ന്യൂസിലന്‍ഡ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ഉള്‍പ്പെടെ 6 ഇന്ത്യക്കാര്‍

ക്രൈസ്റ്റ്ചര്‍ച്ച്- ന്യൂസിലന്‍ഡില്‍ വെള്ളിയാഴ്ച പള്ളിയില്‍ വലതുപക്ഷ തീവ്രവാദി നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 50 പേരില്‍ മലയാളി യുവതി ഉള്‍പ്പെടെ ആറു പേര്‍ ഇന്ത്യക്കാരെന്ന് സ്ഥിരീകരിച്ചു. കൊടുങ്ങല്ലൂര്‍ മാടവന പെന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യ ആന്‍സി അലിബാവ, അഹമദാബാദ് സ്വദേശി മെഹ്ബൂബ് ഖോക്കര്‍, റമീസ് വോറ, ആസിഫ് വോറ, ഉസൈര്‍ ഖാദിര്‍ എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരെന്ന് ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം അറിയിച്ചു. വെടിവയ്പ്പ് ആക്രമണത്തില്‍ കാണാതായ ഹൈദരാബാദ് സ്വദേശിയും ന്യൂസിലന്‍ഡില്‍ സ്ഥിരതാമസ പദവിയുമുള്ള ഫര്‍ഹജ് അഹ്‌സനും കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട മലയാളി യുവതി അന്‍സി (23) കാര്‍ഷിക സര്‍വകലാശാലയില്‍ എം.ടെക് വിദ്യാര്‍ത്ഥിനി ആയിരുന്നു. ന്യൂസിലന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് നാസറിനടുത്തേക്ക് ഒരു വര്‍ഷം മുമ്പാണ് പോയത്. ഭീകരാക്രമണ സമയത്ത് ഭര്‍ത്താവും അന്‍സിക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയായ അന്‍സി ഉല്‍പ്പെട്ടത് ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. അവരുടെ കുടുംബത്തിനൊപ്പം ഉണ്ടെന്നും നോര്‍ക്ക റൂട്ട്‌സ് വഴി എംബസിയുമായി ബന്ധപ്പെട്ട വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മുഖ്യ മന്ത്രി അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ സഹായത്തിനായി ന്യൂസിലന്‍ഡ് സര്‍ക്കാര്‍ പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ ഹൈക്കമ്മീഷന്‍ മുഴുസമയ ഹെല്‍പ് ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തെ തുടര്‍ന്ന് രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ഒമ്പതു പേരെ കാണാതായെന്ന് പ്രാഥമിക റിപോർട്ടുകളുണ്ടായിരുന്നു. ഇവരില്‍ ഒരാളായ ഇന്ത്യന്‍ വംശജന്‍ ഫര്‍ഹാജ് അഹ്‌സന്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ചത്. ന്യൂസിലന്‍ഡില്‍ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരുമായി രണ്ടു ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 30,000ഓളം പേര്‍ വിദ്യാര്‍ത്ഥികളാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ കണക്കുകള്‍ പറയുന്നു. 

Latest News