Sorry, you need to enable JavaScript to visit this website.

ആർ.എസ്.എസ് വോട്ട് വേണ്ട-കെ. മുരളീധരൻ

തിരുവനന്തപുരം- ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ യു.ഡി.എഫിന് ആർ.എസ്.എസ് വോട്ട് ആവശ്യമില്ലെന്ന് കെ. മുരളീധരൻ. കോൺഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യമെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പരാജയഭീതിയിൽ സി.പി.എമ്മിന് സമനില നഷ്ടപ്പെട്ടിരിക്കുന്നുവെന്നും മുരളീധരൻ ആരോപിച്ചു. 
വടകര ലോക്‌സഭ മണ്ഡലത്തിൽ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. കേരളം മുഴുവനും അക്രമരാഷ്ട്രീയത്തിന് എതിരാണ്. കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.എ സർക്കാർ അധികാരത്തിൽ വരാൻ ഇന്ത്യ ആഗ്രഹിക്കുന്നു. വടകരയിലെ ജനങ്ങളും ഇതേ ആഗ്രഹത്തിലാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ മണ്ഡലം കാത്തുസൂക്ഷിക്കുമെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിക്കുമെന്നും മുരളി വ്യക്തമാക്കി.
മുരളീധരന്റെ കുറിപ്പ്:
രാജ്യം ഉറ്റു നോക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സുപ്രധാനമായ ഒരു ദൗത്യമാണ് പാർട്ടി എന്നെ ഏല്പിച്ചിരിക്കുന്നത്. വടകരയിൽ മത്സരിക്കണമെന്ന പാർട്ടിയുടെ ആവശ്യം നൂറു ശതമാനം ആത്മാർത്ഥതയോടും ആത്മവിശ്വാസത്തോടെയും ശിരസാ വഹിക്കുകയാണ്. പുതിയൊരു പോരാട്ടത്തിനാണ് തുടക്കം കുറിക്കുന്നത്.
ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കുന്നത്.
അരും കൊലരാഷ്ട്രീയത്തിനു അന്ത്യം കുറിച്ചേ മതിയാകൂ. ഇനി ഒരു കുടുംബവും അനാഥമാകാൻ പാടില്ല. ഇനി ഒരു അമ്മയുടെയും സഹോദരിയുടെയും കണ്ണുനീർ ഇവിടെ വീഴുവാൻ പാടില്ല. ഈ ചോരക്കളിക്കെതിരെ വടകര വിധി എഴുതുക തന്നെ ചെയ്യും. കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ താക്കീതാകും വടകര നൽകുക.
അരിയിൽ ഷുക്കൂറിന്റെ ഉമ്മയുടെ...
ചന്ദ്രശേഖരന്റെ ഭാര്യയുടെ...
ശുഹൈബിന്റെ കുടുംബത്തിന്റെ...
ശരത് ലാലിന്റെയും കൃപേഷിന്റേയും തീരാവേദനയുടെ...
വെട്ടി നുറുക്കപ്പെട്ട ഒരുപാട് പേരുടെ... ഓർമകളും നെഞ്ചിലേറ്റിയാണ് വടകരയിൽ എത്തുന്നത്.
കേന്ദ്രത്തിൽ മോഡിയും കേരളത്തിൽ പിണറായിയും തീർത്ത ജനദ്രോഹ നടപടികൾ ജനജീവിതം ദുസ്സഹമാക്കി മാറ്റിയിരിക്കുന്നു.
ഇതിനുള്ള പരിഹാരം പാർലിമെന്റ് തിരഞ്ഞെടുപ്പിലെ ജനവിധിയാണ്.
വർഗീയതയും മതേതരത്വവും തമ്മിൽ നേർക്കുനേർ പോരാടുമ്പോൾ... രാഹുൽഗാന്ധി ജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യകതയും നിലനിൽപ്പുമാണ്.
ഇന്ന് മുരളീമന്ദിരത്തിലെത്തും...
അച്ഛനും അമ്മയും അന്തിയുറങ്ങുന്ന മണ്ണിൽ പുഷ്പാർച്ചന നടത്തും...
അച്ഛന്റെ പാതയിലൂടെയാണ് എന്നും സഞ്ചരിക്കാൻ ശ്രമിച്ചിട്ടുള്ളത്...
അനീതിക്കും അക്രമത്തിനും എതിരെയുള്ള പോരാട്ടത്തിൽ എന്നും കരുത്തുപകരുന്നത് അച്ഛന്റെ ശൈലിയും ഓർമകളും ആണ്. വൈകുന്നേരം ഗുരുവായൂർ ദർശനത്തിനു ശേഷം നാളെ വടകരയിൽ എത്തും. ജനാധിപത്യത്തിനും മതേതരത്തിനും വേണ്ടി വിശ്രമമില്ലാത്ത പോരാട്ടത്തിനു തുടക്കമിടുമ്പോൾ വടകരയിലെ ജനാധിപത്യ മതേതര വിശ്വാസികളുടെ മനഃസാക്ഷിയും പിന്തുണയും ഉണ്ടാകുമെന്നു ഉത്തമമായ വിശ്വാസം ഉണ്ട്.
എല്ലാ പ്രിയപെട്ടവരുടെയും സ്‌നേഹവും പ്രാർത്ഥനയും അകമഴിഞ്ഞ പിന്തുണയും ഹൃദയപൂർവം അഭ്യർത്ഥിക്കുകയാണ്.


 

Latest News