പാക്കിസ്ഥാനില്‍ ട്രെയിന്‍ സ്‌ഫോടനം; നാല് മരണം, പത്ത് പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ ലക്ഷ്യമിട്ട് നടത്തിയ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ ദേര മുറാദ് ജമാലി പ്രദേശത്താണ് സംഭവം. ജാഫര്‍ എക്‌സ്പ്രസ് ലക്ഷ്യമിട്ട് അക്രമികള്‍ റെയില്‍പാളത്തില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്് നസീറാബാദ് ഡിസ്ട്രിക്ട് മേധാവിയെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ട്രെയിന്‍ ദേര മുറാദ് ജമാലി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വന്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ റെയില്‍വെ ട്രാക്കിന്റെ ഒരു ഭാഗം തകര്‍ന്നുവെന്നും നസീറാബാദ് ഡിസ്ട്രിക്ട് മേധാവി ഇര്‍ഫാന്‍ ബഷീര്‍ പറഞ്ഞു. റാവല്‍പിണ്ടിയില്‍നിന്ന് ക്വറ്റയിലേക്ക് പോകുകയായിരുന്നു ജാഫര്‍ എക്‌സപ്രസ്. സ്‌ഫോടനത്തെ തുടര്‍ന്ന് ട്രെയിനിന്റെ ആറു ബോഗികള്‍ പാളം തെറ്റി. പരിക്കേറ്റ 10 പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ച നാലു പേരില്‍ ഒരു പെണ്‍കുട്ടിയും മാതാവും ഉള്‍പ്പെടും. പോലീസും മറ്റു സുരക്ഷാ ഏജന്‍സികളും കുതിച്ചെത്തി പ്രദേശം വളഞ്ഞു. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
സ്‌ഫോടനത്തെ ശക്തിയായി അപലപിച്ച ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി ജാം കമാല്‍ ഖാന്‍ അല്‍യാനി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

 

Latest News