ഒടുവിൽ പട്ടിക പൂർത്തിയായപ്പോൾ ഉമ്മൻ ചാണ്ടിക്ക് എണ്ണം പറയാൻ ആറ് സ്ഥാനാർഥികൾ. ഇണങ്ങിയും പിണങ്ങിയും മോഹിച്ചതെല്ലാം പിടിച്ചെടുത്ത് അദ്ദേഹം വീണ്ടും ശക്തി തെളിയിച്ചു.
കോട്ടയം- ലോക്‌സഭാ സീറ്റ് നിർണയത്തിൽ ഉമ്മൻ ചാണ്ടിയുടെ കരുനീക്കങ്ങൾക്ക് വെന്നിക്കൊടി. ഇക്കുറി ആറു സീറ്റുകൡ എ ഗ്രൂപ്പിന്റെ സ്ഥാനാർഥികൾ. മൂന്നു ഹൈക്കമാന്റ് പക്ഷം. ഐ ഗ്രൂപ്പിന് രണ്ട്. കെ.പി.സി.സി പ്രസിഡന്റ്, ആന്റണി പക്ഷത്ത് ഓരോരുത്തർ. സീറ്റ് നിർണയം പൂർത്തിയാകുമ്പോഴുളള ചിത്രം ഇതാണ്.
ലോക്‌സഭയിലേക്ക് കോൺഗ്രസിലെ എല്ലാ ഗ്രൂപ്പുകളെയും പിന്നിലാക്കി ഉമ്മൻ ചാണ്ടിയുടെ സ്വന്തം സ്ഥാനാർഥികൾ പട്ടികയിലെത്തി. ടി. സിദ്ദിഖ് മുതൽ കെ. മുരളീധരന്റെ അപ്രതീക്ഷിത വടകര പ്രവേശം വരെ എ ഗ്രൂപ്പിന്റെ അതിസമർഥമായ നീക്കങ്ങളാണ്. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് മൂന്നു സീനിയർ നേതാക്കൾ പിൻവാങ്ങിയപ്പോൾ എ ഗ്രൂപ്പ് പിടിമുറുക്കി. എല്ലാം അറിഞ്ഞിട്ടും ഐ ഗ്രൂപ്പ് നേരിയ പിണക്കത്തോടെ വിട്ടുകൊടുക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിൽ എ ഗ്രൂപ്പിന്റെ പിന്തുണ ഉറപ്പാക്കാനുളള ഐ ഗ്രൂപ്പ് മറുതന്ത്രം.
ഡീൻ കുര്യാക്കോസ്, ടി.സിദ്ദിഖ്, ബെന്നിബഹനാൻ, കെ. മുരളീധരൻ എന്നിവരെയെല്ലാം മത്സരിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത് എ ഗ്രൂപ്പാണ്. ഏറ്റവും ഒടുവിൽ കീറാമുട്ടിയായ വടകരക്കായി മുല്ലപ്പള്ളിയെ നിർബന്ധിക്കുമ്പോഴെല്ലാം കെ. മുരളീധരനായി എ വിഭാഗം സമ്മർദം മുറുക്കുകയായിരുന്നു. വടകരയിൽ മുരളീധരനെ എ ഗ്രൂപ്പ് നേരത്തെ മനസിൽ കുറിച്ചതാണ്. മുല്ലപ്പള്ളിക്ക് രണ്ടാം അങ്കത്തിന് താൽപര്യം ഉണ്ടോ എന്നറിയുക മാത്രമായിരുന്നു ലക്ഷ്യം. കെ.പി.സി.സി അധ്യക്ഷനെന്ന നിലയിൽ തനിക്ക് തിരക്കിട്ട സംഘടനാ ചുമതലകൾ നിർവഹിക്കാനുണ്ടെന്ന് ദേശീയ നേതൃത്വത്തെ പലതവണ മുല്ലപ്പള്ളി ധരിപ്പിച്ചു.
