മോഡിയുടെ തട്ടകം ലക്ഷ്യമിട്ട് പ്രിയങ്ക ഗാന്ധിയുടെ 'ഗംഗാ യാത്ര' തുടങ്ങി

ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വേറിട്ട പ്രചാരണത്തിനു തുടക്കമായി. അലഹാബാദില്‍ (പ്രായഗ്‌രാജ്) നിന്ന് തുടങ്ങി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയില്‍ അവസാനിക്കുന്ന മൂന്നു ദിവസ യാത്ര ഗംഗയുടെ തീരത്തുകൂടിയാണ്. 140 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന യാത്രയുടെ ഭാഗമായി ഗംഗയിലൂടെ ബോട്ടിലും സഞ്ചരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി ബോട്ട് പെ ചര്‍ച്ചയും ഉണ്ട്. മിര്‍സാപൂരിലും മോഡിയുടെ മണ്ഡലമായ വാരാണസിയിലും വിപുലമായ പരിപടാകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. യാത്ര സമാപിക്കുന്ന വാരാണസിയില്‍ പ്രശസ്തമായ കാശിവിശ്വനാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന പ്രിയങ്ക ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കൊപ്പം ഹോളിയും ആഘോഷിക്കും.

തിങ്കളാഴ്ച രാവിലെ അലഹാബാദിലെത്തിയ പ്രിയങ്ക ത്രിവേണി സംഗമത്തിലെത്തി പ്രാര്‍ത്ഥന നിര്‍വഹിച്ച ശേഷമാണ് യാത്ര തുടങ്ങിയത്. അലഹാബാദിലെ മനയയിലെ പൊതുപരിപാടിയോടെയാണ് തുടക്കം. ബിജെപി ശക്തികേന്ദ്രങ്ങളിലെ കോണ്‍ഗ്രസിനെ ഉണര്‍ത്തുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. റോഡ്, റെയില്‍, ജല ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് യാത്ര. ഹൈന്ദവരുടെ വിശുദ്ധ നദിയായ ഗംഗയുടെ ഓരത്ത് കഴിയുന്ന പിന്നാക്ക വിഭാഗങ്ങളുടേയും ദളിതരുടേയും ഗ്രാമങ്ങള്‍ പ്രിയങ്ക സന്ദര്‍ശിക്കും. പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനവും നടത്തും.

Latest News