Sorry, you need to enable JavaScript to visit this website.

ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരണം; അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കും

കൊടുങ്ങല്ലൂരില്‍ അന്‍സി അലി ബാവയുടെ വീട്ടിലെത്തിയവര്‍ വിവാഹ ആല്‍ബം നോക്കുന്നു.

തൃശൂര്‍ - ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്ത്യന്‍-വിദേശ എംബസിയുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വൈകാതെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മോസ്‌കിലെ വെടിവെപ്പില്‍ കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം തിരുവള്ളൂര്‍ പൊന്നാത്ത് വീട്ടില്‍ അബ്ദുള്‍ നാസറിന്റെ ഭാര്യ അന്‍സി അലിബാവ(25)യാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഭര്‍ത്താവിനൊപ്പം പള്ളിയിലെത്തിയ അന്‍സി സ്ത്രീകള്‍ക്കായി ഒരുക്കിയിട്ടുള്ള സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്. ഭര്‍ത്താവ് പുരുഷന്‍മാര്‍ക്കുള്ള ഭാഗത്തായിരുന്നു. വെടിയൊച്ച കേട്ട് എല്ലാവരും ചിതറിയോടുന്ന സമയത്ത് അന്‍സിയും ഓടുന്നതും വീഴുന്നതും താന്‍ കണ്ടുവെന്ന് ഭര്‍ത്താവ് പറയുന്നു. ഓട്ടത്തിനിടെ വീണതാണെന്നാണ് കരുതിയത്. എന്നാല്‍ അന്‍സി അക്രമിയുടെ വെടിയേറ്റാണ് വീണതെന്ന് കുറെക്കഴിഞ്ഞാണ് ഭര്‍ത്താവ് നാസര്‍ അറിയുന്നത്. അപ്പോഴേക്കും അന്‍സി മരിച്ചു കഴിഞ്ഞിരുന്നു.


കൊടുങ്ങല്ലൂരില്‍ ട്രാവല്‍ ഏജന്റായ പൊന്നാത്ത് ഹംസയുടെ മകനാണ് അബ്ദുള്‍ നാസര്‍. മേത്തല പി.കെ.എസ് പുരം ഗൗരിശങ്കര്‍ ആശുപത്രിക്കു സമീപം കരിപ്പാക്കുളം അലിബാവയുടെ മകളാണ് അന്‍സി.
രണ്ടു വര്‍ഷം മുന്‍പായിരുന്നു അന്‍സിയുടേയും നാസറിന്റേയും വിവാഹം. അഗ്രികള്‍ച്ചറില്‍ ബി.ടെക് ബിരുദധാരിയായ അന്‍സി ഉപരിപഠനത്തിനാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നാസറിനൊപ്പം ന്യൂസിലാന്‍ഡിലേക്ക് പോയത്. നാസര്‍ ന്യൂസിലാന്‍ഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഡ്രൈവറാണ്.
റസിയയാണ് അന്‍സിയുടെ ഉമ്മ. സഹോദരന്‍ ആസിഫ് അലി. ഡിസംബറില്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു അന്‍സി ബാവയും നാസറും.


അതിനിടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു ഇന്ത്യക്കാരനെ കൂടി തിരിച്ചറിഞ്ഞു. ഹൈദരാബാദില്‍നിന്നുള്ള വിദ്യാര്‍ഥി ഒസൈര്‍ ഖാദിറാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. അഞ്ചു ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഹൈദരാബാദിലെ നൂര്‍ഖാന്‍ ബസാറില്‍നിന്നുള്ള ഖാദിര്‍ ഏവിയേഷന്‍ വിദ്യാര്‍ഥിയായിരുന്നു. വെടിവെപ്പിന് ശേഷം കാണാതായ ഖാദിറിന് വേണ്ടി ബന്ധുക്കള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഹൈദരാബാദില്‍നിന്നുള്ള ഫര്‍ഹാജ് അഹ്‌സന്‍ എന്ന 31-കാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

 

Latest News