മുല്ലപ്പള്ളിയല്ലെങ്കിൽ വി.എം സുധീരൻ. ഇതായി ഒരു ഘട്ടത്തിൽ നിലപാട്. എന്നാൽ സുധീരനും നിരസിച്ചു. ഇതോടെയാണ് ഉമ്മൻ ചാണ്ടി ഇടപെട്ടത്. കെ. മുരളീധരനെ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്. നിയമസഭാംഗമായ മുരളിക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാൻ താൽപര്യമില്ലായിരുന്നു. പക്ഷേ വടകര പോലെ ഒരു മണ്ഡലത്തിൽ പൊരുതാൻ മുരളീധരനെ സാധിക്കൂ എന്ന് പറഞ്ഞതോടെ അത് സ്വീകരിച്ചു. കഴിഞ്ഞ തവണ കാസർകോട് പരാജയപ്പെട്ട സിദ്ദിഖിന് സുരക്ഷിത മണ്ഡലം ഉമ്മൻ ചാണ്ടി കരുതിവെച്ചിരിക്കുകയായിരുന്നു. വയനാട് യു.ഡി.എഫിന് അനായാസം വിജയിക്കാമെന്ന കണക്കുകൂട്ടലാണ് ഇതിന് പിന്നിൽ. എന്നാൽ വയനാട്ടിൽ സിദ്ദിഖിനെ മത്സരിപ്പിക്കുന്നതിനോട് ഐ ഗ്രൂപ്പ് വിയോജിച്ചു. ഉമ്മൻ ചാണ്ടി ഉറച്ചുനിന്നു. ശനിയാഴ്ച വയനാടിന്റെ കാര്യത്തിൽ നീരസത്തോടെയാണ് ഉമ്മൻ ചാണ്ടി നാട്ടിലേക്ക് മടങ്ങിയത്. ഞായറാഴ്ച യു.ഡി.എഫ് ജില്ലാ യോഗത്തിൽ സംബന്ധിച്ച് പുതുപ്പള്ളിയിലും ഓട്ടപ്രദക്ഷിണം നടത്തി ഞായറാഴ്ച രാത്രി തിരിച്ചെത്തി. ശേഷം തിങ്കളാഴ്ച വീണ്ടും നടന്ന ചർച്ചയിലാണ് ഐ ഗ്രൂപ്പ് പിൻവാങ്ങിയത്. കോൺഗ്രസ് സ്ഥാനാർഥികളിൽ ശശി തരൂർ ഗ്രൂപ്പുകൾക്കതീതനാണ്. പത്തനംതിട്ട-ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്- ഇടുക്കി, ചാലക്കുടി- ബെന്നി ബഹനാൻ, വയനാട്- ടി സിദ്ദിഖ്, കോഴിക്കോട്-എം.കെ രാഘവൻ എന്നിവർ ഉമ്മൻ ചാണ്ടി പക്ഷത്തുളളവരായാണ് കണക്കാക്കുന്നത്. എം.കെ രാഘവനും, ആന്റോയും ഇടക്ക് എ.കെ ആന്റണിയോട് കൂടുതൽ ആഭിമുഖ്യം പുലർത്തിയതായി എ വിഭാഗം സംശയിച്ചിരുന്നു. കെ. സുധാകരൻ ഐ ഗ്രൂപ്പിലാണെങ്കിലും സമീപകാലത്ത് അൽപം അകൽച്ചയിലാണ്. വി.കെ. ശ്രീകണ്ഠൻ- പാലക്കാട്, ഹൈബി ഈഡൻ- എറണാകുളം, എന്നിവർ ഐ ഗ്രൂപ്പിന്റെ ഉറച്ച പോരാളികളാണ്. ഷാനിമോൾ ഉസ്മാൻ- ആലപ്പുഴ, രമ്യ ഹരിദാസ്- ആലത്തൂർ എന്നിവർ നിഷ്പക്ഷരായാണ് കണക്കാക്കുന്നത്. രമ്യ ഹൈക്കമാന്റിന്റെ പ്രതിനിധിയാണ്. രാജ്‌മോഹൻ ഉണ്ണിത്താൻ മുല്ലപ്പള്ളിയോട് ആഭിമുഖ്യം പുലർത്തുന്നു. ടി.എൻ പ്രതാപൻ എ.കെ ആന്റണിയുടെയും സുധീരന്റെയും ആളായാണ് അറിയപ്പെടുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കേരളത്തിൽനിന്നു ദേശീയ രാഷ്ട്രീയത്തിലേക്ക് ഉമ്മൻ ചാണ്ടി തട്ടകം മാറ്റിയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി ദൽഹിയിലെത്തിയ ചാണ്ടി ഹൈക്കമാന്റുമായുളള ബന്ധം വിപുലമാക്കി. മുഖ്യമന്ത്രിയായിരിക്കെ ഏറെ വെള്ളം കുടിപ്പിച്ച ഐ ഗ്രൂപ്പിനോട് കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ചു. അടുത്ത മുഖ്യമന്ത്രി പദം ഐ ഗ്രൂപ്പ് ലക്ഷ്യമിട്ടിരിക്കുന്നതിനാൽ ഉമ്മൻ ചാണ്ടിയെ പിണക്കാനും കഴിയില്ല. ഇതോടെയാണ് അവർ തന്ത്രപരമായി പിൻമാറിയത്.






