ഗോവ മുഖ്യമന്ത്രി പരീക്കറുടെ ആരോഗ്യനില വഷളായി; പകരക്കാരനെ കണ്ടെത്താന്‍ നീക്കമാരംഭിച്ചു

പനജി- ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യ നില വഷളായതായി ബിജെപി നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ മക്കായെല്‍ ലോബോ പറഞ്ഞു. ബിജെപി സര്‍ക്കാരിനെ പകരം നയിക്കാന്‍ മറ്റൊരാളെ കണ്ടെത്താനുള്ള നീക്കമാരംഭിച്ചു. ഉന്നത നേതാക്കള്‍ യോഗം ചേരുകയാണ്. നിയമസഭാംഗങ്ങളില്‍ നിന്നൊരാളെ ആയിരിക്കും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുക. ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ പരീക്കറെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നതായും ലോബോ പറഞ്ഞു. ബിജെപി സഖ്യകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എന്നിവരുമായും ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. നിലവിലെ എംഎല്‍എമാരില്‍ നിന്നൊരാളെ തെരഞ്ഞെടുക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും ലോബോ വ്യക്തമാക്കി. ഇക്കാര്യം സഖ്യ കക്ഷികളെ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരീക്കര്‍ ഇനി ആരോഗ്യനില വീണ്ടെടുക്കില്ലെന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചതായും ലോബോ ശനിയാഴ്ച പറഞ്ഞിരുന്നു. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധയുടെ ഏറ്റവും ഗുരുതരമായ ഘട്ടത്തിലുല്ല പരീക്കര്‍ ജീവിച്ചിരിക്കുന്നിടത്തോളം ഗോവയിലെ ഭരണ നേതൃത്വത്തിന് മാറ്റമുണ്ടാകില്ലെന്നും ലോബോ പറഞ്ഞിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതോടെ പുതിയ ആളെ കണ്ടെത്താനുള്ള നീക്കങ്ങളിലേക്ക് ബിജെപി കടന്നിരിക്കുകയാണ്.

പരീക്കറുടെ നില വഷളായതിനു തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം ഗോവയിലെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടണണെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു. ബിജെപിയുടെ അംഗ സംഖ്യ ഇനിയും കുറയാന്‍ സാധ്യത ഏറെയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
 

Latest News