- 8600 കോടി റിയാലിന്റെ പദ്ധതികൾക്ക് തുടക്കം
റിയാദ് - തലസ്ഥാന നഗരിയുടെ മുഖഛായ മാറ്റുന്നതിനും പരിസ്ഥിതി സൗഹൃദ നഗരമാക്കി പരിവർത്തിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് 8600 കോടി റിയാലിന്റെ നാലു വൻകിട പദ്ധതികൾക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സമാരംഭം കുറിച്ചു. കിംഗ് സൽമാൻ പാർക്ക്, ഗ്രീൻ റിയാദ് പദ്ധതി, സ്പോർട്സ് ട്രാക്ക് പദ്ധതി, റിയാദ് ആർട്ട് പദ്ധതി എന്നിവക്കാണ് രാജാവ് തുടക്കം കുറിച്ചത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ മേജർ പ്രൊജക്ട്സ് കമ്മിറ്റിയാണ് പദ്ധതികൾ നടപ്പാക്കുന്നത്.
പുതിയ പദ്ധതികൾ സ്വദേശികൾക്ക് 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക, വിദേശ നിക്ഷേപകർക്കു മുന്നിൽ 5000 കോടി റിയാലിന്റെ പാർപ്പിട, ഹോട്ടൽ, ഓഫീസ്, വിദ്യാഭ്യാസ, ആരോഗ്യ, സ്പോർട്സ്, വിനോദ, വാണിജ്യ നിക്ഷേപാവസരങ്ങളും പദ്ധതികൾ ലഭ്യമാക്കും. പുതിയ പദ്ധതികളെ കുറിച്ച പഠനങ്ങളും പ്ലാനുകളും തയാറാക്കുന്ന ജോലികൾ പൂർത്തിയാക്കിവരികയാണ്. ഈ വർഷം രണ്ടാം പകുതിയിൽ പദ്ധതികളുടെ നിർമാണ ജോലികൾ ആരംഭിക്കും.
ഗ്രീൻ റിയാദ് പദ്ധതിയിലൂടെ റിയാദ് നിവാസികളിൽ ഓരോരുത്തർക്കുമുള്ള ഹരിതവൽക്കൃത പ്രദേശത്തിന്റെ വിസ്തൃതി 1.7 ചതുരശ്ര മീറ്ററിൽ നിന്ന് 28 ചതുരശ്ര മീറ്ററായി (പതിനാറിരട്ടി) ഉയർത്തുന്നതിന് ലക്ഷ്യമിടുന്നു. ഈ പദ്ധതികളിലൂടെ റിയാദിലെ ഹരിതവൽക്കൃത പ്രദേശങ്ങളുടെ വിസ്തൃതി നഗരത്തിന്റെ ആകെ വിസ്തൃതിയുടെ ഒന്നര ശതമാനത്തിൽ നിന്ന് ഒമ്പതു ശതമാനമായി വർധിക്കും. ഹരിതവൽക്കൃത പ്രദേശങ്ങളുടെ വിസ്തൃതി 541 ചതുരശ്ര കിലോമീറ്ററായി പദ്ധതി ഉയർത്തും.
ലോകത്തെ ഏറ്റവും വലിയ നഗര പാർക്ക് സ്ഥാപിച്ചും 75 ലക്ഷത്തിലേറെ മരങ്ങൾ നട്ടുപിടിപ്പിച്ചും ഈ ലക്ഷ്യം സാക്ഷാൽക്കരിക്കും. 3330 പാർക്കുകളിലും 43 വലിയ പാർക്കുകളിലും 9000 മസ്ജിദുകളിലും 6000 സ്കൂളുകളിലും 64 യൂനിവേഴ്സിറ്റികളിലും കോളേജുകളിലും 390 ആരോഗ്യ സ്ഥാപനങ്ങളിലും 1670 സർക്കാർ സ്ഥാപനങ്ങളിലും 16,400 കിലോമീറ്റർ ദൈർഘ്യമുള്ള റോഡു വക്കുകളിലും 2000 കാർ പാർക്കിംഗുകളിലും ഹൈടെൻഷൻ വൈദ്യുതി കേബിളുകളും പെട്രോളിയം പൈപ്പ്ലൈനുകളും കടന്നുപോകുന്ന 1100 കിലോമീറ്റർ നീളത്തിലുള്ള പ്രദേശങ്ങളിലും 1,75,000 കാലിസ്ഥലങ്ങളിലും 272 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള താഴ്വരകളിലും മരങ്ങൾ വെച്ചുപിടിപ്പിക്കും. നഗരത്തിൽ കാർബൺ ഡയോക്സൈഡിന്റെ അനുപാതം മൂന്നു മുതൽ ആറു ശതമാനം വരെ കുറച്ചും ഓക്സിജൻ വർധിപ്പിച്ചും അന്തരീക്ഷത്തിലെ പൊടി കുറച്ചും വേനൽക്കാലത്ത് ഒന്നര ഡിഗ്രി മുതൽ രണ്ടു ഡിഗ്രി വരെ താപനില കുറച്ചും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വൃക്ഷവൽക്കരണം സഹായിക്കും.
