സരിത എറണാകുളത്ത് മത്സരിച്ചേക്കും? 

കൊച്ചി: എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ സോളാര്‍ കേസിലെ വിവാദനായിക സരിത നായര്‍ മത്സരിക്കുമെന്ന് അഭ്യൂഹം പരക്കുന്നു. തന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്ന നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഇവര്‍ക്കെതിരെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിക്കുമെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ് ഹൈബിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ സരിത മത്സരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം.
സ്വതന്ത്രയായിട്ടായിരിക്കും മത്സരിക്കുക. താന്‍ ഉന്നയിച്ചത് വ്യാജ ആരോപണമല്ല. കൃത്യമായ തെളിവുകള്‍ കൈവശമുണ്ട്. അത് സഹിതമാണ് മത്സരിക്കുക എന്നും സരിത പറഞ്ഞിരുന്നു. മുമ്പ് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയുമായി ബന്ധമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അത്തരം രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും സരിത നേരത്തെ പറഞ്ഞിരുന്നു.
രാഷ്ട്രീയമായി കോണ്‍ഗ്രസ് നേതാക്കളെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സോളാര്‍ ആയുധമായി ഉപയോഗിക്കുന്നതായി യുഡിഎഫ് ആരോപിക്കുന്നതിനിടെയാണ് സരിതയുടെ രംഗപ്രവേശം.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരുന്നു. കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍, വണ്ടൂര്‍ എംഎല്‍എ എ.പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ അനില്‍കുമാര്‍ മത്സരിക്കുന്നില്ല. അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ മത്സരിക്കുന്നുണ്ട്.

Latest News