Sorry, you need to enable JavaScript to visit this website.

പാർലമെന്റ് കാലൻമാർക്കുള്ള ഇടമല്ല; ജയരാജനെതിരെ ഷാഫി പറമ്പിൽ

പാലക്കാട്- പാർലമെന്റ് കാലൻമാർക്ക് ഇരിക്കാനുള്ള ഇടമല്ലെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഷാഫി പറമ്പിൽ. വടകരയിൽ കെ. മുരളീധരനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചുള്ള തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. കായും ഖായും ഗായുമല്ല ജയരാജാ, മുരളീധരനാണ്. കെ കരുണാകരന്റെ മകൻ മുരളീധരൻ. ഇരുട്ടിന്റെ മറവിൽ ആളെ തീർക്കണ കളിയല്ലിത്. 10-12 ലക്ഷം ജനങ്ങളുടെ ഉള്ളറിയുന്ന പോരാട്ടമാണ്. അല്ലെങ്കിലും പാർലമെന്റ് കാലൻമാർക്ക് ഇരിക്കാനുള്ള ഇടമല്ല. വടകരയിലെ ജനങ്ങൾ വിവേകത്തോടെ വിധിയെഴുതുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. 
അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ ഏറ്റവും ഒടുവിലാണ് കെ. മുരളീധരനെ വടകരയിൽ സ്ഥാനാർഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ചത്. വടകരയിൽ കരുത്തനായ നേതാവ് തന്നെ വേണമെന്ന് ഹൈക്കമാന്റ് അവസാനനിമിഷം വരെ നിലപാട് സ്വീകരിച്ചതോടെയാണ് മുരളിക്ക് നറുക്കു വീണത്. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ആവശ്യം അറിയിച്ച് ഹൈക്കമാന്റിന്റെ വിളിയെത്തിയത്. അതോടെ വടകരയിലേക്ക് മുരളി എത്തുകയായിരുന്നു. നിരവധി നേതാക്കളാണ് മുരളിക്ക് ആശംസയുമായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Latest News