ന്യൂദൽഹി- ദൽഹി സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും ആം ആദ്മിയെയും തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക് കൊണ്ടുവരാൻ മധ്യസ്ഥ ശ്രമവുമായി എൻ.സി.പി. എൻ.സി.പി നേതാവ് ശരദ്പവാറാണ് ഇതിന് മുൻകൈ എടുക്കുന്നത്. കോൺഗ്രസ് നേതാവ് ഷീല ദീക്ഷിതുമായി ശരദ്പവാർ ചർച്ച നടത്തി. തുട്ന്ന് ആം ആദ്മിയുമായുള്ള സഖ്യസാധ്യത പുനരാലോചിക്കുന്നതിന് വേണ്ടി ഷീല ദീക്ഷിത് തന്റെ വസതിയിൽ കോൺഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു. നേരത്തെ ആം ആദ്മി സഖ്യം ആവശ്യമില്ലെന്ന നിലപാടായിരുന്നു ഷീല ദീക്ഷിത്തിനുണ്ടായിരുന്നത്. ദൽഹിയിൽ ആം ആദ്മിയുമായി സഖ്യമുണ്ടാക്കുന്നത് കോൺഗ്രസ് പ്രവർത്തകരുടെ വികാരം വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഇവർ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്ത് നൽകിയിരുന്നു. അതേസമയം, ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കാൻ കോൺഗ്രസ് നേതാവ് പി.സി ചാക്കോയെ രാഹുൽ ഗാന്ധി ചുമതലപ്പെടുത്തി. ദൽഹിയിലെ നേതാക്കൾ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രാമുഖ്യം നൽകുന്നതെന്ന് ചാക്കോ പ്രതികരിച്ചു. ഭൂരിഭാഗം നേതാക്കളും ആം ആദ്മിയുമായി സഖ്യമുണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.






