Sorry, you need to enable JavaScript to visit this website.

വിമാന യാത്രാ നിരക്ക് കുതിച്ചുയരുന്നു; ഡിജിസിഎ യോഗം വിളിച്ചു

ന്യൂദല്‍ഹി- തിരക്കേറിയ വേനല്‍കാല യാത്രാ സീസണ്‍ തുടങ്ങാനിരിക്കെ നിരവധി വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതും പല കമ്പനികളും ശേഷി വെട്ടിക്കുറക്കുകയും ചെയ്തതോടെ രാജ്യത്ത് വിമാന യാത്രാ നിരക്ക് കുത്തനെ വര്‍ധിക്കുന്നു. തിങ്കളാഴ്ച ജെറ്റ് എയര്‍വേയ്‌സ് നാലു വിമാനങ്ങള്‍ കൂടി സര്‍വീസ് നിര്‍ത്തിയതിനു പുറമെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികള്‍ നേരത്തെ ശേഷി കുറച്ചതുമാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണം. ഏപ്രില്‍ മുതല്‍ ജൂലൈ ആദ്യവാരം വരെ നീളുന്ന തിരക്കേറിയ വേനല്‍ക്കാല സീസണ്‍ ആരംഭിക്കാനിരിക്കെയാണിത്. ഇത് വിമാന യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് നിരക്ക് വര്‍ധന നിയന്ത്രിക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ചൊവ്വാഴ്ച വിമാന കമ്പനികളുടെ യോഗം വിളിച്ചു.

തുടര്‍ച്ചയായ വിമാന ദുരന്തങ്ങളില്‍പ്പെട്ട ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വിലക്കേര്‍പ്പെടുത്തിയതോടെ ഈ വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്തിയിരുന്ന കമ്പനികള്‍ക്ക് നിരവധി സര്‍വീസുകളാണ് നിര്‍ത്തിവെക്കേണ്ടി വന്നത്. സ്‌പൈസ് ജെറ്റാണ് ഈ ശ്രേണിയിലുള്ള ഏറ്റവും കൂടുതല്‍ എണ്ണം വിമാനം ഓപറേറ്റ് ചെയ്തിരുന്നത്. 12 ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളാണ് സ്‌പൈസ് ജെറ്റ് നിര്‍ത്തിയത്. 

കൂടാതെ സുരക്ഷ മുന്‍കരുതലായി ബോയിങ് 737 (മാക്‌സ് 8 അല്ല) ശ്രേണിയിലെ മറ്റു വിമാനങ്ങളും ജെറ്റ് അടക്കമുള്ള കമ്പനികള്‍ പിന്‍വലിച്ചതോടെ ലഭ്യമായ സീറ്റുകളുടെ എണ്ണം കുറഞ്ഞു. ഇതോടൊപ്പം ടിക്കറ്റ് നിരക്കും ഉയര്‍ന്നു. രൂക്ഷമായ കട പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സ് ഇതുവരെ 60 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്. ഇവയില്‍ ബോയിങ് 737 ശ്രേണിയിലുള്ളവയും പെടും. അതിനിടെ ജെറ്റ് നിര്‍ത്തിയ പഴയ ബോയിങ് 737 (മാക്‌സ് 8 അല്ല) വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള നീക്കങ്ങള്‍ സ്‌പൈസ് ജെറ്റ് നടത്തിവരുന്നുണ്ട്.

അഞ്ചു മാസത്തിനിടെ 346 പേരുടെ മരണത്തിനിടയാക്കിയ രണ്ട് വിമാന ദുരന്തങ്ങള്‍ കാരണം വിലക്കിയതിനെ തുടര്‍ന്ന് ലോകത്തൊട്ടാകെ 371 ബോയിങ് 737 മാക്‌സ് വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തി നിലത്തിറക്കിയത്.

Latest News