Sorry, you need to enable JavaScript to visit this website.

35 ലക്ഷത്തിന്റെ കടബാധ്യതയ്ക്ക് പ്രധാനമന്ത്രിയുടെ സഹായം 2000 രൂപ! മരിക്കാന്‍ അനുവദിക്കണമെന്ന് കര്‍ഷകന്‍

ലഖ്‌നൗ- ലക്ഷങ്ങളുടെ കടക്കെണിയിലായി ജീവിതം വഴിമുട്ടിയ ആഗ്ര സ്വദേശിയായ യുവ കര്‍ഷകന്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഉത്തര്‍ പ്രദേശിലെ ബിജെപി മുഖ്യമന്ത്രി യോഗി അദിത്യനാഥിന് കത്തയച്ചു. 35 ലക്ഷം രൂപയുടെ കടബാധ്യത താങ്ങാനാവാതെ സഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും ആകെ ലഭിച്ചത് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഭാഗമായി 2000 രൂപയാണ്. 39-കാരനായ പ്രദീപ് ശര്‍മ എന്ന കര്‍ഷകന്‍ ഈ തുകയും മുഖ്യമന്ത്രി ആദിത്യനാഥിന് തിരികെ നല്‍കി. സഹായിക്കുന്നില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം എന്നെ ആത്മഹത്യ ചെയ്യാനെങ്കിലും അനുവദിക്കൂ... എന്നായിരുന്നു കര്‍ഷകന്റെ മറുപടി. 

വാടക വീട്ടില്‍ താമസിക്കുന്ന താനും കുടുംബവും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 2016ലുണ്ടായ വിലനഷ്ടം മൂലമാണ് ലക്ഷങ്ങളുടെ കടബാധ്യത കേറിയത്. തുടര്‍ന്ന് സഹായത്തിനായി പല സര്‍ക്കാര്‍ വാതിലുകളും മുട്ടി. ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാരിനും അപേക്ഷകള്‍ നല്‍കി. എന്നിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ ദല്‍ഹിയില്‍ പോയി കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങിനെ നേരിട്ടു കണ്ടു പരാതി നല്‍കി. അവിടെ നിന്നും വെറുംകയ്യോടെയാണ് മടങ്ങിയതെന്നും കര്‍ഷകന്‍ പറയുന്നു. കടബാധ്യത മൂലം ഹൃദയാഘാതം വന്ന് 2015ല്‍ അമ്മാവന്‍ മരിച്ചതിനു ശേഷമാണ് സഹായം തേടി സര്‍ക്കാരിനെ സമീപിക്കാന്‍ തുടങ്ങിയതെന്നും പ്രദീപ് ശര്‍മ പറയുന്നു.
 

Latest News