പ്രാദേശിക, അന്താരാഷ്ട്ര പ്രശസ്തരായ കലാകാരന്മാരുടെ ആയിരം കലാസൃഷ്ടികൾ വഴി റിയാദ് നഗരത്തെ തുറസ്സായ പ്രദർശന കേന്ദ്രമാക്കി മാറ്റുകയാണ് റിയാദ് ആർട്ട് പദ്ധതി ചെയ്യുക. മ്യൂസിയങ്ങളും തിയേറ്ററുകളും എക്സിബിഷൻ കേന്ദ്രങ്ങളും സിനിമാ തിയേറ്ററുകളും ആർട്സ് അക്കാഡമികളും സ്ഥാപിച്ച് സാംസ്കാരിക, കലാ വശങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കിഴക്കൻ റിയാദിനെ പടിഞ്ഞാറൻ റിയാദുമായി 135 കിലോമീറ്റർ നീളത്തിൽ ബന്ധിപ്പിക്കുന്ന സ്പോർട്സ് ട്രാക്ക് സ്ഥാപിക്കുന്നതിലൂടെ വ്യത്യസ്ത ഇനങ്ങളിൽ പെട്ട വ്യായാമ മുറകൾ ചെയ്യുന്നതിന് നഗരവാസികളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
കാൽനട യാത്രക്കാർക്കും സൈക്കിളുകൾക്കും കുതിര സവാരിക്കുമുള്ള ട്രാക്കുകളും വൈവിധ്യമാർന്ന സ്പോർട്സ്, കലാ, സാംസ്കാരിക, വിനോദ, പരിസ്ഥിതി സ്ഥാപനങ്ങളും അടങ്ങിയതാണ് സ്പോർട്സ് ട്രാക്ക് പദ്ധതി.
കിംഗ് സൽമാൻ വ്യോമ താവളത്തിൽ (പഴയ റിയാദ് എയർപോർട്ട്) 13.4 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് ലോകത്തെ ഏറ്റവും വലിയ നഗര പാർക്ക് സ്ഥാപിക്കുന്നത്. നഗരമധ്യത്തിൽ, റിയാദിലെ ആറു പ്രധാന റോഡുകളുമായും റിയാദ് മെട്രോ ഗ്രീൻ ലൈനിലെ അഞ്ചു സ്റ്റേഷനുകളും പത്തു ബസ് സ്റ്റേഷനുകളുമായും ബന്ധിപ്പിക്കുന്ന കിംഗ് സൽമാൻ പാർക്കിൽ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ളവർക്ക് എളുപ്പത്തിൽ എത്തിപ്പെടുന്നതിന് സാധിക്കും. കാൽനടയാത്രക്കാർക്കും വ്യായാമം ചെയ്യുന്നവർക്കും ഏഴര കിലോമീറ്റർ നീളത്തിൽ വൃത്താകൃതിയിലുള്ള ട്രാക്കും ഇവിടെയുണ്ടാകും. 2500 സീറ്റുകൾ അടങ്ങിയ നാഷണൽ തിയേറ്റർ, വ്യത്യസ്ത വലിപ്പങ്ങളിലുള്ള അഞ്ചു തിയേറ്ററുകൾ, 8000 സീറ്റുകളുള്ള ഓപൺ എയർ തിയേറ്റർ, മൂന്നു സിനിമാ തിയേറ്ററുകൾ അടങ്ങിയ കോംപ്ലക്സ്, സ്പോർട്സ് അക്കാഡമികൾ, ഇൻസ്റ്റിറ്റിയൂട്ടുകൾ, കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള കേന്ദ്രം എന്നിവ അടങ്ങിയ റോയൽ ആർട്സ് കോംപ്ലക്സ്, വ്യത്യസ്തങ്ങളായ ഏഴു മ്യൂസിയങ്ങൾ, 40,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആഘോഷ വേദി, എട്ടര ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള റോയൽ ഗോൾഫ് കോർട്ട്, അര ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്പോർട്സ് കോംപ്ലക്സ്, വാട്ടർ തീം പാർക്ക്, 12,000 പാർപ്പിട യൂനിറ്റുകൾ അടങ്ങിയ റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ, പതിനാറു ഹോട്ടലുകൾ എന്നിവയെല്ലാം കിംഗ് സൽമാൻ പാർക്കിലുണ്ടാകും.
റിയാദിലെ പ്രധാന റോഡിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പേരിടുന്നതിനും സൽമാൻ രാജാവ് നിർദേശിച്ചു. പടിഞ്ഞാറ് കിംഗ് ഖാലിദ് റോഡിനെയും കിഴക്ക് ജനാദ്രിയ റോഡിനെയും ബന്ധിപ്പിക്കുന്ന, മുപ്പതു കിലോമീറ്റർ നീളമുള്ള റോഡിനാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പേരിട്ടിരിക്കുന്നത്. ഈ റോഡിനോട് ചേർന്നാണ് സ്പോർട്സ് ട്രാക്ക് പദ്ധതി നടപ്പാക്കുന്നത്.






