Sorry, you need to enable JavaScript to visit this website.

ഇറ്റലിയിൽനിന്നൊരു ഷേക്‌സ്പിയർ

ലോകകവിയെപ്പറ്റിയുള്ള ഈ കുറിപ്പ് ഇവിടെ നിർത്തട്ടെ. ഇടയ്ക്കു ഞാൻ ഒരു ചോദ്യവുമായി എന്നെത്തന്നെ നേരിട്ടു; ഇതിന്റെ പ്രസക്തി? ഇവനിവിടെ വരുവതിനു കാരണമെന്ത്? തെരഞ്ഞെടുപ്പല്ലേ, അധികാരത്തിലേക്കുള്ള നെട്ടോട്ടമല്ലേ, നാടേതായാലും, നടനാരായാലും, ഷേക്‌സ്പിയറെ കവിഞ്ഞൊരാളുണ്ടോ അതു പകർത്താൻ? 

പത്രസമ്മേളനം കേട്ടെഴുതാൻ വിധിക്കപ്പെടുന്നതിനുമുമ്പ് ഷേക്‌സ്പിയർ പഠിപ്പിക്കുകയായിരുന്നു രവീന്ദ്രൻ നായർ. പത്രപ്രവർത്തനം തുടർന്നപ്പോഴും നിർത്തിയിട്ടും ഷേക്‌സ്പിയർ രവിയോടൊപ്പം ഉണ്ടായിരുന്നു, ആത്മാവിന്റെ നിഴൽ പോലെ. അതുകൊണ്ട് 'ആയിരം മനമുള്ള' ലോകകവിയെപ്പറ്റി എന്തെങ്കിലും അറിയണമെങ്കിൽ നേരേ രവിയോടു ചോദിക്കുമായിരുന്നു.  വാസ്തവത്തിൽ ഷേക്‌സ്പിയറെപ്പറ്റി അറിയേണ്ടതൊന്നും രവിക്കും എ സി ബ്രാഡ്‌ലേക്കും അറിയാത്തതായുണ്ടാവില്ല എന്നു ഞാൻ ധരിച്ചുവശായി.
ഷേക്‌സ്പിയറുടെ ദുരന്തനാടകങ്ങളെപ്പറ്റി പ്രശസ്തമായും ഗഹനമായും പഠിച്ച ബ്രാഡ്‌ലേ പോയിട്ട് 65 കൊല്ലമായി. അദ്ദേഹത്തിന്റെ അഭിപ്രായം അറിയണമെങ്കിൽ വിഖ്യാതമായ ദുരന്തപ്രഭാഷണങ്ങൾ വായിച്ചുനോക്കുകയേ വഴിയുള്ളു. രവി കവിയെ ഒരു ഫോൺ വിളിയുടെ അകലത്തിൽ എത്തിച്ചു തന്നു. അങ്ങനെ ഒന്നു ഫോൺ വിളിക്കാൻ കഴിഞ്ഞ ആഴ്ച അവസരമുണ്ടായി.
ആവൺ പുഴക്കരയിൽ കളിച്ചുവളർന്നയാളാണ് ഷേക്‌സ്പിയർ എന്നാണല്ലോ നമ്മുടെ ധാരണ.  സ്റ്റ്രാറ്റ്ഫർഡ് എന്ന അങ്ങാടിപ്പട്ടണം. പിറന്ന നാട്. അതങ്ങനെയല്ല, ഷേക്‌സ്പിയർ ഇംഗ്ലണ്ടുകാരൻ പോലുമല്ല എന്നൊരു തിയറി വന്നിരിക്കുന്നു. മാർട്ടിനോ ഇയുവാരോ എന്ന സിസിലിക്കാരൻ പ്രൊഫസർ അതിനെപ്പറ്റി പുസ്തകമെഴുതിയിരിക്കുന്നു.
