അദൃശ്യ സാന്നിധ്യമാകുന്ന ഇ.എം.എസ് 

കമ്യൂണിസ്റ്റ് ആചാര്യൻ വിട വാങ്ങിയ ശേഷം നടക്കുന്ന അഞ്ചാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷ രാഷ്ട്രീയ ഭൂമികയിൽ ആ അദൃശ്യസാന്നിധ്യമുണ്ട്. 

ഇ.എം.എസ് എന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് കാലത്തിന്റെ  ആവേശവും ചൈതന്യവുമായിരുന്നു. അദ്ദേഹം  വിടപറഞ്ഞ് ഇരുപത്തിയൊന്ന് വർഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് കാലത്തും പഴയ തലമുറയും നവതലമുറയും  ആ ശൂന്യത അനുഭവിക്കുന്നു. പ്രത്യേകിച്ച്  ഇടതുപക്ഷവും സി.പി.എമ്മും. 
1998 മാർച്ച് 19നാണ് അദ്ദേഹം വിട പറഞ്ഞത്. പന്ത്രണ്ടാം ലോക്‌സഭ തെരഞ്ഞെടുപ്പ് രംഗം അവസാനഘട്ടത്തിലെത്തി നിൽക്കുന്ന ചരിത്ര സന്ദർഭത്തിൽ. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ആ തെരഞ്ഞെടുപ്പിൽ എൽ.കെ. അദ്വാനി കേന്ദ്ര സർക്കാരിന്റെ ആദരമർപ്പിക്കാനായി സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തുകയുണ്ടായി.  സത്യപ്രതിജ്ഞക്ക് ശേഷമുള്ള  അദ്ദേഹത്തിന്റെ ആദ്യ യാത്ര.  അതിന് ശേഷം നാല് ലോക്‌സഭ തെരഞ്ഞെടുപ്പുകളും നിരവധി മറ്റ്  തെരഞ്ഞെടുപ്പുകളും കഴിഞ്ഞുപോയി. ഇ.എം.എസിന്റെ ശൂന്യത നികത്താൻ മാത്രം ആർക്കും സാധിച്ചില്ല. 
മരണദിവസവും അദ്ദേഹം പതിവ് പോലെ പ്രഭാതത്തിൽ ഉണർന്നു. പ്രഭാതഭക്ഷണത്തിനും  പത്രപാരായണത്തിനും ശേഷം ലേഖനമെഴുത്തിലേക്ക്. അന്ന് രണ്ട് ലേഖനങ്ങളാണ് പാർട്ടി പത്രത്തിനു വേണ്ടി തയാറാക്കിയതെന്ന് അക്കാലം ഓർമ്മയുള്ളവർ അനുസ്മരിക്കുന്നു. 'കോൺഗ്രസ്, ബി.ജെ.പി, ഇടതുപക്ഷപാർട്ടികൾ ' എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗമാണ് അദ്ദേഹം അവസാനമായി എഴുതിയത്. തുടരും... എന്ന് ലേഖനത്തിൽ എഴുതിയെങ്കിലും അതിനദ്ദേഹത്തിന് കഴിഞ്ഞില്ല. എൺപത്തി ഒമ്പതാമത്തെ വയസ്സിലാണെങ്കിലും അപ്ര തീക്ഷിതമായിരുന്നു വിട പറയൽ. എത്രയോ പതിറ്റാണ്ടുകളുടെ രാഷ്ട്രിയ സജീവതക്ക് ശേഷമുള്ള വിടവാങ്ങൽ. തെരഞ്ഞെടുപ്പ് കാലത്ത് ഇ.എം.എസിനെ കേൾക്കാൻ രാഷ്ട്രീയ എതിരാളികളും മൈലുകൾ താണ്ടി മൈതാനങ്ങളിലേക്ക് എത്തുമായിരുന്നു. 
ശൈലീമനോഹരമൊന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രസംഗം. സഖാക്കളെ, സുഹൃത്തുക്കളെ എന്ന അതിലളിതമായ സംബോധനയിൽ തുടങ്ങി ഉമിത്തീക്ക് തീപിടിക്കുന്നതു പോലുള്ള പ്രസംഗരീതി. പ്രസിദ്ധമായ വിക്ക് പ്രസംഗ ഒഴുക്കിനെ അൽപ്പംപോലും ബാധിച്ചില്ല. എപ്പോഴും വിക്കുണ്ടാകുമോ എന്ന്  ചോദിച്ചപ്പോൾ, ഇല്ല സംസാരിക്കുമ്പോൾ മാത്രം എന്നൊക്കെയുള്ള  നമ്പൂതിരി ഫലിതമെല്ലാം എത്രയോ തവണ കേരളം കേട്ടു. തെരഞ്ഞെടുപ്പ് കാലത്ത് ഇ.എം.എസ് എന്തു പറയുന്നുവെന്ന് കേരളത്തിലെ മൈതാനങ്ങൾ കാതോർത്തു. എത്രയെത്ര രാഷ്ട്രീയ വിവാദങ്ങൾക്കാണ് അദ്ദേഹം കേരളത്തിന്റെ മൈതാനങ്ങളിൽ വെച്ച്  തിരികൊളുത്തിയത്. അനാരോഗ്യവും അവശതകളും ചിന്തയുടെ തെളിമയെ ഒരിക്കൽപ്പോലും ബാധിച്ചില്ല. പ്രസംഗങ്ങളിൽ പറയാനുള്ളത് മാത്രം പറഞ്ഞു. നാക്കുപിഴകൾ അപൂർവ്വം. പറയേണ്ട രാഷ്ട്രീയമെല്ലാം അടുക്കിലും ചിട്ടയിലും പറഞ്ഞ ശേഷം സ്വന്തം മുന്നണിയുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന അഭ്യർഥനയിൽ പ്രസംഗങ്ങൾക്ക് ഉപസംഹാരം.
തെരഞ്ഞെടുപ്പ് പര്യടനങ്ങൾക്ക്  പോകുമ്പോൾ ചില സ്ഥലങ്ങളിലെ പ്രധാന പത്രപ്രവർത്തകരെക്കണ്ട് സ്ഥിതിഗതി മനസ്സിലാക്കൽ അദ്ദേഹത്തിന്റെ രീതിയായിരുന്നു. പ്രധാന പത്രങ്ങളുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ലേഖകരെ അതിനദ്ദേഹം ആശ്രയിച്ചു. അന്ന് അത്തരം  ആളുകളെ കണ്ടെത്തുക എളുപ്പമായിരുന്നു. സ്വന്തം പാർട്ടിക്കാരും, പാർട്ടി പത്രക്കാരും പറയുന്നതിനപ്പുറമായിരിക്കും കാര്യങ്ങളെന്ന് അദ്ദേഹത്തിന് ബോധ്യമുള്ളതുകൊണ്ടായിരുന്നു ഈ രീതി. അദ്ദേഹം പാർട്ടി പത്രത്തിനായി പറഞ്ഞെഴുതിക്കുന്ന പ്രത്യയശാസ്ത്ര ലേഖനങ്ങളിൽ അദ്ദേഹം തിരുത്ത് വരുത്തിക്കഴിഞ്ഞാൽ അത് പിന്നെ എഡിറ്റ് ചെയ്യാൻ ആർക്കും സാധിക്കുമായിരുന്നില്ലെന്ന് പാർട്ടി പത്രത്തിൽ  അദ്ദേഹത്തിന്റെ ലേഖനങ്ങൾ കൈകാര്യം ചെയ്ത  പത്രാധിപന്മാർ  സാക്ഷ്യപ്പെടുത്തുന്നു.
ഇ.എം.എസ് എഴുതിയും പ്രസംഗിച്ചും സൃഷ്ടിച്ചെടുത്ത പ്രത്യയ ശാസ്ത്ര ഭൂമികയിലാണ് ഇന്നും സി.പി.എം സഖാക്കൾ രാഷ്ട്രീയ പ്രവർത്തനവും തെരഞ്ഞെടുപ്പ് പ്രവർത്തനവും നടത്തുന്നത്. ഇന്നിപ്പോൾ തെരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പോഴും രാഷ്ട്രീയ  പ്രത്യയശാസ്ത്ര എഴുത്തിനും പ്രസംഗങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നവരാണ് ഭൂരിപക്ഷം നേതാക്കളും. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും വന്ന മാറ്റമാണ് ഈ അവസ്ഥക്ക് കാരണം. പ്രത്യയശാസ്ത്രമുള്ള പാർട്ടി എന്നൊക്കെ എല്ലാവരും  വീമ്പു പറയുമെങ്കിലും അതെന്താണെന്ന് ചോദിച്ചാൽ അധികപേർക്കും ഉത്തരമില്ല. കമ്യൂണിസ്റ്റ് പാർട്ടികൾ ലോകത്തെവിടെയും അഭിമുഖീകരിക്കുന്ന ഈ പ്രശ്‌നത്തിന് കേരളത്തിലായി  ഇനിയൊരിക്കലും പരിഹാരമുണ്ടാകുമെന്നും ആരും കരുതുന്നില്ല. കാരണം അതൊരു ആഗോള പ്രത്യയശാസ്ത്രവും പാർട്ടിയുമായതു തന്നെ. 

Latest News