന്‍ഡില്‍ വെള്ളിയാഴ്ച ബാങ്കുവിളി റേഡിയോയിലും ടിവിയിലും പ്രക്ഷേപണം ചെയ്യും

മുസ്ലിം നേതാക്കള്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്കൊപ്പം. വെല്ലിങ്ടണില്‍ ഇമാമായ മലപ്പുറം സ്വദേശി സുബൈര്‍ സഖാഫി ഇടത്തേയറ്റം

വെല്ലിങ്ടണ്‍- ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് പള്ളികളില്‍ മുസ്ലിംവിരുദ്ധ തീവ്രവാദിയുടെ വെടിയേറ്റു മരിച്ചവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച രണ്ടു മിനിറ്റ് മൗനം ആചരിക്കുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ അറിയിച്ചു. ഭീകരാക്രമണം നടന്ന് ഒരാഴ്ച പിന്നിടുന്ന വെള്ളിയാഴ്ച ബാങ്കു വിളി ഔദ്യോഗിക റോഡിയോയിലും ടിവിയിലും പ്രക്ഷേപണം ചെയ്യും. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ മുസ്ലിം സമുദായ നേതാക്കളെ കണ്ടെന്നും പ്രയാസം നേരിടുന്നവര്‍ക്കുവേണ്ടിയുള്ള അവരുടെ നിര്‍ദേശങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. തലസ്ഥാനമായ വെല്ലിംങ്ടണിലെ പള്ളിയിലെ മലയാളി ഇമാമായ മലപ്പുറം ഊരകം സ്വദേശി സുബൈര്‍ സഖാഫിയും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

അതിനിടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശനിയാഴ്ച തുടക്കമായി. ക്രൈസ്റ്റ്ചര്‍ച്ചിലെ ലിന്‍വൂഡ് മെമോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഒത്തു ചേര്‍ന്നത്. കൊല്ലപ്പെട്ട എല്ലാവരേയും ഖബറടക്കുന്നത് ഇവിടെയാണ്. ഇവിടെ മയ്യിത്ത് നമസ്‌ക്കാരനത്തിന് സര്‍ക്കാര്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അംഗസ്‌നാനം ചെയ്യാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ഇവിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കാണ് പരിഗണനയെന്നും അവരുടെ സൗകര്യം മറ്റുള്ളവര്‍ മാനിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് അജ്ഞലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ കൂട്ടത്തോടെ എത്തിയ പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്.

 

Latest News