ഇതു കേട്ടപ്പോൾ രവി അന്ധാളിച്ചു. രവി കേൾക്കാത്ത ഷേക്‌സ്പിയർ വിശേഷമല്ലേ, തമാശ പോലെ പിന്തുടർന്നു കളയാം എന്നു ഞാനും കരുതി.
വേറെ രണ്ടു പണ്ഡിതന്മാരുടെ നീണ്ട ഗവേഷണത്തിന്റെ ഫലം ക്രോഡീകരിക്കുകയായിരുന്നു മാർട്ടിനോ. ഇറ്റലിയിലെ മെസ്സിന എന്നൊരു പ്രദേശത്ത് കവിയുടെ പിറവി ഉറപ്പിക്കാനാണ് ശ്രമം. പേർ തനി ഇറ്റാലിയൻ: മൈക്കലാഞ്ജലോ ഫ്‌ലോറിയോ ക്രോസ്സലാൻസ.  അതിനു ചേർന്നതാണ് മാർടിനോ കണ്ടെടുത്ത അഛനമ്മമാരുടെ
 പേരുകളും. അതൊന്നും പോരാതെ, ഷേക്‌സിയർ ആദി സിസിലിയൻ ഭാഷയിൽ എഴുതിയതെന്നു കരുതപ്പെടുന്ന ഒരു കൃതിയും കൈവശം വന്നിരിക്കുന്നു.
തമാശ  പോലെ തോന്നാമെങ്കിലും ലോക കവിയായി ഗണിക്കപ്പെടുന്ന ഒരാളുടേതാണ് ഇപ്പോൾ തിരുത്തപ്പെടുന്ന സ്വത്വം.  ഷേക്‌സ്പിയറെ തൊട്ടു നമിക്കാതെ കടന്നു പോകുന്ന ഒരു ഇംഗ്ലീഷ് വിദ്യാർഥിയുമില്ല. ഒരു ഷേക്‌സ്പിയർ പ്രയോഗത്തിന്റെ ചാരുത ചാർത്താതെ എഴുതാവുന്ന ഒരു ഇംഗ്ലീഷ് ഖണ്ഡിക ഉണ്ടാവില്ല.
ആ ഷേക്‌സ്പിയർ ഇതാ ഇംഗ്ലണ്ടുകാരൻ പോലുമല്ലെന്ന് വാദിച്ചു കേൾക്കുന്നു. പണ്ടൊരു കവി പാടിയില്ലേ, 'ആരെ ഞാനന്വേഷിപ്പതാ പ്രേമപുഞ്ജം തന്നെ/തീരെയില്ലെന്നോതുന്ന നാവെനിക്കവിശ്വാസ്യം.' അതുപോലെ. ഷേക്‌സ്പിയർ ഷേക്‌സ്പിയർ അല്ലെന്നു വരിക, ഇറ്റലിക്കാരനാണെന്നു വരിക! എന്താ കഥ!
പ്രൊഫസർ മാർട്ടിനോ സ്വത്വം മാറ്റിയെഴുതാൻ നോക്കുന്ന കവി ചില്ലറക്കാരനല്ല. ആദ്യമാദ്യം ചിലരൊക്കെ അറച്ചെങ്കിലും, പിന്നെപ്പിന്നെ സമകാലികർ പോലും ഒന്നൊഴിയാതെ ഷേക്‌സ്പിയറുടെ വാക്കിനെയും വിചാരത്തെയും വാഴ്ത്തി. സഹസ്രമാനസൻ ആണ് ഷേക്‌സ്പിയർ എന്ന് കോളറിഡ്ജ് പറഞ്ഞു. നമ്മുടെ കാലത്തെ മാത്രം കവിയല്ല, എല്ലാ കാലത്തെയും കവിയാണ് അദ്ദേഹമെന്ന് ബെൻ ജോൺസൺ ഉള്ളു തുറന്നു പുകഴ്ത്തി. അങ്ങനെ പുകഴ്ത്തപ്പെട്ട കവിത്വം ഇംഗ്ലണ്ടുകാരൻ ഷേക്‌സ്പിയർ ആയിരുന്നില്ലെന്നോ?
