'ഞങ്ങളെല്ലാം സ്തബ്ധരാണ്,' ന്യുസിലന്‍ഡില്‍ 50 മുസ്ലിംകളെ കൊന്ന ഭീകരന്റെ കുടുംബം പറയുന്നത് ഇങ്ങനെ

സിഡ്‌നി- ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു പള്ളികളിലായി 50 മുസ്ലിംകളെ നിഷ്‌ക്കരുണം വെടിവച്ചുകൊലപ്പെടുത്തിയ ഓസ്‌ട്രേലിയക്കാരനായ ഭീകരന്‍ ബ്രന്റന്‍ ടറന്റിന്റെ ചെയ്തിയില്‍ ആകെ സ്തബ്ധരായി മരവിച്ചിരിക്കുകയാണെന്ന് കുടുംബം. ടറന്റിന്റെ ഭീകരകൃത്യം ഞെട്ടിച്ചെന്നും ആകെ തകര്‍ന്നിരിക്കുകയാണെന്നും ഓസ്‌ട്രേലിയയിലെ അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചു. 'ഞങ്ങളെല്ലാം സ്തബ്ധരാണ്. എന്താണ് പറയേണ്ടെന്ന് പോലും അറിയില്ല,' ബ്രന്റന്‍ ടറന്റിന്റെ മുത്തശ്ശി മേരി ഫിറ്റ്‌സ്ജറാള്‍ഡ് ഓസ്‌ട്രേലിയന്‍ മാധ്യമമായ ചാനല്‍ നയന്‍ നെറ്റ്‌വര്‍ക്കിനോട് പ്രതികരിച്ചു. 'ഞങ്ങളുടെ കുടുംബത്തില്‍പ്പെട്ട ഒരാള്‍ക്ക് ഇതൊക്കെ ചെയ്യാനാകുമെന്നു വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല,' ഫിറ്റ്‌സ്ജറള്‍ഡ് പറഞ്ഞു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സ് സംസ്ഥാനത്താണ് ഇവരുടെ വീട്.

ചെറുപട്ടണമായ ഗ്രാഫ്റ്റനില്‍ വളര്‍ന്ന ബ്രന്റന്‍ യുറോപ്പിലേക്കു പോകുമ്പോള്‍ അദ്ദേഹം ആക്രമാസക്തമായ തീവ്ര വലതുപക്ഷക്കാരനാകുമെന്നു ഒരു സൂചനയും ഉണ്ടായിരുന്നില്ല. കംപ്യൂട്ടര്‍ ഗെയിമുകളായിരുന്നു ടെറന്റിന്റെ പ്രധാന വിനോദം. വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്റെ മരണത്തിനു ശേഷമാണ് ബ്രന്റന്‍ യാത്രകള്‍ തുടങ്ങിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ന്യൂസിലന്‍ഡിലാണ് കഴിയുന്നത്. ഒരു വര്‍ഷം മുമ്പ് സഹോദരിയുടെ ജന്മദിനമാഘോഷിക്കാന്‍ ഓസ്‌ട്രേലിയയിലേക്ക് മടങ്ങി വന്നിരുന്നു. അപ്പോഴൊന്നും അദ്ദേഹത്തില്‍ മാറ്റം പ്രകടമായിരുന്നില്ലെന്ന് കുടുംബം പറയുന്നു.

ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തിനു പിന്നില്‍ ടറന്റായിരുന്നുവെന്ന് ടിവി വാര്‍്ത്തയിലൂടെയാണ് അറിയുന്നതെന്ന് ടറന്റിന്റെ അങ്കിള്‍ ടെറി ഫിറ്റ്‌സ്ജറള്‍ഡ് പറഞ്ഞു. ഇതു കേട്ടപ്പോള്‍ ഒരിക്കലും അവനല്ലെന്ന് കരുതിയതാണ്. എന്നാല്‍ ചി്ത്രങ്ങള്‍ കണ്ടതോടെ വ്യക്തമായി. ഇപ്പോള്‍ എല്ലാവരും തകര്‍ന്നിരിക്കുകയാണ്, മുത്തശ്ശി പറഞ്ഞു. 

ടറന്റിന്റെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ അമ്മയ്ക്കും സഹോദരിക്കും പോലീസ് കാവല്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാള്‍ കുടുംബാംഗങ്ങളെ പോലും അവരെ ബന്ധപ്പെടാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല.

Latest News