ന്യൂദൽഹി -പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളിയ കെ.വി. തോമസ് എംപി ഇന്ന് യ.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച കെ.വി. തോമസിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് മൂന്ന് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്.
യുഡിഎഫ് കൺവീനർ പദവി, എഐസിസി നൽകുന്ന ചുമതല ,എം.എൽ.എ സ്ഥാനം അല്ലെങ്കിൽ രജ്യസഭാംഗത്വം എന്നിവയാണിത്. ഹൈക്കമാൻഡ് നിർദേശമനുസരിച്ചു തോമസുമായി കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ചർച്ച നടത്തിയിരുന്നു.
സ്ഥാനാർഥിയായതോടെ ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയും. ഈ പദവി നൽകാമെന്നാണ് പ്രധാന വാഗ്ദാനം.
സിറ്റിങ് എംപിമാർക്കെല്ലാം സീറ്റു നൽകുകയെന്ന പൊതുധാരണ കെ.വി. തോമസിന്റെ കാര്യത്തിൽ പാലിച്ചില്ല. അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്ന തോമസിനു തടസ്സമായതു ഡിസിസിയുടെയും ജില്ലയിൽ നിന്നുള്ള എംഎൽഎമാരുടെയും എതിർപ്പാണ്. പി. രാജീവ് ഇടതു സ്ഥാനാർഥിയായതോടെ സാഹചര്യങ്ങൾ മാറിയെന്നും തോമസിന് ജയസാധ്യത കുറവാണെന്നുമുള്ള നിലപാടിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഉറച്ചുനിന്നു.