മക്ക - അൽശറായിഅ് ഡിസ്ട്രിക്ടിൽ നിയന്ത്രണം വിട്ട ജീപ്പ് വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി. ഇന്നലെ രാവിലെയാണ് അപകടം. പതിനഞ്ചു വയസ്സ് കവിയാത്ത രണ്ടു ബാലന്മാർ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനത്തിനു മുന്നിൽ ജീപ്പ് നിർത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജീപ്പ് നിർത്തി പുറത്തിറങ്ങി ഇരുവരും സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരിച്ചിറങ്ങി ജീപ്പിൽ കയറി സ്ഥലം വിടുന്നതിന് ശ്രമിച്ച് ബാലൻ റിവേഴ്സ് ഗിയറിനു പകരം ഓട്ടോമാറ്റിക് ഗിയർ മുന്നിലേക്ക് മാറ്റുകയായിരുന്നു.
ഇതോടെ നിയന്ത്രണം വിട്ട ജീപ്പ് സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി. മുൻവശത്തെ ചില്ല് തകർത്ത ജീപ്പ് കാഷ് കൗണ്ടറിനു സമീപമാണ് നിന്നത്. ഈ സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന ഉപയോക്താക്കളും ജീവനക്കാരും ഭാഗ്യം കൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഉപയോക്താവ് വാങ്ങിയ സാധനങ്ങളുടെ വില കണക്കുകൂട്ടുന്നതിനിടെയാണ് ജീപ്പ് സ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയതെന്ന് സുഡാൻകാരനായ കാഷ്യർ പറഞ്ഞു. ഇതു കണ്ട് ഉപയോക്താവ് ബഹളം വെച്ച് ഓടിയതോടെ താനും മറ്റു ഉപയോക്താക്കളും ഒരു മൂലയിലേക്ക് ഓടിമാറിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെടുന്നതിന് സാധിച്ചത്. പത്തു വയസ്സ് പ്രായമുള്ള ബാലനാണ് ജീപ്പ് ഓടിച്ചിരുന്നതെന്നും സുഡാനി പറഞ്ഞു. സുരക്ഷാ വകുപ്പുകൾ സ്ഥലത്തെത്തി ബാലനെ പിന്നീട് കസ്റ്റഡിയിലെടുത്തു.