'ജീവിക്കണോ മരിക്കണോ' എന്ന വിലാപവുമായി യുഗങ്ങളിലൂടെ വിറകൊള്ളുന്ന രാജകുമാരനെ നമുക്കിടയിലേക്കിറക്കിവിട്ട മനുഷ്യകഥാനുഗായിക്ക് ഇവിടെയും സമകാലീനരുണ്ടായിരുന്നു.  അവർ അറിഞ്ഞുകാണില്ല, മലയാളത്തിന്റെ ആദ്യഗുരുക്കൾ തിരൂരും തൃക്കണ്ടിയൂരുമൊക്കെ ആത്മാന്വേഷണവുമായി കഴിയുമ്പോഴായിരുന്നു പല കടലുകൾക്കപ്പുറം ഷേക്‌സ്പിയറുടെയും നാടകാടനം. അര നൂറ്റാണ്ട് അങ്ങോട്ടോ ഇങ്ങോട്ടോ ഇട്ടോളൂ, ചെറുശ്ശേരിയും എഴുത്തച്ഛനും നമ്പ്യാരും ലോകകവിയുടെ കാലത്തു തന്നെ ജീവിച്ചു ജയിച്ചു. ആ മൂവരെക്കാളും കലാപരമായി മികച്ചയാളെന്ന് എൻ. കൃഷ്ണപിള്ള വിലയിരുത്തിയ ഉണ്ണായി വാര്യർ കുട്ടനെല്ലൂർക്കാരനെന്നോ ഇരിഞ്ഞാലക്കുടക്കാരനെന്നോ ഉള്ള ഉള്ളൂരിന്റെ അഭ്യൂഹത്തിൽ ഒതുങ്ങിയിരിക്കുന്നു നമ്മുടെ അറിവ്. അതിലുമെത്രയോ അടുത്തറിയാം നമുക്ക് ഷേക്‌സ്പിയറെ. ഇപ്പോൾ അദ്ദേഹം ഇറ്റലിക്കാരനോ എന്ന അന്വേഷണത്തിലും പങ്കു ചേരാം.
ജീവിതത്തിന്റെ ആയോധനപരതയും ഹിംസയും കണ്ടറിയുകയും പറഞ്ഞു ഫലിപ്പിക്കുകയും ചെയ്തയാളാണ് ഷെക്‌സ്പിയർ. തികഞ്ഞ തിന്മയും പ്രണയവും വഞ്ചനയും അദ്ദേഹത്തിന്റെ അരങ്ങിൽ ആർത്തലച്ചു. എല്ലാ വിഭവങ്ങളും അധികാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പ്രയാണത്തിൽ പാഥേയമായി.  ഈ അധികാര വ്യാഖ്യാനവും
ഹിംസയുടെ രക്തരൂഷിതമായ പ്രകടനവും എഴുത്തച്ഛനു വഴങ്ങുമായിരുന്നില്ല. അപാരതയോടുള്ള ആദരമായിരുന്നു എഴുത്തച്ഛനെ സംബന്ധിച്ചിടത്തോളം ജീവിതം. യുദ്ധത്തിലൊഴിച്ചെങ്ങും അദ്ദേഹം ഹിംസക്ക് ഇടം കൊടുത്തില്ല. നമ്പ്യാരാകട്ടെ, ഏതു ജീവിതസന്ദർഭത്തിലും മരണമുഹൂർത്തത്തിലും ആരെയെങ്കിലുമൊക്ക ഒന്നൂറിച്ചിരിപ്പിച്ചെന്നിരിക്കും,  ആ ചിരിയും ജപവും മാത്രമേ നമുക്ക് കേട്ടറിവുള്ളു. ആവൺ പുഴക്കരയിലെ, അല്ലെങ്കിൽ, സിസിലിയിലെ ഒരു പട്ടണത്തിലെ ബാല്യം മുതലേ ഷേക്‌സ്പിയറുടെ കഥ നമ്മൾ മനസ്സിലാക്കാനും ഉരുവിടാനും ശ്രദ്ധിക്കുന്നു. ലോകത്തെ അരങ്ങായും മനുഷ്യരെ ഓരോരോ വേഷം കെട്ടി വരുന്ന നടന്മാരായും ഷേക്‌സ്പിയർ ചിത്രീകരിച്ചു. സമാനമായ ചിന്താധാര രണ്ടായിരം കൊല്ലത്തിനപ്പുറത്തുനിന്ന് എഴുത്തച്ചനും നന്പ്യാരും അവതരിപ്പിക്കുന്നത് രസാവഹം തന്നെ. പക്ഷേ 'അർഥമില്ലാതെ ഒച്ച വെക്കുന്ന വിഡ്ഢി പറഞ്ഞ കഥ'യായി ജീവിതത്തെ കാണുന്ന വിപരീതദർശനം അത്ര തന്നെ അറിയപ്പെടാത്ത അദ്ദേഹത്തിന്റെ മലയാളി സമകാലീനർ അവതരിപ്പിക്കുന്നതല്ല.

ഞാൻ വേറൊരു ഷേക്‌സ്പിയറെ കാണുകയുണ്ടായി.  ഷേക്‌സ്പിയർ പഠിപ്പിച്ചു പഠിപ്പിച്ച് ഷേക്‌സ്പിയർ ആയ വേലായുധൻ നായർക്ക് വിദ്യാർഥികൾ ദക്ഷിണയായി കൊടുത്തതാണ് ആ ബഹുമതി.  ഷേക്‌സ്പിയർ വേലായുധൻ നായർക്ക് പാഠപുസ്തകം വേണ്ടിയിരുന്നില്ല. എല്ലാം മനഃപാഠമായിരുന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തെ അഭിമുഖം ഇരുത്തി, ചോദ്യങ്ങളുമായി. അദ്ദേഹത്തിന് ചോദ്യങ്ങൾ വേണ്ടായിരുന്നു. അത്ര നിറഞ്ഞിരുന്നു ഉത്തരങ്ങൾ മനസ്സിൽ. ഇടക്കെപ്പോഴോ അദ്ദേഹം പറയുന്നതുകേട്ടു, താൻ ഷേക്‌സ്പിയർ പഠിപ്പിച്ചുവിട്ടവരിൽ ഒരാൾ സന്ന്യാസിയായി പോയി: സ്വാമി ചിന്മയാനന്ദൻ. ഷേക്‌സ്പിയറിലും ഗീത കാണുമായിരിക്കും
ജീവിതത്തിൽ തിളങ്ങുന്ന ആയിരം മനുഷ്യഭാവങ്ങൾ നോക്കി നിൽക്കുകയും രസിച്ചു വിവരിക്കുകയും ചെയ്ത ലോകകവിയെപ്പറ്റിയുള്ള ഈ കുറിപ്പ് ഇവിടെ നിർത്തട്ടെ. ഇടയ്ക്കു ഞാൻ ഒരു ചോദ്യവുമായി എന്നെത്തന്നെ നേരിട്ടു; ഇതിന്റെ പ്രസക്തി? ഇവനിവിടെ വരുവതിനു കാരണമെന്ത്? തെരഞ്ഞെടുപ്പല്ലേ, അധികാരത്തിലേക്കുള്ള നെട്ടോട്ടമല്ലേ, നാടേതായാലും, നടനാരായാലും, ഷേക്‌സ്പിയറെ കവിഞ്ഞൊരാളുണ്ടോ അതു പകർത്താൻ?

Latest News