ശരീരാവശിഷ്ടമില്ല, ബന്ധുക്കള്‍ക്ക്  ദുരന്ത സ്ഥലത്തെ മണ്ണ് നല്‍കും 

നെയ്‌റോബി: മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കുടുംബങ്ങള്‍ക്ക് അപകട സ്ഥലത്തെ മണ്ണ് നല്‍കും. എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് ശരീര ഭാഗങ്ങള്‍ക്ക് പകരം മണ്ണ് നല്‍കുന്നത്. 
ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങളില്‍ നിന്ന് ആളുകളെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നതോടെയാണ് അധികൃതര്‍ ഈ തീരുമാനത്തിലെത്തിയത്. 
മൃതദേഹം ലഭിച്ചില്ലെങ്കിലും അവശിഷ്ടമെങ്കിലും കിട്ടണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് അധികൃതരുടെ നടപടി. 
അപകട സ്ഥലത്തെ മണ്ണ് ഒരു ചാക്കില്‍ ശേഖരിച്ചാണ് കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്നത്. ഇതിനോടകം മണ്ണ് ലഭിച്ചതായി അപകടത്തില്‍ മരിച്ച ഒരാളുടെ ബന്ധു സ്ഥിരീകരിച്ചു. 
മരിച്ച 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും രണ്ടാഴ്ചക്കകം മരണ സര്‍ട്ടഫിക്കറ്റ് നല്‍കുമെന്ന് എത്യോപ്യന്‍ ഭരണകൂടം അറിയിച്ചു. മാര്‍ച്ച് പത്തിനാണ് എത്യോപ്യയിലെ ആഡിസ് അബാബയില്‍ നിന്ന് നെയ്‌റോബിയിലേക്ക് പുറപ്പെട്ട വിമാനം ആറ് മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നു വീണത്.149 യാത്രികരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 157 പേരും അപകടത്തില്‍ മരിച്ചിരുന്നു. 

Latest News