Sorry, you need to enable JavaScript to visit this website.

മുട്ടയെറിഞ്ഞ പയ്യനെ അടിച്ചതിന് മുസ്ലിം വിരുദ്ധ ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ക്കെതിരെ വ്യാപക പ്രതിഷേധം

സിഡ്‌നി- ന്യൂസിലന്‍ഡില്‍ 50 മുസ്ലിംകളെ പള്ളികളില്‍ കയറി വലതുപക്ഷ തീവ്രവാദി വെടിവച്ചു കൊന്ന സംഭവത്തെ തുടര്‍ന്ന് കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് മുട്ടയേറു കൊണ്ട ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗം ഫ്രേസര്‍ ആനിങ് വെട്ടില്‍. വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് രണ്ടു ദിവസം മുമ്പ് 17-കാരന്‍ ഫ്രേസറുടെ മണ്ടയില്‍ മുട്ട എറിഞ്ഞു പിടിപ്പിച്ചത്. പയ്യനെ ഉടന്‍ അവിടെ ഉണ്ടായിരുന്നവര്‍ കീഴ്‌പ്പെടുത്തുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കേസും കുറ്റവും ചാര്‍ത്താതെ പയ്യനെ പോലീസ് വിട്ടയച്ചിരുന്നു. 

എന്നാല്‍ മുട്ടയേറു കൊണ്ട ഫ്രേസര്‍ തിരിഞ്ഞ് പയ്യനെ അടിക്കുകയും ഇടിക്കുകയും ചെയ്തതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ മുട്ടയേറുകൊണ്ട പ്രശ്‌നം കെട്ടടങ്ങുകയും പാര്‍ലമെന്റംഗം ബാലനെ ആക്രമിച്ചെന്ന ആരോപണം ശക്തമാകുകയുമാണ് ഉണ്ടായത്. തീവ്രവലതുപക്ഷ സെനറ്ററായ ഫ്രേസര്‍ക്കെതിരെ മുറവിളികള്‍ ഉയര്‍ന്നിരിക്കുകയാണ്. 

15 ലക്ഷത്തോളം പേരാണ് ഫ്രേസറെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കണമെന്നാവസ്യപ്പെട്ടുല്ല ഭീമ ഹരജിയില്‍ ഒപ്പിട്ടത്. ഫ്രേസര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി മറ്റു പാര്‍ലമെന്റ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡിലുണ്ടായ കൂട്ടക്കൊലയ്ക്കു കാരണം മുസ്ലിംകളെ രാജ്യത്തേക്ക് കുടിയേറാന്‍ അനുവദിച്ചതാണെന്നായിരുന്നു ഫ്രേസറുടെ പരാമര്‍ശം. സാധാരണ ആക്രമകാരികളായ അവര്‍ ഇത്തവണ ഇരകളായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതു വിവാദമായതിനെ തുടര്‍ന്നാണ് ഒരു പയ്യന്‍ ഫ്രേസര്‍ക്കു നേരെ മുട്ടയെറിഞ്ഞത്.

കടുത്ത മുസ്ലിം വിരുദ്ധ വിദ്വേഷ പരമാര്‍ശം നടത്തിയതിന് നേരത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണും ഫ്രേസര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഇത്തരം ആശയങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ സ്ഥാനമില്ലെന്നായിരുന്നു മോറിസണ്‍ പ്രതികരിച്ചത്. ഇത് അപമാനമാണെന്ന് ജസീന്ത ആര്‍ഡേണും പ്രതികരിച്ചിരുന്നു.

Latest News