പനാജി- അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ പിൻഗാമിയായി പ്രമോദ് സാവന്ത് അധികാരമേറ്റു. ഇന്ന് പുലർച്ചെ രണ്ടിനാണ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പരീക്കർ മന്ത്രിസഭയിലെ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. ഇടഞ്ഞു നിന്ന രണ്ട് ഘടകകക്ഷികൾക്കും ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയാണ് പ്രതിസന്ധി പരിഹരിച്ചത്. മഹാരാഷ്ട്ര ഗോമന്ദക് പാർട്ടിയുടെ സുധിൻ ദവാലിക്കർ, ഗോവ ഫോർവേർഡ് പാർട്ടിയിലെ വിജയ് സർദേശായി എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. പ്രമോദ് സാവന്തിന്റെ മന്ത്രിസഭയിൽ പന്ത്രണ്ട് അംഗങ്ങളാണുള്ളത്. മനോഹർ പരീക്കറിന്റെ മോഹം പൂവണിയിക്കാൻ തന്നാലാവുന്നത് ചെയ്യുമെന്ന് അധികാരമേറ്റശേഷം പ്രമോദ് സാവന്ത് വ്യക്തമാക്കി. മുഖ്യമന്ത്രി മനോഹർ പരീക്കർ ഞായറാഴ്ച മരിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ഘടകകക്ഷികൾ നീക്കം നടത്തിയിരുന്നു. പ്രതിപക്ഷമായ കോൺഗ്രസും സർക്കാർ രൂപീകരിക്കാൻ നീക്കം നടത്തി. ഇതിനിടെ ഭരണം കൈവിട്ട് പോകാതിരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി ബി.ജെ.പി ദേശീയ നേതൃത്വവും സജീവമായിരുന്നു. ഞായർ രാത്രി തന്നെ ബി.ജെ.പി ചർച്ചകൾ ആരംഭിച്ചിരുന്നു.
നേരത്തെ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പർസേക്കറും മന്ത്രിയായിരുന്ന രാജേന്ദ്ര അർലേക്കറും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. നിലവിലുള്ള എം.എൽ.എമാരിൽ ഏറ്റവും പ്രമുഖനായ നേതാവാണ് പ്രമോദ് സാവന്ത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദങ്ങൾ ഉന്നയിച്ച് ഗവർണറെ സന്ദർശിച്ചതോടെയാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കലും സത്യപ്രതിജ്ഞ ചടങ്ങും ധൃതി പിടിച്ച് നടത്തിയത്.
പരീക്കറുടെ മരണ വാർത്ത അറിഞ്ഞ ഉടൻ ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഞായറാഴ്ച രാത്രി മുഴുവൻ സഖ്യകക്ഷികളുമായി ചർച്ചകൾ നടത്തിയിരുന്നു. വിശ്വജിത് റാണെയെയും പ്രമോദ് സാവന്തിനെയുമാണ് ബി.ജെ.പി എം.എൽ.എമാർ നിർദേശിച്ചത്. പരീക്കറിന്റെ മരണത്തോടെ ഗോവയിൽ ബി.ജെ.പി സഖ്യം ഇല്ലാതായെന്നും കേവല ഭൂരിപക്ഷമുള്ള ഒറ്റകക്ഷി കോൺഗ്രസ് മാത്രമായതിനാൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണറെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചത്. ബി.ജെ.പി സഖ്യ സർക്കാറിലെ ഫ്രാൻസിസ് ഡിസൂസയുടെ മരണവും രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ രാജിയും മൂലം 40 അംഗങ്ങളായിരുന്ന ഗോവ നിയമസഭ 37ലേക്ക് ചുരുങ്ങിയിരുന്നു. അതിൽ 14 എം.എൽ.എമാർ കോൺഗ്രസിനും 13 പേർ ബി.ജെ.പിക്കും ഒപ്പമാണുള്ളത്.
കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ചെറുകക്ഷികളെ കൂട്ടുപിടിച്ചാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചിരുന്നത്. മനോഹർ പരീക്കർ എന്ന ജനകീയ നേതാവ് മുഖ്യമന്ത്രിയാവുമെങ്കിൽ പിന്തുണക്കാമെന്നായിരുന്നു പാർട്ടികളുടെ വാഗ്ദാനം. അതുപ്രകാരം കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന പരീക്കറെ രാജിവെപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം നൽകിയായിരുന്നു ബി.ജെ.പി ഗോവയിൽ സർക്കാർ രൂപീകരിച്ചത്.






